'തൃക്കാക്കരയിൽ ബിജെപിയുടെ വോട്ട് ഉയരും;പോളിംഗ് കുറയാൻ കാരണം ഇരുമുന്നണികളോടുമുള്ള താത്പര്യകുറവ്';കെ സുരേന്ദ്രൻ
തിരുവനന്തപുരം; തൃക്കാക്കരയിൽ ബി ജെ പിയുടെ വോട്ടിംഗ് ശതമാനം ഉയരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോളിംഗ് കുറയാൻ കാരണം ഇരുമുന്നണികളോടുമുള്ള ജനങ്ങളുടെ താത്പര്യ കുറവാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മണ്ഡലത്തിൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ വോട്ട് ഇത്തവണ ബി ജെ പിക്ക് ലഭിക്കും. തൃക്കാക്കരയിൽ പോളിംഗ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരുമുന്നണികളോടുമുള്ള താത്പര്യകുറവാണ് പോളിംഗിൽ പ്രതിഫലിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളവോട്ട് ആരോപണത്തിൽ സുരേന്ദ്രൻ സി പി എമ്മിനെ പരിഹിച്ചു. ശരിയായ വോട്ടുചെയ്യാന്‍ ആളില്ലാത്തതുകൊണ്ടാണ് കള്ളവോട്ട് ചെയ്യേണ്ടി വന്നത്. മൊതലക്കുഞ്ഞിനെ ആരും നീന്തന്‍ പഠിപ്പിക്കണ്ട എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

കേന്ദ്ര സര്‍ക്കാരിനോട് നിക്ഷേധാത്മക നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണെന്ന് സുരേന്ദ്രൻ പറഞ്ഞു. 5,600 കോടി രൂപയാണ് ഇന്നലെ ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത്. റവന്യു ഡെഫിസന്റ് ഗ്രാൻഡായി എല്ലാ വർഷവും കേരളത്തിന് 3,000 കോടി കേന്ദ്രം അനുവദിക്കുന്നുണ്ട്. നികുതി പിരിവിന്റെ 42 ശതമാനം സംസ്ഥാനത്തിന് നൽകുന്ന കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്.
1.22 കോടി പേർക്ക് പിഎംഎവൈ പ്രകാരം നഗരങ്ങളിൽ വീട് നൽകിയ കേന്ദ്രസർക്കാർ 2.3 ലക്ഷം വീടുകൾ ഗ്രാമങ്ങളിൽ നിർമ്മിച്ചു നൽകി. 2.35 കോടി ശൗചാലയങ്ങൾ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് നിർമ്മിച്ചു. 6.5 കോടി വീടുകളിൽ ജൽജീവൻ മിഷൻ പ്രകാരം കുടിവെള്ളം എത്തിക്കാൻ സാധിച്ചു. 3.2 കോടി ആളുകൾക്ക് അഞ്ച് ലക്ഷം രൂപ പരിരക്ഷയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിലൂടെ സഹായം അനുവദിച്ചു. 18 കോടി ആയുഷ്മാൻ കാർഡുകളാണ് കേന്ദ്രസർക്കാർ വിതരണം ചെയ്തത്. 190 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ നരേന്ദ്രമോദിക്ക് സാധിച്ചത് ലോകം അത്ഭുതത്തോടെയാണ് കണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ലോകത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ചയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നാണ് എല്ലാ റിപ്പോർട്ടുകളും പറയുന്നത്. ഈ വർഷത്തെ ജിഡിപി 8.47 ആയി ഉയർന്നത് ഇതിന്റെ ഉദ്ദാഹരണമാണ്. കഠിന പ്രയത്നത്തിലൂടെയാണ് മോദി എട്ട് വർഷം കൊണ്ട് ലോകത്തിലെ വൻ ശക്തിയാക്കി രാജ്യത്തെ മാറ്റിയത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രതലവനായി ഇന്ത്യൻ പ്രധാനമന്ത്രി മാറി. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് രണ്ട് വർഷമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുന്ന സർക്കാരാണ് ഡൽഹിയിലുള്ളത്.
അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ
11.32 കോടി കർഷകർക്ക് പ്രധാനമന്ത്രി സമ്മാൻ നിധി നൽകി വരുന്നു. ഫസൽ ഭീമായോജനയിലൂടെ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നു. 3.54 കോടി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചു. കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിച്ചു. ഉജ്ജ്വല യോജ പദ്ധതിയിൽ 9 കോടി പാചകവാത സിലിണ്ടർ പുതുതായി നൽകി സ്ത്രീകളുടെ സ്വപ്നം പൂവണിയിച്ചു. സ്റ്റാർട്ട്അപ്പ് ലോണുകളിൽ 80 ശതമാനം സ്ത്രീകൾക്ക് നൽകാൻ തീരുമാനിച്ചു. ഉന്നത പഠനത്തിനും തൊഴിൽ നേടാനും വിവാഹത്തിനും സ്ത്രീകൾക്ക് സഹായം. പ്രസവാവധി ശമ്പള സഹിതം 26 ആഴ്ചകളായി മോദി വർദ്ധിപ്പിച്ചു. ആദ്യത്തെ പ്രസവത്തിന് 5000 രൂപ നൽകുന്നു.
ദേശീയപാത വികസനം ഒരു ദിവസം 12 കിലോമീറ്ററായിരുന്നു 2014ന് മുമ്പ് എങ്കിൽ ഇപ്പോൾ 37 കിലോമീറ്ററായി വർദ്ധിപ്പിച്ചു. 80 പുതിയ വിമാനത്താവളങ്ങൾ വന്നു. അടിസ്ഥാന വികസന രംഗത്ത് രാജ്യം വലിയ പുരോഗതി ആർജ്ജിച്ചു.
സ്ത്രീകൾ, കുട്ടികൾ, പട്ടികജാതിക്കാർ എന്നിവർക്ക് പ്രത്യേക കരുതൽ നൽകി മോദി മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെ ജനക്ഷേമനയങ്ങൾ എല്ലാവരിലും എത്തിക്കാൻ വിപുലമായ പരിപാടികളാണ് ബിജെപി നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications