മഷിനോട്ടക്കാരനെ ബോധംകെടുത്തി ആഭരണവും മൊബൈലും അടിച്ചുമാറ്റി കള്ളന്മാര്‍; അന്വേഷിക്കാന്‍ പോലീസ്
പറവൂർ: മഷി നോട്ടക്കാരനെ ബോധം കെടുത്തി കവർച്ച നടത്തി. മഷിനോട്ടം നടത്താൻ എന്ന വ്യാജേന എത്തിയ രണ്ടുപേർ മഷിനോട്ടക്കാരനെ കെട്ടിയിട്ട് ബോധം കെടുത്തിയ ശേഷം സ്വർണാഭരണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയായിരുന്നു.
ബോർഡ് സ്ഥാപിച്ച് പെരുവാരത്ത് വാടകവീട്ടിൽ മഷിനോട്ടം നടത്തിവന്നിരുന്ന കൊടുങ്ങല്ലൂർ സ്വദേശി തൈക്കൂട്ടത്തിൽ വിജയനെ (62) യാണ് ചൊവ്വാഴ്ച പകൽ ആക്രമിച്ച് മോഷണം നടത്തിയത്.

മാല, ബ്രേസ്‌ലെറ്റ്, രണ്ട് മോതിരം എന്നിവ അടക്കം ഏഴേകാൽ പവന്റെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. ദേശീയപാത 66-ൽ പെരുവാരത്ത് കേസരി ബസ് സ്റ്റോപ്പിനു സമീപമാണ് മൂന്നുവർഷമായി വാടകവീട്ടിൽ വിജയൻ മഷിനോട്ടം നടത്തുന്നത്.
മഷിനോട്ടത്തിനായി എന്നും ധാരാളം പേർ എത്താറുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെ മഷി നോക്കാൻ എന്ന വ്യാജേന ആണ് ഇവർ എത്തിയത്. രണ്ടുപേർ വിജയനുമായി സംസാരിച്ചിരുന്നു. അതിലൊരാൾ മുഖലക്ഷണം കൂടി പറയാമോയെന്ന് ചോദിച്ചു. താങ്കളുടെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടെന്ന് വിജയൻ സൂചന നൽകി. അതോടെ ഭാര്യയെയും കൂട്ടി വരാമെന്നായി അയാൾ. വിജയനോട് വിസിറ്റിങ് കാർഡും ആവശ്യപ്പെട്ടു.
ക്ഷേത്രത്തില്‍ മോഷണം നടത്തി; പിന്നീട് ജീവിതത്തില്‍ ദുരന്തം മാത്രം; ഒടുവില്‍ കള്ളന്‍ ചെയ്തത്
വിസിറ്റിങ് കാർഡ് എടുക്കാൻ തിരിഞ്ഞ നേരത്ത് രണ്ടാമൻ തോർത്ത് ഉപയോഗിച്ച് വിജയന്റെ വായ മൂടിക്കെട്ടി എതോ ദ്രാവകം മണപ്പിച്ച് ബോധംകെടുത്തി. ബോധം കെടുത്തിയ ശേഷമാണ് മോഷണം നടത്തിയത്.
ഈ സമയത്ത് മഷിനോട്ടത്തിനായി മറ്റാരും എത്തിയിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം ആയിരുന്നു ഇയാൾക്ക് ബോധം തിരിച്ചുകിട്ടിയത്. ബോധം തിരിച്ചുകിട്ടിയ വിജയൻ പുറത്തിറങ്ങി പരിസരവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മഷിനോട്ട കേന്ദ്രത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മണം പിടിച്ച പോലീസ് നായ കേസരി ബസ് സ്റ്റോപ്പുവരെ ഓടി നിന്നു. ഊർജിത അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications