എംപിയല്ലെങ്കിലും ആള്‍ക്കാർ എന്നെ വിട്ടില്ലെന്ന് സുരേഷ് ഗോപി; പക്ഷെ അത്തരമൊരു രാഷ്ട്രീയക്കാരനാവില്ല
തിരുവനന്തപുരം: കാലാവധി തീരുന്ന മുറയ്ക്ക് സുരേഷ് ഗോപിക്ക് വീണ്ടും രാജ്യസഭയിലേക്ക് അവസരം നല്‍കിയേക്കുമെന്ന വാർത്തകളുണ്ടായിരുന്നെങ്കിലും ബി ജെ പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ല. എംപി എന്ന രീതിയിലുള്ള ചുമതലയും തിരക്കും ഒഴിഞ്ഞതോടെ സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ സുരേഷ് ഗോപിയിപ്പോള്‍.
പാപ്പന്‍, ഒറ്റക്കൊമ്പന്‍ തുടങ്ങിയ നിരവധി സിനിമകളാണ് താരത്തിന്റേതായി ഇനി പുറത്ത് വരാനുണ്ട്. സിനിമ ചെയ്യാന്‍ തന്നെയാണ് തീരുമാനം. പാർട്ടി എന്നെ ഒന്നും എല്‍പ്പിക്കില്ല, എന്നോട് ഒന്നും ആവശ്യപ്പെടുകയുമില്ലെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.

എനിക്ക് വ്യക്തമായ ഇഷ്ടവും എന്റെ രാഷ്ട്ര പ്രവർത്തനം അടിയറവ് വെക്കുന്ന ഇഷ്ടെപ്പെട്ട എട്ടോ പത്തോ നേതാക്കന്‍മാർ ഉണ്ട്. അവർ ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ ഞാന്‍ എപ്പോഴും സന്നദ്ധനാണ്. അക്കാര്യത്തില്‍ മാറ്റമില്ല. പക്ഷെ അത് നാഷന്‍ ബില്‍ഡിങ്ങിന് വേണ്ടി തന്നെയാവും. രാഷ്ട്രീയത്തിന് വേണ്ടിയായിരിക്കില്ലെന്നും സുരേഷ് ഗോപി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ

എംപിയെന്ന നിലയിലെ കാലാവധി കഴിഞ്ഞെങ്കിലും ആള്‍ക്കാർ എന്നെ വിട്ടിട്ടില്ല. ആ മന്ത്രിക്ക് അയക്കണം, ഈ മന്ത്രിക്ക് അയക്കണം എന്നും പറഞ്ഞ് നിരവധി ആളുകള്‍ നിവേദനവുമായി വരുന്നുണ്ട്. എനിക്കിപ്പം ഔദ്യോഗിക ലെറ്റർ ഹെഡ്, ഇ-മെയില്‍ ഐഡി, ഹോട്ട് ലൈന്‍ നമ്പർ ഒന്നുമില്ല. ഇതൊന്നും ഇല്ലാതെ എനിക്ക് അവിടെ കടന്ന് ചെല്ലാന്‍ സാധിക്കില്ല. അതിനൊക്കെ ചുമതലയുള്ള വേറെ അനേകം പേരുണ്ട്. അവര് വഴി തന്നെ സാധ്യമാക്കണമെന്ന് ഞാന്‍ അവരോട് തൊഴുത് പിടിച്ച് പറയും.

എനിക്ക് ഒന്നും സാധിക്കില്ല. എന്നാലും കടിച്ച് തൂങ്ങി ഇവിടുന്ന് ടിക്കറ്റ് എടുത്ത് അവരെ പോയി കണ്ട് കാര്യ സാധിക്കുന്ന രീതി എന്നില്‍ പ്രതീക്ഷിക്കരുത്. എനിക്ക് അവിടെ പ്രവേശിക്കാനുള്ള ഒരു എന്‍ട്രി ടിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ കടന്ന് ചെല്ലൂ. അല്ലാത്ത തരത്തിലുള്ള ഒരു രാഷ്ട്രീയക്കാരനായി ഞാന്‍ ഒരിക്കലും മാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ ബി ജെ പി വിടുന്നുവെന്ന വാർത്തകള്‍ തള്ളി സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. ബി ജെ പി വിട്ടുപോകുമെന്നത് അഭ്യൂഹം മാത്രമാണ്. ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നുവെന്ന്. ബി ജെ പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം, ഏഷ്യാനെറ്റ് അഭിമുഖത്തില്‍ പാപ്പന്‍ സിനിമയെ കുറിച്ചും അദ്ദേഹം തുറന്ന് പറയുന്നു. പാപ്പന്‍ എന്ന സിനിമ സംഭവിക്കണം എന്ന് വിചാരിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ഭാഗമായി മാറുകയായിരുന്നു. ഞാന്‍ ഉണ്ടാകണമെന്ന് തീരുമാനിച്ച് കഴിഞ്ഞപ്പോള്‍ സംവിധായകന്റെ ആവശ്യം മകന്‍ ഗോകുല്‍ കൂടി ഉണ്ടാവണമെന്നായിരുന്നു. അത് സിനിമയ്ക്കും അവനും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അവരാണ് മകനോട് സംസാരിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

ജോഷി ചിത്രത്തില്‍ സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ വരുന്നുവെന്ന ഒരു കാഴ്ചപ്പാട് പാടില്ല. യുണിഫോമില്‍ ഉണ്ടായിരുന്ന സത്യസന്ധനായ, വളരെ കൃത്യതയുള്ള ഒരു പൊലീസ് ഓഫീസറായിരുന്നു. സിനിമയില്‍ ഫ്ലാഷ് ബാക്കില്‍ മാത്രമേ യൂണിഫോം ഉള്ളു. അല്ലാതെ മുഴുവന്‍ സമയം യൂണിഫോമിട്ട് കസറുന്ന പൊലീസുകാരനല്ല അദ്ദേഹം. പക്ഷെ പടത്തിലുടനീളം അദ്ദേഹം പൊലീസിന്റെ ജോലി ചെയ്യുന്നുണ്ട്. പൊലീസിന്റെ ജോലി മാത്രമാണോ ചെയ്യുന്നതെന്ന് പിന്നീട് മനസ്സിലാക്കും. ശരിക്കും ഒരു ത്രില്ലറാണ്. അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ജീവിതത്തിലേക്കും ചൂണ്ട് വിരല്‍ വരുന്ന അന്വേഷണ പരമ്പരയാണെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications