പ്രതികളെ കുടുക്കിയത് 'ടോം ആൻഡ് ജെറി' കാർട്ടൂൺ..? സിസിടിവി ദൃശ്യങ്ങൾക്കൊപ്പം സൈബർ തെളിവുകളും നിർണായകം...
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ കേസിൽ പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. ദിവസങ്ങൾ നീണ്ട തീവ്ര ശ്രമങ്ങൾക്ക് ഒടുവിൽ ദൈവത്തിന്റെ കൈയൊപ്പ് പോലെ പതിഞ്ഞ ഒരു കാർട്ടൂണും അന്വേഷണത്തിൽ നിർണായകമായി. സിസിടിവി ദൃശ്യങ്ങൾ പ്രതികളെ കാട്ടി തന്നെങ്കിലും കുറ്റം നിഷേധിക്കാനാവാത്ത വിധം അവരെ വരിഞ്ഞുമുറുക്കിയത് അന്വേഷണത്തിനിടെ കണ്ടെത്തിയ സൈബർ തെളിവുകളാണ്.
തട്ടികൊണ്ടുപോയവർ തനിക്ക് കാർട്ടൂൺ കാണിച്ചു തന്നെന്ന ആറു വയസുകാരിയുടെ മൊഴിയെ തുടർന്നാണ് പോലീസ് ഇത് തേടി പോയത്. കുറ്റവാളിയിലേക്കെത്തുന്ന നിർണായക വിവരങ്ങൾ കാർട്ടൂണിലൂടെ ലഭിച്ചെങ്കിലും അതിന് മുൻപ് തന്നെ സിസിടിവി, ഫോൺ രേഖകൾ വഴി പോലീസ് പ്രതികളെ പിടികൂടി കഴിഞ്ഞിരുന്നു. പിന്നീട് പ്രതികൾ ഇവരാണെന്ന് സ്ഥിരീകരിക്കാൻ ഈ വിശദാംശങ്ങൾ ധാരാളമായിരുന്നു.

നേരിട്ട് പ്രതികളെ പിടികൂടാൻ സഹായിച്ചില്ലെങ്കിൽ കേസിൽ നിർണായകമായ സാന്നിധ്യമായി യൂട്യൂബിലൂടെ കാണിച്ച കാർട്ടൂൺ മാറിയെന്നതാണ് വാസ്‌തവം. നവംബർ 27ന് വൈകുന്നേരം നാലരയോടെയാണ് ഓയൂരിൽ വച്ച് ആറു വയസുകാരിയെ അജ്ഞാത സംഘം തട്ടികൊണ്ട് പോയെന്ന വാർത്ത പടർന്നത്. പിന്നീട് പോലീസ് വിപുലമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ പിറ്റേന്ന് കുട്ടിയെ തിരികെ കിട്ടിയതോടെ അന്വേഷണത്തിന്റെ രീതി തന്നെ മാറി.
അതുവരെ കാണാതായ കുട്ടിക്ക് വേണ്ടി നടന്ന തീവ്രമായ അന്വേഷണം പ്രതികളെ കണ്ടെത്താനുള്ള പരിശോധനയിലേക്ക് വഴിമാറി. തട്ടികൊണ്ട് പോയ ദിവസം രാത്രി തന്നെ അവർ കാർട്ടൂൺ കാണിച്ചിരുന്നുവെന്ന് കുട്ടിയുടെ മൊഴിയും ഇതിനിടയിൽ വന്നു. അങ്ങനെ ഇക്കാര്യം കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. യൂട്യൂബിലൂടെ ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ടെന്നായിരുന്നു കുട്ടിയുടെ മൊഴി.
ഇതോടെ പോലീസ് ഇക്കാര്യം പരിശോധിക്കാൻ തുടങ്ങി. ഇന്റർനെറ്റ് ഗേറ്റ്‌വേയിൽ സൈബർ സെൽ വിവരങ്ങൾ ശേഖരിക്കാനും ആരംഭിച്ചു. അങ്ങനെ കുട്ടിയെ തട്ടികൊണ്ട് പോയ ദിവസം അഥവാ നവംബർ 27ന് രാത്രി 7.30 മുതൽ പിറ്റേന്ന് രാവിലെ 6.30 വരെയുള്ള വിവരങ്ങൾ സൈബർസെൽ ശേഖരിച്ചു. ആ സമയം രാജ്യത്തൊട്ടാകെ ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ട 26,000 ഐപി അഡ്രസുകൾ ഇതിൽ നിന്നും ലഭിച്ചു. കേരളത്തിൽ നിന്ന് കാർട്ടൂൺ കണ്ട ഐപി അഡ്രസുകൾ 350 എണ്ണമായിരുന്നു ഉണ്ടായിരുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് കാർട്ടൂൺ കണ്ട ഐപി അഡ്രസുകളുടെ എണ്ണം 120 ആയിരുന്നു. ഇന്നലെ രാവിലെയോടെ ഈ വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്‌തു. എന്നാൽ അപ്പോഴേക്കും പ്രതികളെ കുറിച്ചുള്ള ഏതാണ്ട് ഒരു ധാരണ പോലീസിന് ലഭിച്ചിരുന്നു. പ്രതികളുടെ നീലക്കാറായിരുന്നു പ്രതികളെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. എങ്കിലും കാർട്ടൂൺ മുൻനിർത്തിയുള്ള അന്വേഷണവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ തന്നെ പോലീസ് ഉറപ്പായും പ്രതികളിലേക്ക് എത്തുമായിരുന്നു.












Click it and Unblock the Notifications