ഇരട്ടവോട്ട്: കണ്ണൂരിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ, നെടുങ്കണ്ടത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ 14 പേർ പിടിയിൽ
കണ്ണൂർ: കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടങ്ങളിലും ഇരട്ടവോട്ട് നടന്നതായി ആരോപണം. കണ്ണൂർ ജില്ലയിലെ താഴെ ചൊവ്വയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വലിയന്നൂർ സ്വദേശിയായ ശശീന്ദ്രനെയാണ് പൊലീസ് ഇതോടെ കസ്റ്റഡിയിലെടുത്തത്. ഇതിനെല്ലാം പുറമേ ഇടുക്കി നെടുങ്കണ്ടത്ത് 14 അംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരട്ട വോട്ട് സംശയിച്ചാണ് തമിഴ്‍നാട്ടിൽ നിന്നെത്തിയ സംഘത്തെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇരട്ടവോട്ട് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ പോലീസ് അതിർത്തികൾ അടച്ചിട്ടിരുന്നു.
ഇത്തവണയില്ലെങ്കില്‍ കളിമാറും: കേരളത്തിലെ കോണ്‍ഗ്രസിന് പ്രത്യേക നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്
കണ്ണൂരിൽ താഴെ ചൊവ്വ എൽപി സ്കൂളിലെ 73 ആം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നിട്ടുള്ളത്. പ്രിസൈഡിങ് ഓഫീസർ സംഭവത്തിൽ പരാതി നൽകിയതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് മുന്നണി സ്ഥാനാർഥി എം വി ഗോവിന്ദന്റെ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ ആൾ ഓടി രക്ഷപ്പെട്ടെന്നാണ് കെ സുധാകരന്റെ പ്രതികരണം.
നെടുങ്കണ്ടത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ 14 പേരെയാണ് ഇരട്ടവോട്ട് സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി പ്രവർത്തകർ പരാതി നൽകിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. എന്നാൽ തങ്ങൾ മരണാനന്തര ചടങ്ങിനെത്തിയതാണെന്നാണ് കസ്റ്റഡിയിലാവർ പോലീസിന് നൽകിയ വിശദീകരണം. സംഭവത്തിൽ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. ഇതിന് പുറമേ ഇടുക്കി കമ്പംമേട്ടിലും തമിഴ്‍നാട്ടിൽ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവർത്തകരെത്തി തടഞ്ഞിരുന്നു.
എറണാകുളം ജില്ലയിൽ വൈപ്പിനിൽ ദേവി വിലാസം സ്കൂളിലും ഇരട്ടവോട്ട് നടന്നിട്ടുണ്ട്. എഴുപത്തിയൊന്നാം നമ്പർ ബൂത്തിൽ വയോധിക വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അവരുടെ പേരിൽ പോസ്റ്റൽ വോട്ടിൽ നേരത്തെ തന്നെ വോട്ട് ചെയ്തിട്ടുള്ളത്. ഇതോടെ അവരെ വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നില്ല. എന്നാൽ താൻ പോസ്റ്റൽ വോട്ട് ചെയ്തില്ലെന്ന് വൃദ്ധയുടെ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും സമാന പരാതിയുണ്ട്.