വിവാദമുണ്ടാക്കുക എളുപ്പമാണ്, ആളുകളെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതാണ് പ്രധാനമെന്ന് മന്ത്രി റിയാസ്
മുണ്ടക്കൈ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വണ്‍ ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ സേനയെയും, ഉദ്യോഗസ്ഥരെ വ്യക്തിപരമായ ഏല്‍പ്പിച്ച ഉത്തരവാദിത്തവും അവര്‍ നിര്‍വഹിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ മുന്‍കൈയ്യെടുത്ത് ഏകോപനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വയനാട്ടില്‍ ഇപ്പോള്‍ ഒന്‍പത് മന്ത്രിമാരുണ്ട്.
നേരത്തെ അഞ്ച് പേര്‍ക്കായിരുന്നു ചുമതല നല്‍കിയിരുന്നത്. അതിന് പുറമേയാണ് നാല് പേര്‍കൂടി ജില്ലയിലെത്തിയത്. മന്ത്രിമാരുടെ ഒരു ടീം ക്യാമ്പിലും, മറ്റൊരു ടീം പുറത്തുമായി കാര്യങ്ങളെല്ലാം നോക്കി നടത്തുന്നുണ്ട്. ഒരു ടീം ഉച്ചയ്ക്ക് ശേഷം ക്യാമ്പിലുള്ളവരെ കണ്ടിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പിലുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വയനാട്ടിലെ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. എല്ലാവരും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അത് വലിയ രീതിയില്‍ തന്നെ വിജയിച്ചിട്ടുണ്ട്. രാത്രിയായാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുമെന്ന് കണ്ട് ഇന്നലെ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. നാലര മണിക്ക് ഇവിടെ കോട മഞ്ഞ് ഉണ്ടായിരുന്നു. ഏഴര മണി കഴിഞ്ഞും രക്ഷാപ്രവര്‍ത്തനം അതുകൊണ്ടാണ് തുടരാനായത്.
484 പേരെ അതുകൊണ്ട് അവിടെ നിന്നും കൊണ്ടുവരാനായി. ജീവനുള്ള ആരും ഇപ്പോള്‍ അവിടെയില്ല. രക്ഷിക്കാനുള്ളവരെയെല്ലാം രക്ഷിച്ചിട്ടുണ്ട്. ഇനി മൃതദേഹങ്ങളാണ് കണ്ടെടുക്കാനുള്ളത്. ക്യാമ്പിലുള്ളവരെ സഹായിക്കുക, ആശുപത്രിയിലുള്ളവരെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ സഹായിക്കുന്നതിന് അടക്കം വെല്ലുവിളി പ്രതികൂല കാലാവസ്ഥയാണ്. എന്നാലും അതെല്ലാം നടക്കുന്നുണ്ട്. ഷിരൂരിലെ അപകടത്തെ ഇതുമായി താരതമ്യപ്പെടുത്തുന്നില്ല. അതുപോലെ ആരെയും കുറ്റപ്പെടുത്താനും ആഗ്രഹിക്കുന്നില്ല. ഇവിടെ എല്ലാത്തിനുമുള്ള സംവിധാനങ്ങളുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുള്ള തൊഴിലാളികള്‍ ഇവിടെയുണ്ട്. പ്രധാനമായും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് കൂടുതല്‍.
അവര്‍ക്ക് വേണ്ടി പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അത്തരം ആളുകള്‍ ഉള്ള ക്യാമ്പില്‍ അവരോട് സംസാരിക്കാന്‍ ഹിന്ദി ഭാഷ അറിയുന്നവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇവിടെ തന്നെ അവരുമായി ചര്‍ച്ച ചെയ്തു. ഇവിടെ മനുഷ്യരെ എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. മന്ത്രിമാര്‍ ക്യാമ്പ് ചെയ്യുന്നത് അടക്കം വയനാട്ടിലെ പ്രത്യേകതയാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ജനങ്ങളും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാനങ്ങള്‍ എന്നൊന്നില്ല. കേരളത്തെ സംബന്ധിച്ച് ആരും അന്യരല്ല. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ പരാമര്‍ശങ്ങളിലേക്ക് കടക്കുന്നില്ല. വിവാദമുണ്ടാക്കാന്‍ എളുപ്പമാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്.
മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനും എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്താനും വലിയ ബുദ്ധിമുട്ടാണ്. അത്തരം ബുദ്ധിമുട്ടേറിയ ജോലികള്‍ നിര്‍വഹിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് വിവാദത്തിനില്ല. മൃതദേഹങ്ങള്‍ എങ്ങനെ തിരിച്ചറിയുന്ന കാര്യങ്ങള്‍ എല്ലാം നടക്കുന്നുണ്ട്. ആളുകളില്‍ പലരെയും ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications