മടങ്ങിയപ്പോൾ കിട്ടിയത് വെറും 14 ചാള; ഈ കാറ്റും മഴയും സഹിച്ചു; എന്നിട്ടും നേട്ടമില്ല
കൊല്ലം: മണ്ണെണ്ണയുടെ വില വർധനയിലും ലഭ്യത കുറവിലും പ്രതിസന്ധിയിലായി കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ. കയ്യിലുള്ള തുക നൽകി ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിനായി പോകേണ്ട സ്ഥിതിയാണ്. ഇന്ന് പുലർച്ചെ നാലിന് ഉൾക്കടലിലേക്ക് പുറപ്പെട്ടു. കാറ്റും മഴയും ഏറെയുണ്ടെങ്കിലും എല്ലാം ഇവർ സഹിച്ചു.
വെളുപ്പിന് നാലു മണി മുതൽ തുടങ്ങിയ ഈ കഠിനാധ്വാനം ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു നിന്നു. എന്നാൽ, ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി ഉൾക്കടലിലേക്ക് പോയെങ്കിലും ഫലം ഒന്നും കണ്ടില്ല. ആകെ കിട്ടിയത് 14 ചാള മാത്രം. അഞ്ചു പേർ അടങ്ങുന്ന വള്ളത്തിൽ നിന്നും ലഭിച്ച മീനുകളുടെ എണ്ണമാണ് ഇത്.
ഒരിക്കൽ പോയി തിരികെ മടങ്ങാൻ ഇന്ധന ചെലവിൽ മാത്രം വേണ്ടത് 1000 രൂപ. മത്സ്യത്തൊഴിലാളിയായ ഏലിയാസ് ജോർജ് കൊല്ലം ബീച്ചിന് സമീപമുള്ള കൊടിമരം ജംഗ്ഷനിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണം ഓഫീസിൽ വച്ച് മനോരമ ന്യൂസിനോട് പറഞ്ഞ കാര്യമാണിത്.
ഇത് ഏലിയാസ് ജോർജ് എന്ന് മത്സ്യത്തൊഴിലാളിയുടെ മാത്രം കഥയല്ല. ഇന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കടക്കെണിയിലാണ്. മണ്ണെണ്ണക്ക് വില ഉയരുന്നതും ലഭ്യതക്കുറവും ഇതിന്റെ പ്രധാന കാരണങ്ങൾ ആണ്. മത്സ്യബന്ധനത്തിനായി മണ്ണെണ്ണ വാങ്ങുന്നതിൽ ഓരോ മത്സ്യത്തൊഴികൾക്കും കടം 30,000 മുതൽ 40,000 രൂപ വരെ.
ഇതിന്റെ നേട്ടം മത്സ്യബന്ധനത്തിൽ നിന്നും കിട്ടുന്നില്ല എന്നതാണ് ഇവരുടെ സങ്കടം. നാല് മാസമായി മണ്ണെണ്ണ കൃത്യമായി ലഭിക്കുന്നില്ലെന്ന് ഇവർ പരാതി പറയുന്നു. മത്സ്യഫെഡ്, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവിടങ്ങളിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ട മണ്ണെണ്ണ നിശ്ചിത അളവിൽ കിട്ടിയിരുന്നു. ഇതിൽ സിവിൽ സപ്ലൈസിൽ നിന്ന് ലഭിക്കുന്ന മണ്ണെണ്ണയാണ് തൊഴിലാളികൾക്ക് ഏറെ ആശ്വാസമായി മാറിയിരുന്നത്.
'ഇന്നെന്റെ മകന് ജീവിച്ചിരിക്കുന്നെങ്കില്‍ കാരണക്കാരന്‍ സുരേഷ്ഗോപിയാണ്' ; മണിയൻപിള്ള രാജു പറയുന്നു
ലിറ്ററിന് 48 രൂപ നിരക്കിൽ 119 ലിറ്റർ മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് ഇവിടുന്നു ലഭിക്കും. എന്നാൽ, ഇപ്പോൾ നാല് മാസമായി ഇതും കിട്ടുന്നില്ല. കേന്ദ്രത്തിൽ നിന്നും മണ്ണെണ്ണ കിട്ടുന്നില്ല എന്നാണ് പറയുന്നത്. എന്നാൽ, ഇപ്പോൾ 129 ലീറ്റർ ലഭിക്കുന്നതിനുള്ള പെർമിറ്റ് നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മണ്ണെണ്ണ എത്തുമെന്നാണ് ഈ മത്സത്തൊഴിലാളികൾ കരുതുന്നത്. എന്നാൽ, വില 82 രൂപ ആകും എന്ന ആശങ്കയിലാണ് മത്സത്തൊഴിലാളികൾ.
അതേസമയം, ഏപ്രിൽ 3 - നായിരുന്നു കേരളത്തിൽ മണ്ണെണ്ണ വില വർധിപ്പിച്ചത്. ഒരു ലിറ്ററിന് 22 രൂപയാണ് കൂട്ടിയത്. ഇതോടെ 59 രൂപയായി കേരളത്തിലെ മണ്ണെണ്ണയുടെ വില. 81 രൂപയാണ് ഇപ്പോൾ നൽകേണ്ടി വരുന്നത്.