നഗരസഭയിലെ നികുതിവെട്ടിപ്പ്; സമരം കടുപ്പിച്ച് ബിജെപി; ആയുധമാക്കി യുഡിഎഫ്
തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസം പിന്നിടുന്നു. സമരം ചെയ്യുന്ന ബി.ജെ.പി കൗണ്‍സിലര്‍മാരുമായി മേയര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. നികുതി തട്ടിപ്പ് പരാതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നാണ് ചര്‍ച്ചക്ക് ശേഷം ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചത്.

തട്ടിപ്പ് നടത്തിയവർക്കെതിരെ കേസെടുക്കാൻ നഗരസഭ പ്രമേയം പാസാക്കുകയും കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് ബി.ജെ.പിയുടെ പ്രധാന ആവശ്യം. അതിനിടെ, വീട്ടുകരവുമായി ബന്ധപ്പെട്ട തട്ടിപ്പിൻ്റെ യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവേ ആരോപിച്ചിരുന്നു.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

നാട്ടുകാര്‍ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയത് അക്കൗണ്ടില്‍ വരവു വയ്ക്കാതെയുമായിരുന്നു കോര്‍പ്പറേഷനിലെ വന്‍ വെട്ടിപ്പ്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ആദ്യം ക്രമക്കേടു കണ്ടെത്തിയത്. സോണല്‍ ഓഫിസുകളില്‍ പൊതുജനം അടച്ച നികുതിപ്പണം ഉദ്യോഗസ്ഥര്‍ തട്ടിച്ചതിലൂടെ കോര്‍പറേഷന് 32,96,954 രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്.

സോണല്‍ ഓഫിസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിര്‍ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പണം ബാങ്കില്‍ അടയ്ക്കാതെയാണ് 33.54 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത്.

തുക നഷ്ടപ്പെട്ട ദിവസങ്ങളില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ പണം അടയ്ക്കാന്‍ ബാങ്കില്‍ പോയെങ്കിലും ബാങ്കില്‍ നിന്നുള്ള കൗണ്ടര്‍ ഫോയിലുകള്‍ വ്യാജമായി ചമച്ചാണ് തട്ടിപ്പു നടത്തിയിരിക്കുന്നതെന്ന് നഗരകാര്യ ഡയറക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. ശ്രീകാര്യം സോണലില്‍ നിന്നു 5,12,785 രൂപയും നേമത്തു നിന്നു 26,74,333 രൂപയും ആറ്റിപ്ര സോണലില്‍ നിന്നു 1,09,836 രൂപയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ 5 ഉദ്യോഗസ്ഥരെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ, അന്വേഷണം പൂർത്തിയാകാതെ, ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകാനാവില്ലെന്ന നിലപാടാണ് മേയർ ആദ്യഘട്ടത്തിൽ സ്വീകരിച്ചത്. ഇതോടെയാണ് സമരം തുടരാൻ ബിജെപി തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മേയർ നേരത്തെ അറിയിച്ചിരുന്നു.നികുതി അടച്ച രസീത് കൈവശമില്ലാത്തവരുടെ പരാതികൾ പ്രത്യേകം പരിശോധിക്കും. ജനത്തിന്റെ ഒരു രൂപ പോലും നഷ്ടമാകില്ലെന്നും നികുതി സോഫ്‍റ്റെവയറിലെ പിഴവുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ വ്യക്തമാക്കുകയാണ്.

ജനങ്ങൾ നൽകിയ വീട്ടുകരം നഷ്ടപ്പെട്ടുവെന്ന തരത്തിൽ ചില മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന പ്രചരണം സത്യവിരുദ്ധമാണ്. സംഭവത്തിൽ നഗരസഭ സ്വീകരിച്ച എല്ലാ നടപടിക്രമങ്ങളും പത്രമാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ചിട്ടുണ്ടെന്നും ആര്യ രാജേന്ദ്രൻ പറയുന്നു. ആരുടെയും വീട്ടുകരം നഷ്ടപ്പെടില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന പൊലീസ് നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.വാസ്തവമിതാണെന്നിരിക്കെ 'നികുതിവെട്ടിപ്പ് സമ്മതിച്ച് മേയർ' എന്ന തലക്കെട്ടിൽ ഒരു മാധ്യമത്തിൽ വന്ന വാർത്ത വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മേയർ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നഗരസഭ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ക്രമക്കേടുകൾ നടന്നത് സ്ഥിരീകരിച്ചാണ് നഗരസഭ സെക്രട്ടറി നഗരകാര്യ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സർക്കാരാണ് റിപ്പോർട്ടിന്മേൽ നടപടിക്രമങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്. നികുതി വെട്ടിപ്പിനെ സർക്കാരിനും സിപിഎമ്മിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനും പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുണ്ട്.

ഇതിനിടെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന യുഡിഎഫ് പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു. യുഡിഎഫും വിഷയത്തിൽ ഇതോടെ പ്രത്യക്ഷമായി ഇടപെടുന്നുണ്ട്. അതേസമയം, നികുതി വെട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യും വരെയും സമരം കടുപ്പിച്ച് മുന്നോട്ടു പോകാൻ തന്നെയാണ് ബിജെപി നേതാക്കളുടെ ശ്രമം.












Click it and Unblock the Notifications