ഉമ തോമസിന് അപകടമുണ്ടായ സംഭവം; കലൂർ സ്‌റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകൻ അറസ്‌റ്റിൽ
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ വച്ച് ഉമ തോമസ് എംഎൽഎക്ക് അപകടമുണ്ടായ സംഭവത്തിൽ പരിപാടിയുടെ സംഘടകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഘാടകനായ കൃഷ്‌ണകുമാറാണ് അറസ്‌റ്റിലായത്. ഇയാളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. നേരത്തെ സംഭവത്തിൽ കൃഷ്‌ണകുമാറിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഓസ്‌കാര്‍ ഇവന്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കൃഷ്‌ണകുമാര്‍. ഇവരാണ് കലൂർ സ്‌റ്റേഡിയത്തിൽ നൃത്ത പരിപാടി സംഘടിപ്പിച്ചത്. സംഘാടകൻ എന്ന നിലയിൽ മൃദംഗ വിഷന് വേണ്ടി അനുമതികൾക്കായി വിവിധ ഏജൻസികളെ സമീപിച്ചതും കൃഷ്‌ണകുമാർ ആയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘാടകൻ എന്ന നിലയിൽ ഇയാളെ അറസ്‌റ്റ് ചെയ്‌തത്.

നേരത്തെ ഉമ തോമസിന്റെ അപകടത്തിന് പിന്നാലെ മുൻകൂര്‍ ജാമ്യാപേക്ഷയുമായി നൃത്ത പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻകൂര്‍ ജാമ്യം തേടി മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. നാളെയാണ് ഈ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
അതിനിടെ 12,000 നർത്തകർ അണിനിരത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയ്ക്കായി കലൂര്‍ സ്‌റ്റേഡിയം വിട്ടുകൊടുത്തതിന് ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷന് ജിസിഡിഎ നൽകിയ അനുമതി കരാറിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. സ്‌റ്റേജ് അടക്കമുള്ള അധിക നിർമ്മാണത്തിന് സംഘാടകർ അനുമതി തേടിയിരുന്നില്ല.
ഇവിടെ വിഐപി ഗ്യാലറിയിൽ അധികമായി ഉണ്ടക്കിയ താൽക്കാലിക സ്‌റ്റേജിൽ വച്ചാണ് ഉമ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ കലൂര്‍ സ്‌റ്റേഡിയത്തിൽ പോലീസും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
പ്രമുഖ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് 12,000 നർത്തകരെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചത്. ഇവിടെ പരിപാടി കാണാനെത്തിയതായിരുന്നു ഉമ തോമസ് എംഎൽഎ. വിഐപി ഗ്യാലറിയിലെ ഇരിപ്പിടത്തിലേക്ക് നീങ്ങുന്നതിനിടെ കാൽ വഴുതി പതിനഞ്ച് അടി താഴ്ച്ചയിലേക്ക് അവർ വീഴുകയായിരുന്നു.
അപകടത്തിൽ എംഎൽഎക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്നും കുറച്ച് അധികം ദിവസം വെന്റിലേഷൻ വേണ്ടിവരുമെന്നുമാണ് ഡോക്‌ടർമാർ പറഞ്ഞത്. ഇന്ന് രാവിലെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.












Click it and Unblock the Notifications