ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം വേണ്ട, നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി
കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണം. സന്ദര്‍ശനത്തിന് നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പുകള്‍ വീടാണെന്ന് കണ്ട് ഇടപെടണം. വലിയ മാനസിക വിഷമത്തിലാണ് ക്യാമ്പിലുള്ളവര്‍ എന്ന് ഓര്‍ക്കണം. അഭിമുഖം അടക്കം എടുക്കുന്നത് ഒഴിവാക്കണം. അതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ക്യാമ്പില്‍ കൊണ്ടുവരുമെന്നും റിയാസ് പറഞ്ഞു. അതേസമയം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി തന്നെ നടക്കുന്നുണ്ട്.

ചൂരല്‍മലയിലേയും മുണ്ടക്കൈയിലെയും രക്ഷാപ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്കാണ്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ച് കൊണ്ടാണ് തിരച്ചില്‍ നടക്കുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം, എന്നീ മേഖലകളില്‍ നിന്നും വെള്ളിയാഴ്ച്ച വൈകീട്ട് വരെം പതിനൊന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവര്‍ത്തനം. സേനാ വിഭാഗങ്ങളും, പോലീസും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. ദുരന്തമേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ചാണ് ഇന്ന് രാവിലെ തിരച്ചില്‍ ആരംഭിച്ചത്.
അതേസമയം മെഡിക്കല്‍ സേവനങ്ങള്‍ക്കായി ആരോഗ്യ വകുപ്പും, ആര്‍മി മെഡിക്കല്‍ സര്‍വീസസും രംഗത്തുണ്ട്. ഇവര്‍ക്കൊപ്പം തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. 2 ഹെലികോപ്ടറുകളും എട്ട് ഡ്രോണുകളും ആകാശ നിരീക്ഷണവും നടത്തുന്നുണ്ട്.
ക്രെയിനുകള്‍, കോണ്‍ക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍, എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് റഡാറുകള്‍ ജീവന്റെ തുടിപ്പ് അറിയാനായി ഉപയോഗിക്കുന്നത്. തെര്‍മല്‍ ഇമേജിംഗ്, റാഡ് സാങ്കേതിക വിദ്യകള്‍ ഒരുമിച്ച് ചേര്‍ത്ത ഹ്യൂമന്‍ റെസ്‌ക്യു റഡാറിലൂടെ 16 അടി താഴ്ച്ചയില്‍ വരെയുള്ള സിഗ്നലുകള്‍ കണ്ടെത്താനാവും.
അതേസമയം ക്യാമ്പുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രിസഭാ ഉപസമിതിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്നുള്ള കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. അവരുടെ മനോനില കണക്കിലെടുക്കണമെന്നും മന്ത്രിമാര്‍ പറഞ്ഞു. ക്യാമ്പിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാണെന്നും അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications