'സമസ്‌ത പണ്ഡിതന്മാരെ വെറുപ്പിച്ചാൽ കൈവെട്ടാൻ എസ്‌കെഎസ്എസ്എഫ് ഉണ്ടാവും'; സത്താർ പന്തല്ലൂർ
മലപ്പുറം: കൊലവിളി പ്രസംഗവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്‌തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്‌കെഎസ്എസ്എഫ് പ്രവർത്തർ ഉണ്ടാകും എന്നാണ് സത്താർ പന്തല്ലൂരിന്റെ പരാമർശം. സമസ്‌ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം, തീരുമാനം അംഗീകരിക്കാത്തവരെ സമസ്‌തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറയുന്നു.
മലപ്പുറത്ത് മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിലാണ് സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. മലപ്പുറം ടൗൺഹാളിന് മുന്നിൽ വച്ചായായിരുന്നു പരിപാടി നടന്നത്. ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്‌ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോടു മാത്രമാണ്. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ, അതിന്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകും; സത്താർ പന്തല്ലൂർ ചൂണ്ടിക്കാട്ടി.

ഈ പറഞ്ഞതിനെ ഒരിക്കലും അപമര്യാദയായിട്ട് ആരും കാണേണ്ടതില്ലെന്നും സത്താർ വക്തമാക്കി. ഇത് സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക് ജനിച്ച, അതിനു വേണ്ടി ജീവിക്കുന്ന, അതിനു വേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പായി എല്ലാവരും തിരിച്ചറിയണമെന്നും സത്താര്‍ പന്തല്ലൂര്‍ പ്രസംഗത്തിനിടെ പറഞ്ഞു.
ഉലമാക്കളെ അംഗീകരിച്ചും ബഹുമാനിച്ചുമാണ് എക്കാലവും ഈ സംഘടന മുന്നോട്ട് പോയിട്ടുള്ളത്. സമസ്‌തയോടെല്ലാതെ ഒരു പ്രസ്ഥാനത്തോടും ഈ സംഘടന വീട്ടുവീഴ്ച്ചക്കില്ലെന്നും പറഞ്ഞ സത്താർ പന്തല്ലൂർ കൃത്യമായ അജണ്ടയും നിലപാടുമുള്ള പ്രസ്ഥാനമാണതെന്നും ചൂണ്ടിക്കാട്ടി.
പണ്ട് പഞ്ചായത്ത് മെമ്പറെ വിളിച്ചാൽ അവർക്ക് സമസ്‌തയുടെ ഓഫീസിൽ കയറാൻ സമയമില്ലായിരുന്നു എന്നുള്ളതാണ് സത്യം. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ സമസ്‌തയുടെ ഓഫീസിൽ വരാൻ സമയം തരണേയെന്ന് പറയുകയാണ്. ആ രീതിയിലേക്ക് പ്രസ്ഥാനം വളർന്നു കഴിഞ്ഞെന്നും സത്താർ പന്തല്ലൂർ കൂട്ടിച്ചേർത്തു.
അതേസമയം, സമസ്‌തയിലെ സിഐസി തർക്കത്തിൽ മുസ്ലീം ലീഗിന്റെ നിലപാടും, ലീഗിലെ മുതിർന്ന നേതാക്കളായ പിഎംഎ സലാം ഉൾപ്പെടെയുള്ളവരുമായുള്ള അസ്വാരസ്യങ്ങളും നിലനിൽക്കെയാണ് കൊലവിളി പ്രസംഗവുമായി എസ്‌കെഎസ്എസ്എഫ് നേതാവിന്റെ വിവാദ പരാമർശം.
പിഎംഎ സലാം സമുദായത്തിൽ ചിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സമസ്‌തയും ലീഗും കാലങ്ങളായി നിലനിർത്തിപ്പോരുന്ന സൗഹൃദത്തെ തകർക്കാൻ ഇത്തരക്കാർ ശ്രമിക്കുന്നത് കാര്യമായി ശ്രദ്ധിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications