പൂരം വെടിക്കെട്ട്: കേന്ദ്ര നിയമം അംഗീകരിക്കില്ല, പൂരത്തിന്റെ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി
തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ പൂരം വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിനെതിരെ റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം തൃശൂര്‍ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയാണ്. പൂര്‍ണണായും ഇവ പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തേക്കിന്‍കാട് മൈതാനത്തെന്നല്ല, സ്വരാജ് റൗണ്ടിലെവിടെയും വെടിക്കെട്ട് നടത്താന്‍ കഴിയാത്ത വിധം അശാസ്ത്രീയമായ നിര്‍ദേശമാണ് വിജ്ഞാപനത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ മനോഹാരിത നശിപ്പിക്കുന്നതാണ് കേന്ദ്ര നിയമഭേദഗതി. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഉത്തരവുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂര പ്രേമികളോടും കേരളത്തിനോടും ഉള്ളത് വെല്ലുവിളിയാണ് കേന്ദ്ര നിയമം. 35 നിയന്ത്രണങ്ങളാണ് പ്രധാനമായുപം പറഞ്ഞിട്ടുള്ളത്. ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാനാകുന്നതാണ്. എന്നാല്‍ അഞ്ച് നിബന്ധനകള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് കരിമരുന്ന് പ്രയോഗം നടത്താനാവില്ല. വെടിക്കെട്ടുപുരയില്‍ നിന്ന് 200 മീറ്റര്‍ അകലെ വേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധന വന്നതോടെ തേക്കിന്‍കാട് മൈതാനിയില്‍ എന്നല്ല, തൃശൂര്‍ റൗണ്ടില്‍ പോലും വെടിക്കെട്ട് നടത്താനാവാത്ത സ്ഥിതിയാവുമെന്നും മന്ത്രി പറഞ്ഞു.
2008ലെ സ്‌ഫോടകസ്തു നിയമത്തില്‍ 45 മീറ്ററെന്ന നിബന്ധനയാണ് ഉള്ളത്. ഇത് പുന:സ്ഥാപിക്കണം. ഫയര്‍ലൈനിലെ ബാരിക്കേഡില്‍ നിന്ന് വീണ്ടും നൂറ് മീറ്റര്‍ അകലെയെ ജനങ്ങളെ നിര്‍ത്താവൂ എന്ന നിബന്ധന വന്നാല്‍ കാണിക്കള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ വരും.
വെടിക്കെട്ട് നടക്കുന്നിടത്ത് ഇരുമ്പ്, സ്റ്റീല്‍ വസ്തുക്കള്‍ പാടില്ലെന്ന നിബന്ധന അശാസ്ത്രീയമാണ്.വെടിക്കെട്ടിനുള്ള കുഴിയില്‍ സ്ഥാപിക്കുന്ന കുഴല്‍ ഇരുമ്പിന്റേതാണ്. ഇതൊഴിവാക്കി എങ്ങനെ വെടിക്കെട്ട് നടത്താനാവും. വെടിക്കെട്ടിന്റെ കാര്യത്തില്‍ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിലുള്ള ചര്‍ച്ച സംഘടിപ്പിച്ച കേന്ദ്ര മന്ത്രിയുടെ നിലപാട് പൊള്ളയായിരുന്നോ എന്ന കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മന്ത്രി രാജന്‍ പറഞ്ഞു.
താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലുള്ള അകലം നൂറ് മീറ്ററാക്കിയിരിക്കുകയാണ്. ഇത് 15 മീറ്ററാക്കി കുറയ്ക്കണം. ആശുപത്രി, സ്‌കൂള്‍ നഴ്‌സിംഗ് ഹോം എന്നിവയില്‍ നിന്ന് 250 മീറ്റര്‍ അകലെ ആയിരിക്കണം വെടിക്കെട്ടുകള്‍ നടത്തേണ്ടതെന്ന നിബന്ധനയും മാറ്റണം. ഇതില്‍ സ്‌കൂളുകള്‍ എന്നത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ എന്നാക്കണം. ആശുപത്രിയില്‍നിന്നും നഴ്‌സിംഗ് ഹോമില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന വെക്കണം. പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിക്കും, കേരളത്തില്‍ നിന്നുമുള്ള രണ്ട് എംപിമാര്‍ക്കും വിഷയത്തിന്റെ ഗൗരവം കാണിച്ച് കത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications