കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരൻ എത്തുമ്പോൾ കോൺഗ്രസിൽ ഇനി എന്ത്? എളുപ്പമല്ല..മുന്നിലുള്ള വെല്ലുവിളികൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കെ സുധാകരനെ പുതിയ കെപിസിസി അധ്യക്ഷനായി ഹൈക്കമാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. തലമുറമാറ്റം വേണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നുവെങ്കിലും നിലവിലെ പ്രതിസന്ധിയിൽ നിന്നും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്തണമെങ്കിൽ സുധാകരനെ പോലൊരു നേതാവ് വരണമെന്ന നിലപാടിലായിരുന്നു ഹൈക്കമാന്റ്. കപ്പിനും ചുണ്ടിനുമിടയിൽ പലവട്ടം നഷ്ടപ്പെട്ട് പോയ പദവിയാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്നതെങ്കിലും കെപിസിസി അധ്യക്ഷനാകുമ്പോൾ സുധാകരനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

 സുധാകരന്റെ വരവ്

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ അമരത്തേക്ക് കെ സുധാകരൻ വേണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കളും അണികളും ഉയർത്തിയിരുന്നു. എന്നാൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി ഒഴിയാൻ തയ്യാറാകാതിരുന്നതോടെ ആ ചർച്ചകൾ അവിടെ അവസാനിച്ചു.അതേസമയം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടതോടെ വീണ്ടും സുധാകരന് വേണ്ടി നേതാക്കളും അണികളും മുറവിളികൂട്ടി.

ആശങ്കയോടെ നേതാക്കൾ

സുധാകരനെ പോലൊരു ശക്തനായ നേതാവ് എത്തിയെങ്കിൽ മാത്രമേ ഇപ്പോഴത്തെ തിരിച്ചടിയിൽ നിന്ന് കരകയറാൻ സാധിക്കുകയുള്ളൂവെന്നായിരുന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്.എന്നാൽ സുധാകരനെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ഗ്രൂപ്പ് നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു. പ്രത്യേകിച്ച് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും. സുധാകരൻ എത്തിയാൽ തങ്ങൾ പാർട്ടിയിൽ ഒതുക്കപ്പെടുമോയെന്ന ആശങ്കയായിരുന്നു ഇതിന് പിന്നിൽ.

 മുന്നറിയിപ്പ്

പിന്നാലെ നേതാക്കൾ സംയോജിച്ച് സുധാകരനെതിരെ ഹൈക്കമാന്റിനെ പരാതി അറിയിക്കുകയും ചെയ്തു. തീവ്രനിലപാടുകൾ പ്രകടിപ്പിക്കുന്ന സുധാകരൻ പാർട്ടി അധ്യക്ഷനാകുന്നത് തിരിച്ചടിയാകുമെന്നായിരുന്നു നേതാക്കൾ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല കണ്ണൂരിൽ പോലും പാർട്ടിയെ വളർത്താൻ സാധിക്കാതിരുന്ന സുധാകരൻ എങ്ങനെ സംസ്ഥാനത്ത് പാർട്ടിയെ വളർത്തുമെന്നും നേതാക്കൾ ചോദ്യം ഉയർത്തി.

ഗ്രൂപ്പ് അതീതമായി

ഗ്രൂപ്പ് നേതാക്കൾ ഇടഞ്ഞതോടെ ഹൈക്കമാന്റും തുടക്കത്തിൽ കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു. കേരളത്തിൽ ഗ്രൂപ്പുകളെ തള്ളിക്കൊണ്ടുള്ള പരീക്ഷണങ്ങൾ എത്രത്തോളം വിജയിക്കുമെന്നതായിരുന്നു നേതൃത്വത്തിന്റെ ചിന്ത. അതേസമയം അവസാന ഘട്ട ചർച്ചകളിലേക്ക് കടന്നതോടെ ഗ്രൂപ്പുകളെ തിരസ്കരിക്കുകയെന്ന നിലപാടിലേക്ക് ഹൈക്കമാന്റ് എത്തുകയായിരുന്നു. പടുകുഴിയിൽ വീണ കോൺഗ്രസിനെ രക്ഷിക്കണമെങ്കിൽ ഗ്രൂപ്പ് അതീതനായ നേതാവ് തന്നെ വേണമെന്ന തിരുമാനത്തിൽ ഹൈക്കമാന്റ് ഉറച്ച് നിന്നു.

 ഗ്രൂപ്പ് തർക്കം

തിരഞ്ഞെടുപ്പൊന്നും അടുത്ത് നേരിടാൻ ഇല്ലാത്ത സാഹചര്യത്തിൽ ഗ്രൂപ്പിസം ഇല്ലാതാക്കാൻ ഇതൊരു അവസരമായിട്ടാണ് ഹൈക്കമാന്റ് കണക്ക് കൂട്ടിയത്. അതേസമയം ഗ്രൂപ്പുകളെ തള്ളിക്കൊണ്ടു്ള ഈ നീക്കം തന്നെയാകും സുധാകരൻ നേരിടാൻ ഇരിക്കുന്ന പ്രധാന വെല്ലുവിളി. ഹൈക്കമാന്റ് ആരെ പ്രഖ്യാപിച്ചാലും തിരുമാനം അംഗീകരിക്കുമെന്ന് ചെന്നിത്തലയും ഉമ്മൻചാണ്ടിയും വ്യക്തമാക്കിയെങ്കിലും അത് അങ്ങനെയായിരിക്കില്ലെന്ന് ഏറെ കുറെ വ്യക്തമാണ്.

നിസഹകരണം തുടരുമെന്ന്

തിരുമാനത്തിന്റെ പേരിൽ ഉടൻ പാർട്ടിയിൽ പൊട്ടിത്തെറികൾ ഉണ്ടാകാം. നേരത്തേ പ്രതിപക്ഷ നേതാവിനെ തിരുമാനിച്ചതും ഗ്രൂപ്പ് നേതാക്കളെ തള്ളിക്കൊണ്ടായിരുന്നു. ഇതിനെതിരെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പരസ്യമായി തന്നെ ഹൈക്കമാന്റിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇരുവരും നിസഹകരണം തുടരുമെന്ന് തന്നെയാണ് ഹൈക്കമാന്റ് കണക്കാക്കുന്നത്. ഈ എതിർപ്പുകൾ സമയമെടുത്ത് പരിഹരിക്കാനാണ് ഹൈക്കമാന്റ് തിരുമാനം.

താഴെ തട്ടിൽ

ബൂത്ത് തലം മുതൽ തകർന്ന് കിടക്കുകയാണ് കോൺഗ്രസ്. അതിനെ രക്ഷിക്കണമെങ്കിൽ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് മാത്രം കാര്യമില്ല. ഗ്രൂപ്പ് നേതാക്കളുടെ ഏകോപനം ഇല്ലാത്ത താഴെ തട്ട് ചലിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കും.അതിനെ സുധാകരൻ എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

 തീവ്ര നിലപാടുകൾ

മറ്റൊരു വെല്ലുവിളി സുധാകരന്റെ തീവ്രനിലപാടുകൾ തന്നെ. മുന്നും പിന്നും നോക്കാതെ തുറന്നടിക്കുന്ന, പ്രസംഗത്തിൽ എതിരാളികൾക്കെതിരെ കത്തികയറുന്ന, പ്രത്യേകിച്ച് സിപിഎമ്മിനെതിരെ നടത്തുന്ന പ്രസ്താവനകളിൽ സുധാകരൻ മിതത്വം പുലർത്തേണ്ടി വരും.
നേരത്തേ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ സുധാകരൻ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ അച്ഛന്റെ തൊഴിലിനെ ചേർത്ത് സുധാകരൻ നടത്തിയ പ്രതികരണം പ്രത്യേക വിഭാഗത്തെ അകറ്റാൻ കാരണമായെന്ന വിമർശനം പാർട്ടിയിൽ തന്നെ ഉയർന്നിരുന്നു.

സഹിഷ്ണുത

അതുകൊണ്ട് തന്നെ മുന്നോട്ടുള്ള നാളുകളിൽ സഹിഷ്ണുത ആർജിക്കുകയെന്നത് പ്രധാനമാണ്. അധ്യക്ഷൻ എന്ന നിലയിൽ പക്വത പുലർത്താൻ സുധാകരന് കഴിഞ്ഞില്ലേങ്കിൽ അത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കും. കടുത്ത സിപിഎം വിരുദ്ധതയാണ് കെ സുധാകരൻറെ മുഖ മുദ്ര. കണ്ണൂരിലും ഒരുപടി കടന്ന് മലബാറിലും ഈ സിപിഎം വിരുദ്ധത കെ സുധാകരനെ തുണയ്ക്കുമെങ്കിലും സംസ്ഥാന തലത്തിൽ ഇതെത്രത്തോളം ഫലം കാണുമെന്നത് ചോദ്യമാണ്.

കരുതലോടെ

ഇനിയൊരു തിരിച്ചുവരവ് എന്നത് സിപിഎം വിരുദ്ധത കൊണ്ട് മാത്രം സാധ്യമാകില്ലെന്ന തിരിച്ചറിവിൽ പുതിയ തന്ത്രങ്ങൾ പയറ്റാൻ സുധാകരന് സാധിച്ചില്ലേങ്കിൽ കൂടുതൽ തിരിച്ചടികൾ പാർട്ടി നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും കരുതലോടെ തന്നെയാകും സുധാകരന്റെ മുന്നോട്ടുള്ള നീക്കങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കെ. സുധാകരൻ | Oneindia Malayalam

English summary
these are the challenges k sudhakaran may face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X