അട്ടപ്പാടി മധു കേസ്; വീണ്ടും സാക്ഷി കൂറുമാറി.. ആദ്യ മൊഴി പോലീസ് നിർബന്ധിച്ചത് പ്രകാരമെന്ന്
പാലക്കാട്; അട്ടപ്പാടി മധു കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയായി മറ്റൊരു സാക്ഷി കൂടി കൂറുമാറി.വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്നാണ് അനിൽ കോടതിയിൽ മൊഴി നൽകിയത്. മധുവിനെ അറിയാമെന്ന തന്റെ ആദ്യ മൊഴി പോലീസ് നിർബന്ധപ്രകാരമായിരുന്നുവെന്നാണ് അനിൽ കോടതിയിൽ പറഞ്ഞത്.

പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറായി രാജേഷ് മേനോൻ ചുമതല ഏറ്റെടുത്തതിന് ശേഷം ഇന്നായിരുന്നു കേസിൽ വീണ്ടും സാക്ഷി വിസ്താരം പുനരാരംഭിച്ചത്. നേരത്തെ രണ്ട് സാക്ഷികൾ കേസിൽ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് ഇതിനിടയിലാണ് മറ്റൊരു സാക്ഷിയുടെ കൂടി കൂറുമാറ്റം .
സാക്ഷികളായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ എന്നിവരായിരുന്നു കേസിൽ ആദ്യം കൂറുമാറിയവർ. മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്ന് മജിസ്ട്രേറ്റിന് മുൻപിൽ മൊഴി നൽകിയ സാക്ഷിയാണ് ഉണ്ണികൃഷ്ണൻ. കേസിലെ 10ാം സാക്ഷിയാണ് ഇയാൾ, ചന്ദ്രൻ കേസിലെ 11ാം സാക്ഷിയാണ്. സാക്ഷികൾ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്നായിരുന്നു ആവശ്യം. അതുവരെ വിചാരണ നിർത്തിവെയ്ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനായി ഹൈക്കോടതിയെ സമീപിക്കാൻ വിചാരണ കോടതി മധുവിന്റെ കുടുംബത്തോട് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഉടപെട്ടാണ് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്.












Click it and Unblock the Notifications