ജൂനിയർ ഇന്ദിര എന്ന പേര് ഊട്ടിയുറപ്പിക്കാം; വയനാട്ടിൽ പ്രിയങ്കയുടെ ജനപ്രീതി വോട്ടായോ? രാഹുലിനെ കടത്തിവെട്ടി
വയനാട്: പ്രിയങ്ക ഗാന്ധിയുടെ പാർലമെന്ററി ജീവിതത്തിന് തുടക്കമാവുന്നത് വയനാട്ടിൽ നിന്നാണ്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചുകൊണ്ട് വയനാട് ഒരിക്കൽ കൂടി കോൺഗ്രസ് കോട്ടയാണെന്ന് ഊട്ടിയുറപ്പിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽ കോൺഗ്രസ് ആരെ നിർത്തിയാലും ജയിക്കുമെന്ന സ്ഥിതി വിശേഷം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
വർഷങ്ങളായി അവിടെ തുടരുന്ന പതിവാണത്. എന്നാൽ കേവലം ആറ് മാസങ്ങളുടെ ഇടവേളയിൽ നടക്കുന്ന ഒരു ഉപതിരഞ്ഞെടുപ്പിൽ മുൻ സ്ഥാനാർത്ഥിയെക്കാൾ ഭൂരിപക്ഷവും പെട്ടിയിലാക്കി ജയിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. പ്രത്യേകിച്ച് വയനാട് പോലെ വലിയൊരു ദുരന്തത്തിന് സാക്ഷിയായ ഒരിടത്ത്, അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ അനാവശ്യം ചിലവാണെന്ന ബോധ്യമുള്ള ഒരു ജനതയുടെ വോട്ട് നേടി ചരിത്ര വിജയം കുറിക്കുക എന്നത് ചെറിയ കാര്യവുമില്ല.

പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ ജയത്തിന് പോലുമുണ്ട് ഒരു ഇന്ദിരാ ഗാന്ധി ടച്ച്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒന്നിനും കൂസാത്ത ഇന്ദിരയുടെ പ്രകൃതം ലഭിച്ച കൊച്ചുമകൾ ആണോ പ്രിയങ്ക എന്ന കാര്യം അറിയില്ലെങ്കിലും കാഴ്‌ചയിൽ ഇന്ദിരയുമായുള്ള സാമ്യം വോട്ടർമാരെ സ്വാധീനിച്ചുവെന്നത് പരസ്യമായ രഹസ്യമാണ്. അത് പക്ഷേ പ്രിയങ്ക വയനാട് തിരഞ്ഞെടുപ്പിന് വേണ്ടി താൽപര്യമില്ലാതെ എടുത്തണിഞ്ഞ മേക്കോവർ അല്ലെന്ന് നിസംശയം പറയാം.
കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇതേ രൂപഭാവത്തിൽ തന്നെയാണ് പ്രിയങ്ക ഗാന്ധി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ദിര ഗാന്ധിയുമായുള്ള മുഖ സാദൃശ്യം പ്രിയങ്കയുടെ പെട്ടിയിൽ വോട്ടായി വീണുവെന്ന് പറഞ്ഞാൽ ഇപ്പോൾ കിട്ടിയിരിക്കുന്ന ഭൂരിപക്ഷം മുഴുവൻ അങ്ങനെ വന്നതെന്നല്ല അർത്ഥമാക്കുന്നത്. ഇന്ദിരയെ അറിയാവുന്ന, ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർ ആരായിരുന്നു എന്ന് കണ്ടറിഞ്ഞ ഒരു പഴയ തലമുറയെ ഉറപ്പായും പ്രിയങ്ക സ്വാധീനിച്ചിട്ടുണ്ടാവും, തർക്കമില്ല.
വയനാട്ടിൽ പ്രിയങ്കയുടെ ജനപ്രീതി വോട്ടായോ?
രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് ചേക്കേറിയപ്പോൾ സീറ്റ് കൊടുത്തു എന്നതല്ല പ്രിയങ്ക ഗാന്ധിയുടെ യോഗ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പല സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും താരപ്രചാരക പദവി വഹിച്ചിരുന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. അങ്ങനെയുള്ള ഒരാൾ മണ്ഡലത്തിൽ വരുമ്പോഴുണ്ടാവുന്ന കൗതുകം കൊണ്ട് കൂടിയാണ് വയനാട്ടിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.
തീർച്ചയായും പ്രിയങ്കയുടെ ജനപ്രീതി വയനാട്ടിലെ ഭൂരിപക്ഷത്തെ സ്വാധീനിച്ച വലിയൊരു ഘടകം തന്നെയാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ആദ്യമായി വയനാട്ടിൽ വന്നിറങ്ങിയപ്പോൾ മുതൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പരാമർശിക്കാനും അവരെ കുറിച്ച് സംസാരിക്കാനും പ്രിയങ്ക ഗാന്ധി സമയം കണ്ടെത്തിയത് വോട്ടർമാർ കാണാതിരുന്നില്ലെന്ന് വേണം കരുതാൻ.
സത്യൻ മൊകേരിയെ പോലെ ഒരു ജനകീയ നേതാവിനെതിരെ നാല് ലക്ഷത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ പ്രിയങ്കയെ പ്രാപ്‌തമാക്കിയതും ഈ ജനപ്രീതി തന്നെയാണ്. എങ്കിലും ഇപ്പോൾ കഴിഞ്ഞത് തിരഞ്ഞെടുപ്പ് മാത്രമാണ്. ഇനിയാണ് അഗ്നി പരീക്ഷണം, സഭയ്ക്ക് പുറത്തെ കോൺഗ്രസിന്റെ നാവായ പ്രിയങ്കയ്ക്ക് പാർലമെന്റിൽ അതേ വെറും വാശിയും പ്രകടമാക്കാൻ കഴിയുമോ എന്നാണ് കണ്ടറിയേണ്ടത്.
ഇക്കാര്യത്തിൽ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ മാതൃകയാക്കാൻ പ്രിയങ്ക ശ്രമിച്ചാൽ ഒരുപക്ഷേ രാഹുൽ ഗാന്ധിയുടെ ഭാരം പകുതി ഒഴിയും. സഭയ്ക്ക് അകത്തും ഒറ്റയാൾ പട്ടാളം നയിക്കുന്ന രാഹുലിനെ സംബന്ധിച്ച് സഹോദരിയുടെ വരവ് ആശ്വാസമാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രാഹുലിന്റെ ഭൂരിപക്ഷം മറികടന്ന ജയമാണ് പ്രിയങ്ക സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഇനി പാർലമെന്റ് രാഷ്ട്രീയത്തിലും അവർ എഴുതിത്തള്ളാൻ കഴിയാത്തൊരു ശക്തിയായി മാറുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications