വയനാട് ദുരന്തം: ഡിഎന്‍എ ഫലം ലഭിച്ച് തുടങ്ങി, രണ്ട് ദിവസം വിശദമായ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി
വയനാട്: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരെ കണ്ടെത്താനുള്ള ജനകീയ തിരച്ചില്‍ തിങ്കളാഴ്ച്ചയും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തിരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തിരച്ചിലിനായി എത്തിയതെന്നും മന്ത്രി പറഞ്ഞു.
അതേസമയം മൃതദേഹങ്ങളുടെ ഡിഎന്‍എ ഫലങ്ങള്‍ ലഭിച്ച് തുടങ്ങിയെന്നും, നാളെ മുതല്‍ ഇവ പരസ്യപ്പെടുത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നത്തെ ജനകീയ തിരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ചാലിയാറിലാണ് തുടരുക. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരിക്കും ഒരു സംഘം തിരച്ചില്‍ നടത്തുക. രാവിലെ 7 മണിക്ക് മുണ്ടേരി ഫാം മേഖലയില്‍ തുടങ്ങുന്ന തിരച്ചില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരപ്പന്‍പാറയില്‍ അവസാനിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.
എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനംവകുപ്പ്, എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തിരച്ചില്‍ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയുടെ ഈ ഭാഗത്തെ തിരച്ചിലിന് സന്നദ്ധപ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും റിയാസ് പറഞ്ഞു.
ജനകീയ തിരച്ചിലില്‍ നാട്ടുകാര്‍ നല്ല നിലയില്‍ സഹായിച്ചു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചില്‍. വൈകാരിക ബന്ധം ഇതിനുണ്ടെന്നും മന്ത്രി പറഞ്ഞു. താല്‍ക്കാലിക പുനരധിവാസത്തിന് ക്യാമ്പില്‍ കഴിയുന്നവരുടെ അഭിപ്രായം അറിയും. വിശദമായ സര്‍വേ നടത്തി ദുരന്തബാധിതരുടെ അഭിപ്രായം കണ്ടെത്തും. താല്‍ക്കാലിക പുനരധിവാസത്തിനായി ഏത് പഞ്ചായത്തില്‍ പോകണം എന്നതിന് ഓപ്ഷന്‍ നല്‍കും.
താല്‍ക്കാലിക പുനരധിവാസം വേഗത്തില്‍ ആക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനമാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമ്പില്‍ കഴിയുന്ന ചിലര്‍ക്ക് ആരും ഇല്ല. അവര്‍ക്കെല്ലാം പുനരധിവാസം നല്‍കും. അവരെ ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിര്‍ത്തില്ല. ബേസിക് കിറ്റ് എന്ന നിലയില്‍ വീട്ടില്‍ വേണ്ട ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ നല്‍കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.
ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാന്‍ കോഴിക്കോട് നിന്നും സലൂണ്‍ ജീവനക്കാര്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അതേസമയം കേന്ദ്ര പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. 130 പേരെയാണ് ദുരന്തത്തില്‍ കാണാതായവരുടെ അവസാന കണക്കെന്നും, 90 പേരുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.












Click it and Unblock the Notifications