ഉൾക്കാട്ടിൽ കുടുങ്ങിയ ആറംഗ കുടുംബത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ജീവൻ പണയം വച്ച്; ആശ്വാസം
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത വർത്തകൾക്കൊപ്പം തന്നെ അതിജീവനത്തിന്റെ കഥകളും ധാരാളമായി വരുന്നുണ്ട്. മണിക്കൂറുകളോളം ജീവനും കൈയിൽപിടിച്ച് മരണത്തിന് കീഴടങ്ങാതെ രക്ഷാപ്രവർത്തകരുടെ സഹായഹസ്‌തം കിട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നവർ ഏറെയാണ്. അത്തരത്തിലൊരു സംഭവമാണ് ഇന്നലെ ദുരന്തബാധിത മേഖലയിൽ നടന്നത്.
ഉൾക്കാട്ടിൽ കുടുങ്ങിയ കുട്ടികൾ ഉൾപ്പെടെയുള്ള ആറംഗ കുടുംബത്തെ സ്വന്തം ജീവൻ പോലും പണയം വച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. ദുരന്ത മേഖലയിൽ നിന്ന് അധികം അകലെയല്ലാത്ത സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിലെ വനത്തിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ജീവൻ തിരിച്ചു നൽകിയത്.

ഏകദേശം എട്ട് മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുട്ടികളെ സുരക്ഷിതരായി അവിടെ നിന്നും പുറത്തെത്തിച്ചത്. ഏറാട്ട്ക്കുണ്ട് കോളനിയിലാണ് സംഭവം നടന്നത്. കൃഷ്‌ണനും മക്കളും കോളിനിയിൽ രണ്ട് ദിവസമായി കുടുങ്ങി പോവുകയായിരുന്നു. രണ്ട് ദിവസം കനത്ത മഴയിൽ മൺതിട്ടയിൽ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കൃഷ്‌ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലേക്ക് ഇറങ്ങിയതായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യം തിരക്കിയപ്പോഴാണ് കൃഷ്‌ണന്റെയും മൂന്ന് മക്കളുടെയും കാര്യം ഇവർ പറഞ്ഞത്. കോളനിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന നിലയിലായിരുന്നു കൃഷ്‌ണനും മൂന്ന് മക്കളും. സാഹസികമായ വഴിയിലൂടെയായിരുന്നു യാത്ര.
കൃഷ്‌ണനെയും അദ്ദേഹത്തിന്റെ കുട്ടികളെയും ഉൾപ്പടെ കയറിൽ കെട്ടിലാണ് കോളനിക്ക് പുറത്ത് എത്തിച്ചത്. 10 മീറ്റർ കയറുകൾ കയർ കെട്ടിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടേക്ക് ഇറങ്ങിയത്. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ സമയമെടുത്ത യാത്രയായിരുന്നു. ഒടുവിൽ എട്ട് മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ പുറത്തെത്തിച്ചത്.
'കാട്ടിൽവച്ചാണ് ഒരു അമ്മയെയും മകനെയും കാണുന്നത്. രണ്ട് ദിവസമായി ഭക്ഷണം കിട്ടാതെ അലയുകയായിരുന്നു അവർ. ഇവരെ ഭദ്രമായി അട്ടമല ക്യാമ്പ് ഷെഡിലേക്ക് മാറ്റിയ ശേഷം ഞങ്ങൾ നാല് പേർ പുറപ്പെടുകയായിരുന്നു. യാത്ര ദുഷ്‌കരമായിരുന്നെങ്കിലും ഞങ്ങൾ നിർത്തിയില്ല. ഏഴ് കിലോമീറ്റർ ദൂരം പിന്നീടാണ് നാല് മണിക്കൂർ ദൂരമാണ് എടുത്തത്' രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കൽപ്പറ്റ റേഞ്ച് ഓഫീസർ ആഷിഫ് പറഞ്ഞു.












Click it and Unblock the Notifications