രാഹുൽ ഗാന്ധി നാളെ വയനാട്ടിലേക്ക്; ക്യാമ്പുകൾ സന്ദർശിക്കും, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എത്തും
വയനാട്: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധി നാളെ ഉരുൾപൊട്ടൽ ബാധിക്കപ്പെട്ട വയനാട് സന്ദർശിക്കും. ഡല്‍ഹിയില്‍ നിന്ന് മൈസൂരിലേക്ക് പ്രത്യേക വിമാനത്തിലെത്തുന്ന രാഹുല്‍ ഉച്ചയോടെയാവും മേപ്പാടിയിലെത്തുക എന്നാണ് സൂചന. മേപ്പാടിയിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ രാഹുൽ സന്ദർശിക്കും. ശേഷം വിംസ് ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെയും രാഹുൽ കാണും.
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നാളെ വായനാട്ടിലെത്തും എന്നറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി കോഴിക്കോട്ടെ സർക്കാർ ഗസ്‌റ്റ് ഹൗസിൽ തങ്ങുന്ന ഗവർണർ നാളെ ഉച്ചയോടെയാവും വയനാട്ടിൽ എത്തുക. ശേഷം വയനാട്ടിലെ ദുരന്ത ബാധിത മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തും. പിന്നീട് വൈകീട്ടോടെ കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കൂടാതെ ഗോവ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന പിഎസ് ശ്രീധരൻ പിള്ള വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തില്‍പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും പങ്കാളികളാകാനുള്ള സന്നദ്ധത ഗോവ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരത്തെ ഉറപ്പ് നൽകിയിരുന്നു. സര്‍വ്വവും നഷ്ട്ടമായ നൂറുകണക്കിന് ആളുകളുടെ ദുഃഖത്തില്‍ ഗോവയും പങ്കുചേരുകയാണെന്ന് അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
നിലവിൽ അഞ്ച് മന്ത്രിമാർ അടങ്ങുന്ന സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാണ് വയനാട്ടിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. കൂടാതെ കേന്ദ്രത്തിന്റെ പ്രതിനിധിയായി മന്ത്രി ജോർജ് കുര്യനും സ്ഥലത്തുണ്ട്. ഇത് കൂടാതെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ട് സംഭവ സ്ഥലത്ത് തന്നെ തുടരുകയാണ്.
അതേസമയം, വയനാട്ടിലെ ദുരന്തം കണക്കിലെടുത്ത് ബെംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളടക്കം കർണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാർ സഹായം തേടിയിരുന്നു. കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണമായോ മറ്റെന്തെങ്കിലും രീതിയിലോ സഹായം എത്തിക്കാനാണ് ആവശ്യം.
കൂടാതെ മറ്റ് സഹായങ്ങളും കർണാടകം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കർണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാൻ നാളെ വയനാട്ടിലേക്ക് എത്തും. സംസ്ഥാനത്തേക്ക് രണ്ട് ഐഎഎസ് ഓഫീസർമാരെ നിയോഗിക്കാനും അവർ തീരുമാനിച്ചിരുന്നു. മലയാളികളായ പിസി ജാഫർ, ദിലീഷ് ശശി എന്നിവരെയാണ് ഇതിനായി.ചുമതലപ്പെടുത്തിയത്.












Click it and Unblock the Notifications