ബംബര്‍ ലോട്ടറികള്‍ അവസാനിക്കുന്നില്ല; ഇനി സമ്മര്‍ ബംബറിന്റെ കാലം, സമ്മാനത്തുക കേട്ട് ഞെട്ടരുത്
തിരുവനന്തപുരം: ഈ വര്‍ഷത്തെ സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ക്രിസ്തുമസ് - പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുപ്പിനിടെയാണ് മന്ത്രി പുതിയ ബംബറിന്റെ പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.

ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്കും ലഭിക്കും. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 മാര്‍ച്ച് 23ന്.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിവസേന എടുക്കുന്ന നറുക്കെടുപ്പുകള്‍ക്ക് പുറമെ ബംബര്‍ ടിക്കറ്റുകളും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറങ്ങുന്നുണ്ട്. ഒണം, വിഷു, പൂജ, ക്രിസ്തുമസ് എന്നിവയോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് ബംബര്‍ നറുക്കെടുപ്പുകള്‍ നടക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനവും കേരളമാണ്. പി കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യമായി വില്‍പ്പന ആരംഭിച്ചത് 1967 നവംബര്‍ 1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്. മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളില്‍ ആയിരുന്നു ആദ്യം ഭാഗ്യകുറികള്‍ അന്ന് വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് മറ്റ് പേരുകളിലാണ് ഭാഗ്യക്കുറി വില്‍പ്പന നടത്തുന്നത്.

അതേസമയം, സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് ന്യൂഇയര്‍ ബമ്പര്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പും ഇന്ന് ധനമന്ത്രി നിര്‍വഹിച്ചു. XD 236433 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് ന്യൂഇയര്‍ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്.

400 രൂപയാണു ടിക്കറ്റ് വില. ഒന്നാം സമ്മാനം 16 കോടി രൂപയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്കുമാണു ലഭിക്കുക. 10 പരമ്പരകളാണു ഭാഗ്യക്കുറിക്കുള്ളത്. മുന്‍ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ബമ്പറില്‍ ആറു പരമ്പരകളാണുണ്ടായിരുന്നത്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയായും ഇക്കുറി വര്‍ധിപ്പിച്ചിരുന്നു.

ഇത്തവണത്തെ ക്രിസ്തുമസ് ബംബറിന്റെ നികുതിയും ഏജന്റ് കമ്മിഷനും കഴിച്ച് 10.8 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. 1.60 കോടി രൂപയാണ് ഏജന്റ് കമ്മിഷനായി ലഭിക്കുക. ലോട്ടറി ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു തിരുവോണം ബംബറിന്റേത്. 25 കോടിയായിരുന്നു ഒന്നാം സമ്മാനം. തിരുവനന്തപുരം ശ്രിവരാഹം സ്വദേശിയായ അനൂപ് ആയിരുന്നു വിജയി.

കോട്ടയം സ്വദേശിയായ സദാനന്ദന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ബംബര്‍ ഭാഗ്യശാലി. അമ്പത് വര്‍ഷത്തോളം പെയിന്റിംഗ് ജോലി ചെയ്തിരുന്ന സദാന്ദനെ സംബന്ധിച്ച് ക്രിസ്തമസ് ബംബര്‍ അടിച്ചത് വലിയ ആശ്വാസമായിരുന്നു. ഇത്തവണത്തെ ബംബര്‍ ഫലം പുറത്തുവന്നെങ്കിലും ആരാണ് വിജയി എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ തവണ നടന പൂജ ബംബര്‍ വിജയി ആരാണെന്ന കാര്യത്തില്‍ ഇതുവരെ ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications