ബ്രിട്ടീഷ് പർലമെന്റിൽ എത്തുന്ന ആദ്യ മലയാളി; സോജൻ ജോസഫിന് ചരിത്രനേട്ടം, ജയിച്ചത് ആഷ്ഫോർഡ് മണ്ഡലത്തിൽ
ലണ്ടൻ: യുകെ പൊതുതിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് മലയാളിയായ സോജൻ ജോസഫ്. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുപ്പെടുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് സോജൻ. ലേബർ പാർട്ടിക്ക് വേണ്ടിയാണ് സോജൻ ജോസഫ് മത്സരിച്ചത്. ആഷ്‌ഫോഡ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. എതിർ സ്ഥാനാർഥിയായ കൺസർവേറ്റീവ് പാർട്ടിയുടെ ഡാമിയൻ ഗ്രീനിനെ 1779 വോട്ടുകൾക്കാണ് സോജൻ തോൽപിച്ചത്.
ആഷ്ഫോർഡ് മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അതിൽ സോജൻ ജോസഫിന് 32.5 ശതമാനം വോട്ട് ലഭിച്ചു. കാലങ്ങളായി കൺസർവേറ്റീവ് പാർട്ടി ആധിപത്യം പുലർത്തിയിരുന്ന മണ്ഡലമാണ് ആഷ്‌ഫോർഡ് എന്നാണ് കെന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് മലയാളിയായ സോജൻ ജോസഫിന്റെ ജയത്തിന് മാറ്റ് കൂട്ടുന്നു.

നിലവിൽ എയിൽസ്‌ഫോർഡിനെയും ഈസ്‌റ്റ് സ്‌റ്റോർ വാർഡിനെയും പ്രതിനിധീകരിക്കുന്ന ഒരു ബറോ കൗൺസിലറാണ് സോജൻ ജോസഫ്. കഴിഞ്ഞ 22 വർഷമായി നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്‌തു വരികയാണ് അദ്ദേഹം. നിലവിൽ നഴ്‌സിംഗ്, ഗുണനിലവാരം, രോഗികളുടെ സുരക്ഷ എന്നീ വിഭാഗങ്ങളുടെ തലവനായി ജോലി ചെയ്യുകയാണ് സോജൻ.
വില്യം ഹാർവി ഹോസ്‌പിറ്റൽ ആസ്ഥാനമായുള്ള അരുണ്ടേൽ യൂണിറ്റിൽ ജൂനിയർ നഴ്‌സായാണ് യുകെയിൽ അദ്ദേഹം തന്റെ ആതുരസേവനം ആരംഭിച്ചത്. നേരത്തെ ആഷ്‌ഫോർഡിലെ എംപി നമ്മുടെ സമൂഹത്തിന് വേണ്ടി നിലകൊള്ളണമെന്ന് വോട്ടർമാരോട് നടത്തിയ പ്രസ്‌താവനയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇവിടുത്തെ മലയാളി സമൂഹം സോജന്റെ ജയത്തോടെ പ്രതീക്ഷയോടെയാണ് കാണുന്നത്.
കോട്ടയം സ്വദേശിയാണ് സോജൻ ജോസഫ്. ഏറ്റുമാനൂരിന് അടുത്തുള്ള ഓണംതുരുത്തിലെ കുടുബ വീട്ടിൽ സോജന്റെ ജയം അറിഞ്ഞ നിമിഷം മുതൽ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അവിടെ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ നേരത്തെ ഒത്തുകൂടിയിരുന്നു. ഒടുവിൽ ഫലം വന്നതോടെ മധുര പലഹാരങ്ങളുടെ വിതരണവും ആരംഭിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി സോജൻ യുകെയിൽ എത്തിയിട്ട്. 2001ലായിരുന്നു അദ്ദേഹം തന്റെ കരിയർ തേടി യുകെയിലേക്ക് പറന്നത്. ഭാര്യ ബ്രിട്ട യുകെയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. സോജന്റെ സഹോദരി സിബി ജോസഫും ലണ്ടനിലാണ്. പിതാവ് സി ടി ജോസഫ് ചാമക്കാലയിലും മകന്റെ യുകെയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലാണ്. സോജന് രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമാണുള്ളത്, ഹന്ന, സാറ, മാത്യു എന്നിവരാണ് മക്കൾ.
അതേസമയം, ബ്രിട്ടീഷ് പാർലമെന്റിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് ലേബർ പാർട്ടി നേടിയിരിക്കുന്നത്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 326 സീറ്റ് ലേബർ പാർട്ടി മറികടന്നിരിക്കുകയാണ്. പതിനാല് വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ഋഷി സുനാക്ക് തോൽവി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ലേബർ പാർട്ടിയുടെ കെയ്ർ സ്‌റ്റാർമർ ഇതോടെ യുകെയുടെ പുതിയ പ്രധാനമന്ത്രിയാകും. ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽ നിന്നാണ് അദ്ദേഹത്തിന്റെ ജയം. നേരത്തെ 410 സീറ്റും ലേബർ പാർട്ടി നേടുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചിരുന്നത്. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകൾ. അന്തിമ ഫലം വന്നാൽ മാത്രമേ കൃത്യമായ സീറ്റ് നില അറിയാൻ കഴിയൂ.












Click it and Unblock the Notifications