'എന്റെ അമ്മയും അനിയത്തിയും ഒലിച്ചുപോവുന്നത് കണ്ടു, രക്ഷിക്കാൻ കഴിഞ്ഞില്ല'; കണ്ണീരണിഞ്ഞ് വിജയൻ
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വ്യാപ്‌തി പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് കഴിഞ്ഞ മണിക്കൂറുകളിൽ വന്ന വാർത്തകളിൽ നിന്ന് വ്യക്തമായിരുന്നു. ഉറ്റവരെയും ഉടയവരെയും ഒറ്റ രാത്രി കൊണ്ട് ഇല്ലാതായ ഒട്ടേറെ നിസഹായരായ മനുഷ്യജീവനുകളുണ്ട് അവിടെ. ഒരായുസ് മുഴുവൻ ചോരനീരാക്കി ഉണ്ടാക്കിയ സമ്പാദ്യം മുഴുവൻ മലവെള്ളത്തിനൊപ്പം ഒലിച്ചുപോവുന്നത് നോക്കി നിൽക്കേണ്ടി വന്നവർ ഒട്ടേറെ.
എന്നാൽ ചൂരൽമലയിലെ അന്തേവാസിയായ വിജയന് തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും തന്റെ അമ്മയും സഹോദരിയും ഒഴുകി പോവുന്നത് നോക്കി നിൽക്കേണ്ടി വന്നു. തലമുട്ടെ ചെളിയിൽ പുതഞ്ഞുപോയ വിജയൻ വീടിന്റെ ജനൽകമ്പിയിൽ പിടിച്ചു തൂങ്ങിയാണ് ജീവൻ രക്ഷിച്ചത്. ഇതേ മുറിയിൽ ഒപ്പമുണ്ടായിരുന്ന വിജയന്റെ അനിയത്തി ഇന്ന് ജീവനോടെയില്ല. അമ്മയെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ഇപ്പോഴും ഈ അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല വിജയന്. സ്വന്തം കുടുംബത്തെ നഷ്‌ടപ്പെട്ടപ്പോഴും രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ഒരു മടിയും കാണിക്കാതിരുന്ന വിജയന് കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന കാര്യങ്ങൾ പറയുമ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു. ദുരന്തത്തിൽ അമ്മയേയും സഹോദരിയേയും ഉൾപ്പെടെ ഉറ്റവരെയാണ് വിജയന് നഷ്‌ടമായത്.
'രാത്രി ഒന്നരയോടെ വലിയ ശബ്‌ദമുണ്ടായി, മണവും. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീട് കുലുങ്ങുകയായിരുന്നു. അടുത്തുള്ള വീടുകളിലെ ആളുകള്‍ ഉറക്കെ കരയുന്നുണ്ടായിരുന്നു. കുറച്ച് പേരെ അവിടെ നിന്ന് രക്ഷപ്പെടുത്തി മുകളിലേക്ക് കൊണ്ട് പോയി. തിരിച്ചു താഴേക്ക് വന്ന് ഒരു വീട്ടിൽ കയറിയപ്പോഴേക്കും അടുത്ത ഉരുൾപൊട്ടലുണ്ടായി.' വിജയൻ പറയുന്നു.
'ഒരു മുറി ഒഴികെ വീട് മുഴുവനായും തകര്‍ന്നു. ജനൽ കമ്പിയിൽ പിടിച്ച് കിടന്നാണ് രക്ഷപ്പെട്ടത്. തലയ്ക്ക് മുകളിൽ വരെ ചെളി അടിഞ്ഞു കൂടിയിരുന്നു. എന്റെ അമ്മയും അനിയത്തിയും ഒലിച്ച് പോകുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്നു. ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അനിയത്തിയുടെ മൃതദേഹം കിട്ടി. അമ്മയെ ഇതുവരെ കിട്ടിയിട്ടില്ല' വിജയൻ നിറകണ്ണുകളോടെ പറഞ്ഞു.
അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്‌സ് ഇന്നലെ രാത്രി അറിയിച്ചിരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിയത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങൾ മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്‌സ് ഇന്നലെ രാത്രി അറിയിച്ചിരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിയത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങൾ മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് പുലർച്ചെ വീണ്ടും ആരംഭിക്കും.












Click it and Unblock the Notifications