വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ; ഒരാൾ കിടന്നത് സ്‌റ്റെപ്പിൽ, അന്വേഷണം ആരംഭിച്ചു
വടകര: കോഴിക്കോട് വടകരയിൽ നിർത്തിയിട്ട കാരവാനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്‌റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വിശ്രമിക്കാനായി നിർത്തിയിട്ടപ്പോൾ എസിയുടെ തകരാർ മൂലം വിഷവാതകം ശ്വസിച്ച് മരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊന്നാനിയിലെ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരണപ്പെട്ട മനോജ്. ഇതേ കമ്പനിയിലെ തന്നെ ജീവനക്കാരനാണ് ജോയല്‍. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. ഫ്രന്റ് ലൈൻ ഹോസ്‌പിറ്റാലിറ്റിയുടേതാണ് വാഹനമെന്നും നാസർ എന്നയാളുടെ പേരിലാണ് റജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്‌ച വിശ്രമിക്കാനായി റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാവാം മരണം സംഭവിച്ചതെന്ന് പോലീസ് കരുതുന്നു. രണ്ട് ദിവസത്തോളമായിട്ടും വാഹനം അവിടെ തന്നെ തുടരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഉടൻ തന്നെ വടകര പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയുമായിരുന്നു. വാഹന നമ്പർ KL 54 P 1068 എന്നതാണ്. ഇന്നലെ മുതൽ വാഹനം പ്രദേശത്ത് നിർത്തിയിട്ടത് ആളുകൾ ശ്രദ്ധിച്ചിരുന്നു. വാർത്തയറിഞ്ഞ് നിരവധി ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്. വാഹനം ലോക്കായതോടെ ഇരുവരും അതിൽ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് കരുതുന്നത്.












Click it and Unblock the Notifications