ശബരിമല: ഭക്തിനിർഭരമായ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം
ശബരിമല: ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇന്ന് സമാപനം. വൈകീട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വർഷത്തെ തീർത്ഥാടന കാലത്തിന് സമാപനം കുറിക്കും. മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച അയപ്പന്റെ എഴുന്നള്ളത്ത് ശരം കുത്തിയില്‍ സമാപിച്ചു. അഞ്ചുനാൾ നീണ്ട മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയിൽ വാദ്യമേളങ്ങളോടെ ഭക്തിനിർഭരമായി മാളികപ്പുറത്തുനിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പൻ എഴുന്നള്ളുകയായിരുന്നു.
മകരവിളക്ക് മുതൽ നാല് ദിവസം മാളികപ്പുറത്തുനിന്ന് പതിനെട്ടാംപടിയിലേക്കായിരുന്നു എഴുന്നള്ളത്ത്. അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്. കളമെഴുത്തു കഴിഞ്ഞ് അത്താഴപൂജക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖത്തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്. ശരംകുത്തിയിൽവെച്ച് നായാട്ടു വിളിയും നടത്തി.

ശരംകുത്തിയിൽ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയ്യപ്പൻ മണിമണ്ഡപത്തിലേക്കു മടങ്ങുന്നു. തീവെട്ടികൾ എല്ലാം അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെ നിശ്ശബദ്മായാണ് മടക്കം. ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്. മകരവിളക്കുത്സവത്തിന് പരിസമാപ്തി കുറിച്ച് 19ന് രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. 19ന് കൂടി മാത്രമേ ദർശനം ഉള്ളൂ. 20ന് പുലർച്ചെ നട അടയ്ക്കും.
നട അടയ്ക്കുന്ന ജനുവരി 20ന്, രാവിലെ പത്തു മണി വരെ പമ്പയിൽ നിന്നുള്ള കെ എസ് ആർ ടി സി സ് സർവീസുകൾ ഉണ്ടാകും. തിരുവനന്തപുരം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യൽ സർവീസുകൾ ഉണ്ടാവുക. 20 മുതൽ ഷെഡ്യൂൾ സർവീസുകളും നടത്തും.
ഷെഡ്യൂൾ സർവീസുകളുടെ സമയം, സ്ഥലം: രാവിലെ 7 മണി, 7.30 തിരുവനന്തപുരം, ഒമ്പത് മണി എരുമേലി, ഉച്ച 2.30 തിരുവനന്തപുരം, വൈകീട്ട് 5.30-എരുമേലി, വൈകീട്ട് 6.45 പത്തനംതിട്ട.
അതേസമയം, മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ നടത്തുന്ന പ്രധാന ചടങ്ങുകളിൽ ഒന്നായ കളമെഴുത്തിനും പാട്ടിനും സമാപനമായി. ശബരിമലയുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന മാളകപ്പുറം ക്ഷേത്രത്തിന് സമീപത്തെ മണിമണ്ഡപത്തിൽ മകരം ഒന്ന് മുതൽ അഞ്ചു വരെ അയ്യപ്പന്റെ ബാലകൻ, വില്ലാളിവീരൻ, രാജകുമാരൻ, പുലിവാഹനൻ, തിരുവാഭരണവിഭൂഷിതനായ ശാസ്താവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.
പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി നൽകി വിടുന്ന പഞ്ചവർണപ്പൊടികളായ വാകപ്പൊടി, ഉമിക്കരി, അരിപ്പൊടി, മഞ്ഞൾപ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർന്ന ചുവന്ന പൊടി എന്നിവ ഉപയോഗിച്ചാണ് കളമെഴുത്ത്. റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. അജിത് കുമാർ ജനാർദ്ദന കുറുപ്പ്, ജയകുമാർ ജനാർദ്ദന കുറുപ്പ്, രതീഷ്‌കുമാർ അയ്യപ്പ കുറുപ്പ് എന്നിവരാണ് കളമെഴുത്തും പാട്ടും നടത്തിയത്.
മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍












Click it and Unblock the Notifications