വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെ
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഇന്ന് നിര്‍ണായക ദിവസം. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരായി സംസ്ഥാന സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
പരാതി വന്ന ഉടനെ വിദേശത്തേക്ക് കടക്കുകയും മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ് എന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ട് എന്നും നടിയുടെ
ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അഭിഭാഷകന്‍ രാകേന്ദ് ബസന്താണ് നടിയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. ബലാത്സംഗ പരാതി രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയായ വിജയ് ബാബു സോഷ്യല്‍ മീഡിയയിലൂടെ ഇരയുടെ പേര് പരസ്യപ്പെടുത്തി എന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 22 നാണ് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പിന്നാലെ നാട്ടിലെത്തിയ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ശേഷം ജൂണ്‍ 27 ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ അനുവദിച്ചത് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെയാണ് ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

കേസില്‍ ഇനിയും വിജയ് ബാബുവിനെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും അതും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് ജയ്ദീപ് ഗുപ്തയും സി കെ ശശിയും സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച സമയത്ത് ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു.

കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതായി ചോദ്യം ചെയ്യലിന് ശേഷം കൊച്ചി പൊലീസ് പ്രതികരിച്ചിരുന്നു. വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ ഇരയുടെ പേര് പരസ്യപ്പെടുത്തിയത് വഴി പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ആണ് സൃഷ്ടിക്കുന്നത് എന്നും അതിജീവിത അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിജയ് ബാബു പീഡിപ്പിച്ചെന്ന് കാണിച്ച് ഏപ്രില്‍ 17 നാണ് യുവ നടി പരാതി നല്‍കിയത് എന്നാണ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

ദുബായില്‍ നിന്നാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് എന്നും വിദേശത്തുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാവില്ലെന്നു ഹൈക്കോടതി തന്നെ നേരത്തെ ചില വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നുമാണ് സര്‍ക്കാര്‍ വാദം. ഇത് നിലനില്‍ക്കെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിയും തീര്‍ന്നില്ലേ..? കലക്കന്‍ ചിത്രങ്ങളുമായി അനശ്വര












Click it and Unblock the Notifications