മുംബൈയില്‍ താഴേക്കിറങ്ങാതെ കൊവിഡ്, ഇന്ന് മാത്രം 15166 രോഗികള്‍, പ്രതിദിന വര്‍ധനയില്‍ റെക്കോര്‍ഡ്
മുംബൈ: കൊവിഡ് കേസുകളില്‍ മുംബെയില്‍ വന്‍ വര്‍ധന. ഇന്ന് മാത്രം 15166 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 39 ശതമാനം കേസുകളുടെ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിദിന വര്‍ധനവില്‍ എല്ലാ റെക്കോര്‍ഡുകളും മറികടന്നാണ് കൊവിഡ് കുതിപ്പ്. ഒമൈക്രോണിന്റെ വരവോട് വന്‍ തോതിലുള്ള വ്യാപനമാണ് നഗരത്തിലും മഹാരാഷ്ട്രയിലുമുണ്ടായിരിക്കുന്നത്. രാജ്യത്തെല്ലായിടത്തും വ്യാപകമായി കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ അത് മറ്റൊരു തലത്തിലേക്ക് പോയിരിക്കുകയാണ്. അതേസമയം കൊവിഡ് മഹാമാരി ആരംഭിച്ച ശേഷം മുംബൈയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്.

മൂന്ന് മരണങ്ങള്‍ ഇന്ന് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിന് 11163 കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. അതേസമയം ഇന്നത്തെ കേസുകളില്‍ 1218 പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇതില്‍ 80 പേര്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ സഹായവും ആവശ്യമാണ്. 87 ശതമാനം കേസുകളും യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവയാണ്. 10860 കേസുകളാണ് ഇന്നലെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗത്തില്‍ ആകെ വിറച്ച് പോയ നഗരമായിരുന്നു മുംബൈ. ഇവിടെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.
ഒമൈക്രോണാണ് നഗരത്തില്‍ കൂടുതല്‍ വ്യാപനത്തിന് ഇടയാക്കുന്നത്. നഗരത്തിലാകെ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉള്ളത്. ബീച്ചുകളിലും ഗ്രൗണ്ടുകളിലും പാര്‍ക്കുകളിലുമെല്ലാം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നിയന്ത്രണങ്ങള്‍ നഗരത്തിലുണ്ട്. ജനുവരി പതിനഞ്ച് വരെ ഇത് തുടരും. ആള്‍ക്കൂട്ടങ്ങള്‍ ധാരാളം വരുന്ന പരിപാടികള്‍ക്കെല്ലാം നഗരത്തില്‍ വിലക്കുണ്ട്. വാര്‍ഡ് തലത്തിലുള്ള വാര്‍ റൂമുകള്‍ വീണ്ടും തുറന്നിരിക്കുകയാണ് ബിഎംസി. കേസുകള്‍ വര്‍ധിച്ച് വരുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. 24 വാര്‍ഡുകളിലും വാര്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഇവരാണ് ആശുപത്രികളിലേക്ക് വരുന്ന കേസുകള്‍ കൈകാര്യം ചെയ്യുക. ഒപ്പം ഓക്‌സിജന്‍ ലഭ്യത, മരുന്നുകളുടെ ആവശ്യം, വാക്‌സിനേഷന്‍ എന്നിവയും ഇവരാണ് ഉറപ്പുവരുത്തുക.
മഹാരാഷ്ട്രയില്‍ തല്‍ക്കാലം ലോക്ഡൗണില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പകരം കേസുകള്‍ വര്‍ധിക്കുന്ന മേഖല നോക്കി നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. അവശ്യ സേവനങ്ങള്‍ അല്ലാത്ത കാര്യങ്ങള്‍ക്കൊക്കെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഇത്തരം കാര്യങ്ങള്‍ അനാവശ്യമായി ആള്‍ക്കൂട്ടത്തെ ക്ഷണിച്ച് വരുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആള്‍ക്കൂട്ടത്തെ ശക്തമായി തന്നെ നിയന്ത്രിക്കുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ഇന്ന് മാത്രം 25000 കേസുകള്‍ മഹാരാഷ്ട്രയില്‍ പുതിയതായി വരുമെന്നും ആരോഗ്യ മന്ത്രി പറയുന്നു. ക്വാറന്റീന്‍ കാലാവധി ഏഴ് ദിവസമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും ടോപ്പെ പറഞ്ഞു.












Click it and Unblock the Notifications