ഐഎഎസുകാരനായ സഹോദരി ഭര്‍ത്താവിനെതിരേയും സൈബര്‍ അധിക്ഷേപം; ആതിര ജീവനൊടുക്കിയത് മനംനൊന്ത്
കോട്ടയം: കഴിഞ്ഞ ദിവസം കോതനല്ലൂരില്‍ ജീവനൊടുക്കിയ ആതിര നേരിട്ടത് ക്രൂരമായ സൈബര്‍ അധിക്ഷേപം. തന്റെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരന്‍, ബന്ധം അവസാനിപ്പിച്ചതിന് ശേഷവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതില്‍ മനംനൊന്താണ് ആതിര ജീവനൊടുക്കുന്നത്. സംഭവത്തില്‍ അരുണ്‍ വിദ്യാധരന് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ ആറോടെയാണ് വീട്ടിനുള്ളില്‍ ആതിരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞീഴൂര്‍ സ്വദേശിയായ അരുണ്‍ വിദ്യാധരനും ആതിരയും മുമ്പ് സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ അരുണ്‍, ആതിരയെ സൈബറിടത്തില്‍ പലപ്പോഴായി അധിക്ഷേപിച്ചിരുന്നു. ആതിരയുടെ സഹോദരി ഭര്‍ത്താവായ ആശിഷ് ദാസ് ഐഎഎസിനെ ചേര്‍ത്തും ഇയാള്‍ അധിക്ഷേപം ചൊരിഞ്ഞിരുന്നു.

ഇതിന് പിന്നാലെ ശനിയാഴ്ച ആതിര കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ആതിര ആത്മഹത്യ ചെയ്തത്. അതേസമയം ഒളിവിലുള്ള അരുണ്‍ വിദ്യാധരനെ ഇനിയും പൊലീസിന് പിടികൂടാനാകാത്തത് വിമര്‍ശനമുയര്‍ത്തുന്നുണ്ട്. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് ആതിരയുടേത് എന്ന് സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കണം എന്നും ഇനി ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പറഞ്ഞു. തങ്ങള്‍ ആതിരക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന തന്റെ സഹോദരിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നും ആശിഷ് ദാസ് ഐഎഎസ് ചോദിക്കുന്നു.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
പൊലീസില്‍ പരാതി നല്‍കിയ ശേഷവും അരുണ്‍ ആതിരയെ ശല്യം ചെയ്തിരുന്നു എന്നാണ് ആശിഷ് ദാസ് പറയുന്നത്. നിലവില്‍ മണിപ്പൂരില്‍ സബ് കളക്ടറായി ജോലി ചെയ്യുകയാണ് ആശിഷ് ദാസ്. കേരളാ ഫയര്‍ ഫോഴ്‌സില്‍ ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ് ദാസ്. ആതിരയുടെ സംസ്‌കാരം ഇന്നാണ് നടക്കുന്നത്.
അതേസമയം ആതിരയുടെ പരാതി കിട്ടിയതിന് പിന്നാലെ തന്നെ അരുണിനെതിരെ അന്വേഷണം തുടങ്ങിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വൈക്കം എ എസ് പി തന്നെ ആതിരയോട് നേരിട്ട് സംസാരിച്ചിന്നു. ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണ്‍ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട് എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications