പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം തുടങ്ങി
പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം തുടങ്ങി
പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം യുവാവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് മൊഴി. മോഷണ കേസിലെ പ്രതിയാണ് വെളിപ്പെടുത്തല്‍ നടത്തിരിക്കുന്നത്. മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് പൊലീസിന് വിവരം ലഭിച്ചത്.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നൽകിയത്. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടി എന്നാണ് പ്രതി നൽകിയ മൊഴി.

പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പോലീസ് സംഘം സ്ഥലത്ത് തിരച്ചില്‍ തുടങ്ങി. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ പാലക്കാട് യുവതി അറസ്റ്റിൽ. ഭാര്യ ശശികലയുടെ കൊലപാതക ശ്രമത്തിൽ പുതൂർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യന് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 12. 30 ഓടെയാണ് കൊലപാതക ശ്രമം നടന്നത്.
സംഭവ ദിവസം സുബ്രഹ്മണ്യൻ മദ്യപിച്ചാണ് എത്തിയത്. ഇതോടെ സുബ്രഹ്മണ്യൻ വീടിന് പുറത്തെ വരാന്തയിൽ കിടന്നു. ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്ന സമയമാണ്. ഉറങ്ങിക്കിടക്കുന്ന തന്റേ മേൽ തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണർന്ന സുബ്രഹ്മണ്യൻ നിലവിളിച്ചു.
ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേർന്ന് തീയണച്ചു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്.
സ്ഥിരമായി മദ്യപിച്ചെത്തുന് സുബ്രഹ്മണ്യൻ തന്നെയും മക്കളെയും മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താൻ കാരണമായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ശശികല കുറ്റം സമ്മതിച്ചതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications