രാഹുല്‍ ഗാന്ധി, മൂലം നക്ഷത്രം...; കേസില്‍ വിജയിക്കാന്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാടുമായി കോണ്‍ഗ്രസ് നേതാവ്
കോട്ടയം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുഗ്രഹം ചൊരിയണം എന്ന പ്രാര്‍ത്ഥനയുമായി ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട്. രാഹുല്‍ ഗാന്ധിയെ ലോകസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ ചെറുക്കാനാണ് വഴിപാട്. രാഹുല്‍ ഗാന്ധിയുടെ പേരില്‍ കോണ്‍ഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്തിയത്.
കോടതി നടപടികള്‍ നേരിടുന്നവര്‍ വിജയം ലഭിക്കാനായി ആരാധന നടത്തുന്ന ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവില്‍. മൂലം നക്ഷത്രത്തില്‍ ജനിച്ച രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി അടനിവേദ്യമാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാടായി കോണ്‍ഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റി നേര്‍ന്നിരിക്കുന്നത്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്താണ് ജഡ്ജിയമ്മാവന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവന്‍ കോവില്‍. രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി ചെറുവള്ളി ദേവിക്ക് പുഷ്പാഞ്ജലി, കൊടുംകാളിക്ക് നടകുരുതി വറ വഴിപാടും നടത്തിയിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട ചലച്ചിത്രതാരങ്ങള്‍, കായികതാരങ്ങള്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ ജഡ്ജിയമ്മാവന്‍ കോവിലിലെ പൂജകളില്‍ പങ്കെടുത്തിട്ടുണ്ട്.
നടന്‍ ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയവര്‍ ഇവിടെ വന്ന് വഴിപാട് നേര്‍ന്നിരുന്നു. പ്രധാനക്ഷേത്രത്തിന്റെ നട അടച്ച ശേഷമാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ നട തുറക്കുക. അടനിവേദ്യമാണ് പ്രധാന വഴിപാട്. ധര്‍മരാജാവ് തിരുവിതാംകൂര്‍ ഭരിച്ച കാലത്ത് സദര്‍കോടതി ജഡ്ജി ആയിരുന്ന തലവടി രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ള ആണ് ജഡ്ജിയമ്മാവന്‍ കോവിലിലെ ജഡ്ജിയമ്മാവന്‍ എന്ന പ്രതിഷ്ഠ.
ഒരു വിധി നടപ്പാക്കിയതിലെ പിഴവ് മൂലം സ്വയം മരണശിക്ഷ നടപ്പാക്കിയ ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെ പിന്നീട് പ്രശ്‌നവിധിപ്രകാരം മൂലകുടുംബം സ്ഥിതിചെയ്യുന്ന ചെറുവള്ളി ഗ്രാമത്തിലെ ദേവീക്ഷേത്രത്തില്‍ ഉപദേവാലയം നിര്‍മിച്ച് കുടിയിരുത്തി എന്നാണ് വിശ്വാസം. മോദി പരാമര്‍ശത്തിന്റെ പേരില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസിനെ തുടര്‍ന്ന് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചിരുന്നു.
Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം
ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ എം പി സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഈ കേസില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീല്‍ മെയ് 20 ന് കോടതി പരിഗണിക്കുന്നുണ്ട്. ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനും രാഹുല്‍ ഗാന്ധി നീക്കം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി വഴിപാട് നേര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications