കോട്ടയത്ത് അനിൽ ആന്റണിയെ ഇറക്കാൻ ബിജെപി, ഇടതിന് വേണ്ടി തോമസ് ചാഴിക്കാടൻ എത്തുമോ?
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ മൂന്ന് മുന്നണികളും തിരക്കിട്ട ചർച്ചകളിലാണ്. കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാൻ യുഡിഎഫും, തിരിച്ചടി ആവർത്തിക്കാതിരിക്കാൻ എൽഡിഎഫും, അത്ഭുതങ്ങൾ കാട്ടാൻ എൻഡിഎയും രംഗത്തിറങ്ങുമ്പോൾ തിരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടം തന്നെ നടക്കുമെന്നാണ് വിലയിരുത്തൽ.
അതിനിടെ സംസ്ഥാനത്തെ പല സീറ്റുകളിലും മുന്നണികൾ സ്ഥാനാർത്ഥികളുടെ ചിത്രം ഏതാണ്ട് തയ്യാറാക്കി കഴിഞ്ഞു. അത്തരത്തിൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ഇക്കുറി രംഗത്തിറക്കുക സർപ്രൈസ് സ്ഥാനാർത്ഥിയെ ആണെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റാരുമല്ല, സാക്ഷാൽ അനിൽ ആന്റണി തന്നെയാവും കോട്ടയത്ത് എൻഡിഎക്ക് വേണ്ടി കച്ചകെട്ടി ഇറങ്ങുകയെന്നാണ് വിവരം.

യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസും, എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് എമ്മും നേരിട്ട് പോരാട്ടം നടത്തുന്ന കോട്ടയം സീറ്റിൽ അനിൽ ആന്റണിയെ ഇറക്കുക വഴി വലിയ പ്രതീക്ഷകളാണ് ബിജെപിയും എൻഡിഎയും മുന്നോട്ട് വയ്ക്കുന്നത്. കോട്ടയത്ത് കേരള കോൺഗ്രസിനുള്ള ജനപിന്തുണ രണ്ട് വഴിക്കായി പിരിയുന്ന സാഹചര്യത്തിൽ ഇതിൽ നിന്ന് നേട്ടമുണ്ടാക്കുകയാണ് എൻഡിഎ ഇതിലൂടെ ലക്ഷ്യമിടുന്നത്.
അനിൽ ആന്റണിയുടെ പേര് തന്നെയാണ് ബിജെപി നേതൃത്വം കോട്ടയം പാർലമെന്റ് സീറ്റിലേക്ക് സജീവമായി പരിഗണിക്കുന്നത്. ജില്ലയിൽ നിന്നുള്ള മറ്റ് നേതാക്കളുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അനിലിന് തുണയാവുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖല, കോൺഗ്രസിൽ പ്രവർത്തിച്ച പരിചയം എന്നിങ്ങനെയാണവ.
അതേസമയം, മണ്ഡലത്തിൽ എൽഡിഎഫിന് വേണ്ടി തോമസ് ചാഴിക്കാടൻ രംഗത്ത് ഇറങ്ങുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്. 1,06,259 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്റെ വിജയം. എൻഡിഎ കൂടി സജീവമാകുന്നതോടെ ഇക്കുറി മത്സരം കൂടുതൽ കടുപ്പവമാകും എന്നാണ് വിലയിരുത്തൽ.
യുഡിഎഫിൽ ഇപ്പോഴും സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണ ആയിട്ടില്ല. കേരള കോൺഗ്രസിൽ നിന്നുള്ള മോൻസ് ജോസഫിനെയാണ് സ്ഥാനാർഥിയായി കോൺഗ്രസ് നേതൃത്വം ആഗ്രഹിച്ചതെങ്കിലും പാർലമെന്റിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതോടെ ചർച്ചകൾ ഇടുക്കി മുൻ എംപി ഫ്രാൻസിസ് ജോർജിനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
നിലവിൽ കോട്ടയം സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിന്റെ പേര് തന്നെയാണ് ഉയർന്നു കേൾക്കുന്നത്. പ്രിൻസ് ലൂക്കോസിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ഇതിന് പുറമെ സീറ്റിനായി കൂടുതൽ അവകാശവാദങ്ങളും ഉയരുന്നുണ്ട്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിന് പുറമെ പിസി തോമസ് ഉൾപ്പെടെയുള്ളവരുടെ പേരും പട്ടികയിലുണ്ട്.












Click it and Unblock the Notifications