'കാലം പൊറുക്കാത്ത തെറ്റായി ലീഗ് ചരിത്രത്തിൽ ഇതു രേഖപ്പെടുത്തപ്പെടും'; വിമർശിച്ച് കെടി ജലീൽ
മലപ്പുറം: ലീഗ് പതാക പാകിസ്താനില്‍ പോയി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വെമ്പായം നസീറിന്റെ ആരോപണം തളളി മുസ്ലീം ലീഗ് നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതോടെ ലീഗിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് മുന്‍ മന്ത്രി കെടി ജലീല്‍. കോൺഗ്രസ്സിനെ പ്രീതിപ്പെടുത്താനാണ് വെമ്പായം നസീറിനെ ലീഗ് തള്ളിപ്പറഞ്ഞതെന്നും കാലം പൊറുക്കാത്ത തെറ്റായി ലീഗു ചരിത്രത്തിൽ ഇതു രേഖപ്പെടുത്തപ്പെടും എന്നും ജലീൽ പ്രതികരിച്ചു.
കെടി ജലീലിന്റെ കുറിപ്പ്: ' വെമ്പായം നസീറിനെ ലീഗ് സസ്പെൻ്റ് ചെയ്തു!!! തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ആറ്റിപ്രയിൽ നടന്ന UDF പരിപാടിയിൽ ഘടകകക്ഷിയായ മുസ്ലിംലീഗിൻ്റെ പതാക കെട്ടി. അത് വലിച്ചെറിഞ്ഞ്, ലീഗുപ്രവർത്തകൻ വെമ്പായം നസീറിനോട് "പച്ചപ്പതാക'' പാക്കിസ്ഥാനിൽ കൊണ്ടുപോയി കെട്ടിയാൽ മതിയെന്ന് പറഞ്ഞ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗോപാലകൃഷ്ണൻ എന്ന സനൽകുമാർ അധിക്ഷേപിച്ച് സംസാരിച്ചു. വസ്തുതകൾ കലർപ്പില്ലാതെ മനസ്സ് പൊട്ടി നസീർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങൾ അതേറ്റെടുത്തു. സത്യാവസ്ഥ പുറത്ത് പറഞ്ഞതിനാണ് വെമ്പായം നസീറിനെ ലീഗിപ്പോൾ സസ്പെൻ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി അംഗം, എസ്.ടി.യു സംസ്ഥാന സമിതി അംഗം, ചിറയൻകീഴ് മണ്ഡലം കമ്മിറ്റി അംഗം, കഴക്കൂട്ടം സി.എച്ച് മുഹമ്മദ് കോയ ജീവകാരുണ്യ പദ്ധതി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കവെയാണ് ലീഗിൽ നിന്നുള്ള നസീറിൻ്റെ പുറത്താക്കപ്പെടൽ. അറിയപ്പെടുന്ന കാർട്ടൂണിസ്റ്റുകൂടിയാണ് വെമ്പായം നസീർ. നിരവധി കാർട്ടൂണുകൾ ചന്ദ്രിക ദിനപത്രത്തിൽ അദ്ദേഹം വരച്ചിട്ടുണ്ട്. മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങളിലും നസീറിൻ്റെ കാർട്ടൂണുകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.

മികച്ച കാർട്ടൂണിസ്റ്റിനുള്ള ജസ്റ്റിസ് ശ്രീദേവിയുടെ സ്മരണാർത്ഥമുള്ള അവാർഡും ചടയൻ കാർട്ടൂൺ പുരസ്കാരവും ഉൾപ്പടെ നിരവധി അംഗീകാര പതക്കങ്ങൾ നസീറിന് ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ കണ്ണിൽ ചോരയില്ലാത്തവരാൽ അടിച്ചും ഇടിച്ചും കൊല ചെയ്യപ്പെട്ട മധുവിനെ ഇതിവൃത്തമാക്കി വിവിധ പത്രങ്ങളിൽ അദ്ദേഹം വരച്ച കാർട്ടൂണുകൾ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രകലാ അദ്ധ്യാപകൻ കൂടിയായ വെമ്പായം നസീറിനെ കലാരംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തി ജൻമനാടിനു വേണ്ടി കരുണ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചത് ഒന്നരവർഷം മുമ്പാണ്.
അറിയപ്പെടുന്ന സിനിമാ സീരിയൽ അസിസ്റ്റൻ്റ് ആർട്ട് ഡയറക്ടർ കൂടിയാണ് നസീർ. ഭരത് ചന്ദ്രൻ ഐ.പി.എസ്, മായാവി, ദാദാസാഹിബ്, രസികൻ, ഇൻസ്പെക്ടർ ഗരുഡ്, റോമിയോ തുടങ്ങി പതിനഞ്ചോളം സിനിമയിലും കുടുംബവിളക്ക്, മരുഭൂമിയിലെ പൂക്കാലം, ജ്വാല, അളിയൻമാർ പെങ്ങൻമാർ, തുടങ്ങി ഇരുപത്തിയഞ്ചോളം സീരിയലുകളിലും അസിസ്റ്റൻ്റ് ആർട്ട് ഡയറക്ടറായി പ്രവർത്തിച്ച ലീഗു പ്രവർത്തകനാണ് വെമ്പായം നസീർ.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 14 ജില്ലകളിലും സ്നേഹ സംഗമങ്ങൾ നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ കൂട്ടായ്മയിൽ പങ്കെടുക്കാൻ തങ്ങൾ വന്നപ്പോൾ അദ്ദേഹത്തിന് നസീർ താൻ വരച്ച കാർട്ടൂൺ സമ്മാനിച്ചതിൻ്റെ ഫോട്ടോയാണ് ഇമേജായി കൊടുത്തിരിക്കുന്നത്. ഇദ്ദേഹത്തിനാണ് ലീഗിൽ മെമ്പർഷിപ്പില്ലെന്ന് ലീഗ് പറഞ്ഞത്. സത്യസന്ധനും നിഷ്കളങ്കനുമായ ഒരു ലീഗു പ്രവർത്തകനെയാണ് കോൺഗ്രസ്സിനെ പ്രീതിപ്പെടുത്താൻ ലീഗ് തള്ളിപ്പറഞ്ഞത്. ഗോപാല കൃഷ്ണൻ എന്ന സനൽകുമാറിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിക്കേണ്ടതിന് പകരം വാദിയെ പ്രതിയാക്കി നസീറിനെ പടിയടച്ച് പിണ്ഡം വെച്ച ലീഗ് നിലപാട് പ്രതിഷേധാർഹമാണ്. കാലം പൊറുക്കാത്ത തെറ്റായി ലീഗു ചരിത്രത്തിൽ ഇതു രേഖപ്പെടുത്തപ്പെടും''.












Click it and Unblock the Notifications