'തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗർഭാഗ്യകരമായ സംഭവം': സുപ്രീംകോടതി
ന്യൂഡൽഹി: തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗർഭാഗ്യകരമായ സംഭവമെന്ന് സുപ്രീംകോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ഹർജി പരിഗണിക്കുന്നത് കോടതി ജൂലായ് 12ലേക്ക് മാറ്റി. കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
ജൂലായ് ഏഴിനകം മറുപടി നൽകാൻ ആണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി പരാമർശം നടത്തിയത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയ്ക്ക് വേണ്ടി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ ആയിരുന്നു സുപ്രിംകോടതിയിൽ എത്തിയത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയം ആണെന്ന് അദ്ദേഹം പറഞ്ഞു. തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യവും അദ്ദേഹം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ അടിയന്തര നടപടി കോടതിയിൽ നിന്ന് ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നു.. ഇതിന് പിന്നാലെയാണ് തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
തെരുവ് നായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയ്ക്ക് ഒപ്പം ദ്യശ്യങ്ങളും സമർപ്പിച്ചിരുന്നു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കണ്ണൂർ ജില്ലയിൽ തെരുവുനായകളുടെ അക്രമം വർദ്ധിക്കുകയാണെന്ന് അപേക്ഷയിൽ പറയുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം കൂടിവരികയാണ്. കണ്ണൂർ മുഴിപ്പിലങ്ങാട് തെരുവ് നായ ആക്രമണത്തിൽ 3ാം ക്ലാസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. ഇതേ പഞ്ചായത്തിലാണ് 11 കാരൻ തെരുവുനായയുടെ ആക്രമണത്തിൽ മരണപ്പെട്ടത്.












Click it and Unblock the Notifications