കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍: തമിഴ്നാട് സ്വദേശി മരിച്ചു
കൊല്ലം:∙ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് യുവാവ് മരിച്ചു. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. കുത്തിയൊലിച്ച് വന്ന വെള്ളത്തില്‍ ഇരുപതോളം പേർ അകപ്പെടുകയായിരുന്നു. ഒരാളൊഴികെ എല്ലാവരേയും രക്ഷിക്കാന്‍ കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വനത്തിനുള്ളിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടേക്കും കൂടുതലായും എത്താറുള്ളത്.
തമിഴ്നാട്ടിലെ തന്നെ കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കഴിഞ്ഞ ദിവസം 2 പേർ മരിച്ചിരുന്നു. ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിൽ ഭാഗത്തേകുന്ന വഴിയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അഞ്ച് വർഷം മുന്‍പ് സമാന രീതിയില്‍ അപകടം ഉണ്ടായതിനെ തുടർന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. ഒരു മാസത്തിനു മുൻപാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്.

ചക്രവാതചുഴിയുടെ പ്രഭാവത്തിൽ കേരളത്തിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതൽ 4 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിലാണ് ചക്രവാതചുഴി നിലനിൽക്കുന്നത്. അടുത്ത 5 ദിവസം ഇത് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാലാണ് സംസ്ഥാനത്ത് മഴ സാധ്യതയുള്ളത്.
ഇന്നു മുതൽ ഓഗസ്റ്റ് നാലുവരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പുണ്ട്. നാളെ (ഓഗസ്റ്റ് 01) രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്.
ഇന്ന് (ജൂലൈ 31) അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതൽ കാണിക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.












Click it and Unblock the Notifications