കോണ്‍ഗ്രസിന് ഇത്തവണയും രക്ഷയില്ലേ: സർവേകള്‍ ബിജെപിക്ക് അനുകൂലം, എംഎല്‍എമാർക്കും മികച്ച മാർക്ക്
ബെംഗളൂരു: 2023 ല്‍ നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബി ജെ പി സംസ്ഥാന ഘടകം, വിജയിക്കാവുന്ന സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാരിന്റെയും എംഎൽഎമാരുടെയും പ്രകടനം വിലയിരുത്തുകയെന്ന പ്രവർത്തനത്തിലേക്കാണ് ബി ജെ പി ആദ്യഘട്ടത്തില്‍ കടന്നിരിക്കുന്നത്. ഇതിന് വേണ്ടി പാർട്ടി പ്രത്യേക സർവേ ഏജന്‍സികളെ നിയോഗിക്കുകയും ഇവർ ശേഖരിച്ച റിപ്പോർട്ട് പുറത്ത് വരികയും ചെയ്തിട്ടുണ്ട്.
സർക്കാറിനോട് പൊതുവെ അനുകൂലമായ മനോഭാവമാണ് ജനങ്ങള്‍ക്ക് ഉള്ളതെന്നും സിറ്റിങ് എം എല്‍ എമാരില്‍ ഭൂരിപക്ഷം പേരേയും വീണ്ടും മത്സരിപ്പിക്കാമെന്നുമാണ് സർവ്വേ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.

2018ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 105 സീറ്റുകള്‍ നേടി ബി ജെ പി ഏറ്റവും വലിയ കക്ഷിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും ചേർന്ന് സർക്കാർ രൂപീകരിച്ചു. പിന്നീട് കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നുമുള്ള കൂറുമാറ്റത്തെ തുടർന്ന് 224 അംഗ സഭയിലെ അംഗബലം 120 ആയി വർധിപ്പിച്ച് ബി ജെ പി അധികാരത്തിലെത്തുകയായിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും പാർട്ടി മാറിയെത്തിയവരില്‍ ഭൂരിഭാഗവും ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു. ഇവരടക്കമുള്ള ചിലരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന ആവശ്യം ബി ജെ പിയില്‍ ശക്തമാണെങ്കില്‍ സർവ്വേ ഫലം സിറ്റിങ് എം എല്‍ എമാർക്ക് ആശ്വാസം നല്‍കുന്നതാണ്. എങ്കിലും മികച്ച പ്രവർത്തനവും വിജയ സാധ്യതയും തന്നെയായിരിക്കും മാനദണ്ഡമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പിന് അടുപ്പിച്ച് ബി ജെ പി മറ്റൊരു റൗണ്ട് പരിശോധനന നടത്തുമെങ്കിലും, മിക്കവാറും എല്ലാ സിറ്റിംഗ് എം എൽ എമാർക്കും ടിക്കറ്റ് ലഭിച്ചേക്കുമെന്നാണ് മുതിർന്ന ഭാരവാഹികൾ വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ പ്രാദേശിക ഘടകത്തിന്റെ തീർമാനമാവും നിർണ്ണായകമായി മാറും.

"ഇപ്പോഴത്തെ നിലയിൽ, നിലവിലെ എംഎൽഎമാരോട് ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് ശേഷം ശേഷം അവരുടെ മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്," ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രവികുമാർ പറഞ്ഞു. 50 ഓളം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ മുന്നിലെത്തിയതായും അവർക്ക് മത്സരിക്കാൻ അവസരം ലഭിച്ചേക്കുമെന്നും പ്രവർത്തകർ പറയുന്നു. ബാക്കിയുള്ള മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ പരീക്ഷിച്ചേക്കും

"ഞങ്ങൾ എല്ലാ സാധ്യതകളും പഠിക്കുകയും സാധ്യതയുള്ള എല്ലാ സ്ഥാനാർത്ഥികളുടെയും ഗുണദോഷങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു," കർണാടകയുടെ ബിജെപി ദേശീയ സെക്രട്ടറി കോ-ഇൻചാർജ് ഡികെ അരുണ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പെന്നും വീണ്ടും ബി ജെ പി സർക്കാർ അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ഒരും സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി എവിടെ നിൽക്കുന്നുവെന്നറിയാൻ നടത്തിയ ഒരു ഡിപ്സ്റ്റിക് സർവേയ്ക്ക് പുറമെ വിജയസാധ്യത വിലയിരുത്താൻ ബിജെപി ഇതിനകം നാല് സർവേകൾ നടത്തിയിട്ടുണ്ട്, . സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് വരെ ഈ പഠനം തുടരുമെന്ന് നേതാക്കള്‍ പറയുന്നു. എല്ലാ മണ്ഡലങ്ങളിലും രണ്ട് മാസം കൂടുമ്പോൾ സർവേ നടത്താനാണ് പാർട്ടി ആലോചിക്കുന്നത്. എല്ലാ സർവേകളിലും ബി ജെപി വിജയിക്കമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications