ആര്യനെതിരെ എന്‍സിബി വിശ്വസ്തരെ സാക്ഷികളാക്കുന്നു, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് മന്ത്രി
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണ സംശയാസ്പദമാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. നിര്‍ണായകമായ ചില വിവരങ്ങള്‍ സമീര്‍ വാംഖഡെയ്‌ക്കെതിരെ പുറത്തുവിട്ടിരിക്കുകയാണ് മന്ത്രി. അടുപ്പക്കാരെയും പരിചയക്കാരെയും കേസില്‍ സാക്ഷികളാക്കുകയാണെന്ന് നവാബ് മാലിക് പറഞ്ഞു. ആര്യനെതിരെയുള്ള കേസുകളില്‍ മാത്രമല്ല പല കേസുകളിലും എന്‍സിബി ഇത് തന്നെയാണ് ചെയ്യുന്നതെന്നും നവാബ് മാലിക് ആരോപിച്ചു. ചില ചിത്രങ്ങളും ഇതോടെ മന്ത്രി പുറത്തുവിട്ടിട്ടുണ്ട്. അതില്‍ സാക്ഷികളുമായി സമീറിന് ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്.

ഈ ചിത്രത്തില്‍ കാണുന്നത് ഫ്‌ളെച്ചര്‍ പട്ടേലാണ്. ഒപ്പം നില്‍ക്കുന്നത് ജാസ്മിന്‍ വാംഖഡെയും. സമീര്‍ വാംഖഡെയുടെ സഹോദരിയാണ് ജാസ്മിനെന്നും നവാബ് മാലിക് പറഞ്ഞു. ഫ്‌ളെച്ചര്‍ പട്ടേല്‍ സമീര്‍ വാംഖഡെയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും മാലിക് പുറത്തുവിട്ടു. ഫ്‌ളെച്ചറിനും സമീറിനും പരസ്പരം നന്നായി അറിയുന്നവരാണെന്നും മാലിക് പറഞ്ഞു. സ്വന്തം വിശ്വസ്തരെയും അടുപ്പക്കാരെയുമെല്ലാം എങ്ങനെയാണ് എന്‍സിബി ആര്യനെതിരായ കേസില്‍ സാക്ഷികളാക്കാന്‍ സാധിക്കുക എന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്ന് നവാബ് മാലിക് പറയുന്നു. ലേഡി ഡോണ്‍ എന്ന് വിളിക്കുന്ന ഒരാള്‍ക്കൊപ്പം ഫ്‌ളെച്ചര്‍ പട്ടേല്‍ നില്‍ക്കുന്ന ചിത്രമുണ്ട്. ആരാണ് ലേഡി ഡോണെന്നും മാലിക് ചോദിക്കുന്നു.
നേരത്തെ എന്‍സിബി മൂന്ന് പേരെ ആഢംബര കപ്പലിലെ റെയ്ഡില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വൈകാതെ തന്നെ വെറുതെ വിട്ടുവെന്ന് നേരത്തെ നവാബ് മാലിക് പറഞ്ഞു. ആര്യന്‍ അടക്കമുള്ള പതിനൊന്ന് പേരെയാണ് എന്‍സിബി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ റിഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, ആമിര്‍ ഫര്‍ണിച്ചര്‍വാല, എന്നിവരെ വിട്ടയച്ചു. ബിജെപിയും എന്‍സിബിയും തമ്മില്‍ വലിയ അന്തര്‍ധാരയുണ്ട്. ബിജെപി തീരുമാനിക്കും പോലെയാണ് കേസില്‍ അറസ്റ്റ് നടക്കുന്നത്. റിഷഭ് സച്ച്‌ദേവ ബിജെപി നേതാവ് മൊഹിത് കാംബോജിന്റെ ബന്ധുവാണെന്നും നവാബ് മാലിക് പറഞ്ഞു. മുംബൈ പോലീസിന്റെ നാര്‍ക്കോട്ടിസ് വിരുദ്ധ സെല്‍ ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയും എന്‍സിബിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്‍സിബി സെലിബ്രിറ്റികളെ പിടിച്ച് അത് നാട് മുഴുവന്‍ അറിയിക്കാനായി ബഹളം ഉണ്ടാക്കുകയാണ്. എന്നിട്ട് ഫോട്ടോയുമെടുക്കും. അല്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രമാണോ മയക്കുമരുന്ന് പിടിച്ചെടുക്കുന്നത്. കോടികളുടെ വിലയുള്ള മയക്കുമരുന്ന് മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചില്ലേ? ആകെ ഒരു നുള്ള് കഞ്ചാവാണ് എന്‍സിബി പിടിച്ചത്. എന്നാല്‍ മുംബൈ പോലീസ് പിടിച്ചതോടെ 150 കോടി വിലയുള്ള മയക്കുമരുന്നും. വെറും സെലിബ്രിറ്റികളെ പിടിക്കുന്നതില്‍ മാത്രമാണ് എന്‍സിബിയുടെ ശ്രദ്ധയെന്നും ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications