ആര്യന്‍ ഖാന് ജയിലില്‍ കൗണ്‍സിലിംഗ്, എന്‍സിബി മാത്രമല്ല, സമീര്‍ വാംഖഡെയോട് താരപുത്രന്‍ പറഞ്ഞത് ഇങ്ങനെ
മുംബൈ: ആര്യന്‍ ഖാന് ജാമ്യം കിട്ടാതെ മയക്കുമരുന്ന് കേസ് പിന്നെയും മുന്നോട്ട് പോവുകയാണ്. ഇനി ഇരുപതാം തിയതി മാത്രമാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ആര്യന്റെ അവസ്ഥയില്‍ ആകെ അസ്വസ്ഥരാണ്. കഴിഞ്ഞ ദിവസം ഷാരൂഖ് മകന് ജയിലില്‍ നിന്ന് ഭക്ഷണം വാങ്ങാനായി 4500 അയച്ച് നല്‍കിയിരുന്നു.
ഒരുമാസം ജയില്‍ കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായി ആര്യന് ഉപയോഗിക്കാന്‍ പറ്റുന്ന പരമാവധി തുകയാണിത്. ഭേല്‍പൂരി അടക്കമുള്ളവ ഇവിടെ നിന്ന് വാങ്ങാനും ആര്യന് സാധിക്കും. എന്നാല്‍ വീട്ടില്‍ നിന്ന് ഭക്ഷണമെത്തിക്കാന്‍ ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ സമ്മതിച്ചിട്ടില്ല. അതേസമയം ആര്യന്‍ ഇപ്പോള്‍ ജയിലില്‍ കൗണ്‍സിലിംഗിന് വിധേയനായിരിക്കുകയാണ്. മയക്കുമരുന്ന് കേസായത് കൊണ്ടാണിത്. ഇതിന്റെ വിശദവിവരങ്ങള്‍ അറിയാം.

എന്‍സിബി കസ്റ്റഡിയില്‍ വെച്ചായിരുന്നു ആര്യന്‍ കൗണ്‍സിലിംഗിന് വിധേയനായിരിക്കുന്നത്. ചില ഉറപ്പുകള്‍ സമീര്‍ വാംഖഡെയ്ക്ക് ആര്യന്‍ നല്‍കിയിരിക്കുകയാണ്. ആര്യനെ അറസ്റ്റ് ചെയ്യുകയും, ക്രൂയിസ് ഷിപ്പിലെ റേവ് പാര്‍ട്ടിയില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സമീര്‍ വാംഖഡെ. എന്നെ ഓര്‍ത്ത് നിങ്ങള്‍ക്ക് ഒരു ദിവസം അഭിമാനിക്കാമെന്നാണ് ആര്യന്‍ വാംഖഡെയോട് പറഞ്ഞത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ വിഭാഗത്തെ താന്‍ സഹായിക്കും. ജയിലില്‍ നിന്ന് പുറത്തുവന്നാല്‍ തീര്‍ച്ചയായും താന്‍ നല്ലൊരു മനുഷ്യനായി മാറുമെന്നും ആര്യന്‍ കൗണ്‍സിലിംഗില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കി.
ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

ആര്യന്റെ വാക്കുകള്‍ ശരിക്കും ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. എന്‍ജിഒ പ്രവര്‍ത്തകരും എന്‍സിബി ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് ആര്യനെയും അറസ്റ്റിലായ മറ്റുള്ളവരെയും കൗണ്‍സിലിംഗ് നടത്തിയത്. എന്‍സിബിയുടെ കൗണ്‍സിലിംഗ് രീതികള്‍ക്കും ചില പ്രത്യേകതളുണ്ട്. അറസ്റ്റ് ചെയ്ത് ആദ്യ ശക്തമായ തെളിവുകള്‍ സ്വീകരിക്കുന്നതാണ് എന്‍സിബിയുടെ രീതി. ഇത് കുറ്റവാളിക്ക് ശിക്ഷ ഉറപ്പാക്കുന്നത രീതിയാണ്. എന്നാല്‍ കൊടുംകുറ്റവാളിയാണ് പ്രതിയെങ്കില്‍ കസ്റ്റഡിയില്‍ കര്‍ശനമായ രീതികളായിരിക്കും എന്‍സിബി സ്വീകരിക്കുക. എന്നാല്‍ ആദ്യമായി അറസ്റ്റിലാവുന്നവരുടെ കാര്യത്തില്‍ മൃദുസമീപനമാണ് എന്‍സിബിക്ക് ഉണ്ടാവുക.

ആര്യന്‍ ഖാന്റെ കേസില്‍ ഈ ഇളവുകള്‍ ഉണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് മയക്കുമരുന്ന് കേസില്‍ ആര്യന്‍ അറസ്റ്റിലാവുന്നത്. മറ്റൊന്ന് മയക്കുമരുന്നിന് അടിമയായിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യലില്‍ അടക്കം ഇളവുകള്‍ ഉണ്ടാവും. അവര്‍ക്ക് കൗണ്‍സിലിംഗും എന്‍സിബി നല്‍കും. ഇത് പ്രതിക്ക് സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. ഇതിലൂടെ സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രചോദിപ്പിക്കും. ഒപ്പം സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിലെ സഹായിക്കാനും ഇവര്‍ക്ക് ആവേശം പകരും. ആര്യന്‍ ഖാന്റെ കാര്യത്തില്‍ മുന്‍കാല ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നുമില്ല. മുമ്പ് യാതൊരു കേസിലും ആര്യന്‍ അറസ്റ്റിലായിട്ടില്ല.

കൗണ്‍സിലിംഗിലൂടെ അന്വേഷണ ഉദ്യോഗസ്ഥരെ താന്‍ നല്ലത് ചെയ്യുമെന്ന് ബോധ്യപ്പെടുത്താന്‍ ആര്യന് സാധിച്ചിരിക്കുകയാണ്. ഒരുപക്ഷേ അടുത്ത ജാമ്യാപേക്ഷ എന്‍സിബി എതിര്‍ക്കാനും സാധ്യതയില്ല. ഈ കൗണ്‍സിലിംഗിന് ചില രീതികളുണ്ട്. ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടയാളാണ് അറസ്റ്റിലാവുന്നതെങ്കില്‍ അയാളുടെ മതവിഭാഗത്തില്‍ നിന്നുള്ള നേതാക്കളെയാണ് കൗണ്‍സിലിംഗിനായി എന്‍സിബി ഓഫീസിലേക്ക് വിളിച്ചുവരുത്തുക. ഈ മത നേതാക്കളോ ആത്മീയ നേതാക്കളോ ഇവരെ നന്മയുടെ പാതയിലേക്ക് നയിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കും. ഒപ്പം എന്‍സിബി വ്യക്തിപരമായും പ്രതിയുമായി സംസാരിക്കും. ആര്യന്റെ കാര്യത്തില്‍ മതനേതാക്കളെയാണ് വിളിച്ചതെന്ന് ഉറപ്പില്ല.

നിത്യേന പ്രതികള്‍ക്കെല്ലാം കൗണ്‍സിലിംഗ് ഉണ്ടാവും. താരതമ്യേന ഗുരുതരമല്ലാത്ത കുറ്റം ചെയ്തവര്‍ക്കാണ് ഇത്തരത്തില്‍ കൗണ്‍സിലിംഗ് നല്‍കുക. അതേസമയം ഏത് മതവിഭാഗത്തില്‍പ്പെട്ടയാളാണോ പ്രതി അയാള്‍ക്ക് ആ വിഭാഗത്തിന്റെ വിശുദ്ധ മതഗ്രന്ഥം രാവിലെ വായിക്കാന്‍ നല്‍കും. പണ്ഡിതന്മാരും മൗലാനമാരും സന്ന്യാസിമാരുമെല്ലാം മുംബെയിലെ എന്‍സിബി ഓഫീസ് ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ട്. ഇതെല്ലാം കൗണ്‍സിലിംഗിന് വേണ്ടിയാണ്. എന്‍സിബി കസ്റ്റഡിയില്‍ നിന്ന് വിട്ടാല്‍ സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് ഇവര്‍ ഉറപ്പ് നല്‍കും. ആറ് മാസത്തോളം ഈ സമൂഹസേവനം തുടരണം. ആര്യന്റെ കാര്യത്തില്‍ ഇത് സംഭവിക്കും.

ആര്യന്‍ ഖാനെ ലോക്കപ്പിലാണ് എന്‍സിബി അടച്ചിരുന്നത്. ആര്യന്റെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യവും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 30 മിനുട്ടോളം സമീര്‍ വാംഖഡെ ആര്യന് കൗണ്‍സിലിംഗ് നല്‍കും. പ്രധാനമായും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളാണ് ആര്യനെ ബോധ്യപ്പെടുത്തുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് കൊണ്ട് ആര്യന്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടെന്ന് വാംഖഡെ താരപുത്രനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം തുടരുകയാണെങ്കില്‍ ആര്യന്റെ ആരോഗ്യനില തന്നെ വളരെ മോശമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇനിയും മയക്കുമരുന്ന് ഉപയോഗം തുടര്‍ന്ന് ഷാരൂഖ് ഖാന്‍ അടക്കമുള്ള ആര്യന്റെ കുടുംബം പ്രശ്‌നത്തിലേക്ക് വീഴുമെന്നും സമീര്‍ വാംഖഡെ അറിയിച്ചിട്ടുണ്ട്.

മയക്കുമരുന്ന് വാങ്ങി പണം കളയുന്നതിലും നല്ലത് ആ പണം കൊണ്ട് ജനങ്ങളെ സഹായിക്കുന്നതാണെന്ന് വാംഖഡെ ആര്യനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്‍സിബി ഓഫീസിലെ സീനിയര്‍ ഉദ്യോഗസ്ഥരെല്ലാം ദിവസേന ആര്യന് കൗണ്‍സിലിംഗ് നല്‍കാറുണ്ട്. ആര്യന് വിദ്യാഭ്യാസവും അതോടൊപ്പം ആധുനിക ചിന്താഗതിയുമുണ്ട്. മറ്റ് പ്രതികളെ പോലെ മതപരമായി അത്ര സ്വാധീനവും ആര്യനില്‍ ഇല്ല. അതുകൊണ്ട് മതഗ്രന്ഥങ്ങളൊന്നും ആര്യന് വായിക്കാന്‍ നല്‍കിയിട്ടില്ല. താന്‍ ചെയ്ത കുറ്റങ്ങള്‍ സമീര്‍ വാംഖഡെയ്ക്ക് മുന്നില്‍ ആര്യന്‍ ഏറ്റുപറഞ്ഞു. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെന്നും, തന്റെ സേവനം രാഷ്ട്രത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടിയായിരിക്കുമെന്ന് ആര്യന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ആര്യന്‍ എന്ത് കാര്യം ചെയ്താലും അക്കാര്യം തങ്ങള്‍ നിരീക്ഷിക്കുമെന്ന് എന്‍സിബി അറിയിച്ചിട്ടുണ്ട്. എപ്പോഴും ആര്യന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലായിരിക്കുമെന്നാണ് എന്‍സിബി പറഞ്ഞിരിക്കുന്നത്. ഇതിനാണ് താന്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ടാവുമെന്ന് ആര്യന്‍ മറുപടി നല്‍കിയത്. ആദ്യ ദിവസം തന്നെ ആര്യന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. ജയിലില്‍ ചില കാര്യങ്ങള്‍ ചെയ്യാമെന്ന് ആര്യന്‍ പറഞ്ഞിരുന്നെങ്കിലും എന്‍സിബി അത് അനുവദിച്ചിരുന്നില്ല. ആര്യന്റെ സുരക്ഷയെ കരുതിയാണ് ഇത്. മറ്റുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതും ആര്യന്‍ ശ്രദ്ധിച്ചിരുന്നു. ആര്യന്റെ കാര്യത്തില്‍ എന്‍സിബി നല്ല പ്രവര്‍ത്തനമാണ് നടത്തിയതെന്ന് അഭിഭാഷകന്‍ സതീഷ് മാനെഷിന്‍ഡെയും പറഞ്ഞിരുന്നു.












Click it and Unblock the Notifications