പിടി തോമസിന്റെ തൃക്കാക്കരയിൽ വിടി ബൽറാം- എം സ്വരാജ് പോരാട്ടത്തിന് വഴിയൊരുങ്ങുമോ? ചർച്ചകൾ ഇങ്ങനെ
കൊച്ചി; തൃക്കാക്കരയിലെ എം എൽ എയായിരുന്നു പിടി തോമസിന്റെ അപ്രതീക്ഷിത വിയോഗത്തോടെ കേരളത്തിൽ മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങിയിരിക്കുകയാണ്. അടുത്ത വർഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾക്കൊപ്പം തൃക്കാക്കരയിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആരേയാകും മണ്ഡലത്തിൽ യു ഡി എഫും എൽ ഡി എഫും മത്സരിപ്പിച്ചേക്കുക? സ്ഥാനാർത്ഥി സാധ്യതകൾ സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. വിശദമായി വായിക്കാം

തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ ചേർത്ത് 2011 ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്.
അന്ന് മുതൽ കോൺഗ്രസിനൊപ്പം അടിയുറച്ച് നിന്ന മണ്ഡലമാണ് തൃക്കാക്കര. ആദ്യ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെതിരെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച് ബെന്നി ബെഹനാൻ മണ്ഡലം പിടിച്ചു. അന്ന് 22,406 വോട്ടുകൾക്കായിരുന്നു ബെന്നിയുടെ വിജയം. സി പി എമ്മിലെ എം ഇ ഹസനാരെയായിരുന്നു ബെന്നി ബെഹ്നാൻ പരാജയപ്പെടുത്തിയത്.

പിന്നീട് 2014 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യു ഡി എഫിനൊപ്പം തന്നെ നിന്നു. അന്ന് മുതിർന്ന നേതാവ് കൂടിയായ കെ വി തോമസിന് തൃക്കാക്കരയിൽ നിന്ന് ലഭിച്ചത് 17,314 വോട്ടുകളായിരുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തോടെ തങ്ങളുടെ ഉറച്ച കോട്ടയായി തൃക്കാക്കരയെ യുഡിഎഫ് കണക്ക് കൂട്ടി. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹ്നാൻ തന്നെ മത്സരിക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നതെങ്കിലും അവസാന നിമിഷം ബെന്നിയെ മാറ്റി പി ടി തോമസിനെ കോൺഗ്രസ് അവതരിപ്പിക്കുകയായിരുന്നു.

ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരി രംഗൻ റിപ്പോർട്ടിന്റേ പേരിൽ ക്രൈസ്തവ സഭയുമായി നേരിട്ട് ഏറ്റുമുട്ടിയ പിടിയ്ക്കെതിരെ സഭ തന്നെ വിമർശനം ഉയർത്തിയ സാഹചര്യത്തിലായിരുന്നു ഇടുക്കിയിൽ നിന്നും മാറ്റി പിടിയെ തൃക്കാക്കരയിൽ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തിരുമാനം. മുൻ എം എൽ എയും എംപിയുമായ സെബാസ്റ്റ്യൻ പോളിനെയായിരുന്നു എൽ ഡി എഫ് പിടിക്കെതിരെ മത്സരിപ്പിച്ചത്.

സെബാസ്റ്റ്യൻ പോളിലൂടെ കോൺഗ്രസ് കോട്ട തകർക്കാനാകുമെന്ന് പ്രതീക്ഷിച്ച എൽ ഡി എഫിന്റെ മോഹം അന്ന് തകർന്നടിച്ചു. സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി 61,268 വോട്ടുകൾക്കായിരുന്നു പി ടിയുടെ വിജയം. 2021 ലെ തിരഞ്ഞെടുപ്പിലും പിടിയെ തന്നെ യു ഡി എഫ് നേതൃത്വം വീണ്ടും ഇറക്കി. നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ജെ ജേക്കബ് എന്ന സ്വതന്ത്രസ്ഥാനാര്‍ഥിയിലൂടെ മണ്ഡലത്തിലെ സമവാക്യങ്ങൾ പൊളിക്കാമെന്നായിരുന്നു എൽഡിഎഫ് മോഹം.പക്ഷേ രണ്ടാം അങ്കത്തിലും പിടിക്കൊപ്പം മണ്ഡലം ഉറച്ച് നിന്നു.

കോളേജ് പഠന കാലം മുതൽ എറണാകുളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പി ടി തോമസിന്റെ രാഷ്ട്രീയാതീത സൗഹൃദങ്ങളാണ് രണ്ട് തവണയും മണ്ഡലം നിലനിർത്താൻ പി ടിയെ സഹായിച്ചത്. പി ടിയുടെ അഭാവത്തിൽ അദ്ദേഹം നടപ്പാക്കിയ വികസന മുന്നേറ്റങ്ങൾ ഉയർത്തിക്കാണിച്ച് കൊണ്ട് തന്നെയായിരിക്കും ഉപതിരഞ്ഞെടുപ്പിലും യു ഡി എഫ് വോട്ട് തേടുക. എന്നാൽ ആരാകും യു ഡി എഫിന് വേണ്ടി കളത്തിലിറങ്ങുകയെന്ന ചോദ്യം ശക്തമാണ്.

"പി ടിയുടെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ വി ടി" എന്ന പേരിലുള്ള പോസ്റ്ററുകൾ ഇതിനോടകം തന്നെ കോൺഗ്രസ് സൈബർ ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ മൂന്നാം അങ്കത്തിനിറങ്ങിയ വിടിയ്ക്ക് സിപിഎം നേതാവ് എംബി രാജേഷിന്റെ മുന്നിൽ പരാജയം രുചിക്കേണ്ടി വന്നിരുന്നു. കോൺഗ്രസിന്റെ യുവ നേതാക്കളിൽ പ്രമുഖനായ വിടിയുടെ പരാജയം വലിയ തിരിച്ചടിയായിരുന്നു കോൺഗ്രസിന് നൽകിയത്. നിലവിൽ കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിനെ കോൺഗ്രസ് നേതൃത്വം പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളായാനാകില്ല.

നിലവിലെ എറണാകുളം ഡി സി സി അധ്യക്ഷൻ മുഹമ്മജ് ഷിയാസിന്റെ പേരും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന്റെ പേരിനും സാധ്യത കൂടുതലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഏറ്റവും അടുത്ത അനുയായിയാണ് ഷിയാസ്. വനിതാ നേതാവ് എന്ന ചർച്ച ഉയർന്നാൽ ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി മേത്തറിനേയും കാര്യമായി പരിഗണിച്ചേക്കും. നിലവിൽ നിയമസഭയിൽ കോൺഗ്രസിനൊരു വനിതാ അംഗം ഇല്ല. പാർട്ടി പുനഃസംഘടനയിൽ ഉൾപ്പെടെ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ ജെബി മേത്തറിന് നറുക്ക് വീഴുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം തൃക്കാക്കരയിൽ വി ടി ബൽറാം- എം സ്വരാജ് പോരിന് കളമൊരുങ്ങുമോയെന്നുള്ള ചർച്ചകളും ശക്തമാണ്. കൂറ്റൻ വിജയം നേടിയപ്പോഴും ഇത്തവണ സി പി എം കേന്ദ്രങ്ങളെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു തൃപ്പൂണിത്തുറയിൽ നിന്നുള്ള എം സ്വരാജിന്റെ പരാജയം. ഇക്കുറി കെ ബാബുവിനോടായിരുന്നു സ്വരാജ് പരാജയപ്പെട്ടത്. നിയമസഭയിൽ തീപ്പൊരി പ്രസംഗം നടത്തുന്ന ശക്തനായ യുവ സാന്നിധ്യമായിരുന്നു സ്വരാജിനെ സഭയിലെത്തിച്ച് സെഞ്ച്വറി അടിക്കാൻ എൽ ഡി എഫ് തുനിയോമോയെന്നതും ഉറ്റുനോക്കപ്പെടു്നനുണ്ട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ ഉറച്ച സീറ്റായിരുന്ന തൃത്താല തിരിച്ച് പിടിക്കാന്‍ സ്വരാജിനെ ഇറക്കണമെന്ന ചർച്ച സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. ബാലപീഡനം ആരോപിച്ച് എകെജിയെ അപമാനിച്ചത് അടക്കമുളള വിഷയങ്ങളില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷമുളള നേതാവാണ് ബല്‍റാം. അതിനാൽ സ്വരാജിനെ വീഴ്ത്താൻ പറ്റിയ നേതാവ് എം സ്വരാജ് ആണെന്നായിരുന്നു അണികളുടെ പൊതുവികാരം. എന്നാൽ പിന്നീട് എംബി രാജേഷിനെ തൃത്താലയിൽ സിപിഎം മത്സരിപ്പിക്കുകയായിരുന്നു. അതേസമയം അന്ന് അണികൾ പ്രതീക്ഷിച്ച പോരാട്ടം തൃക്കാക്കരയിൽ ഉണ്ടാകാൻ സാധ്യത ഉണ്ടോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.