'ഗുണ്ടകളെന്ന പരിഗണന പോലും കിട്ടിയില്ല... ഞങ്ങളെ ഇടിച്ച് ഇഞ്ചപരുവമാക്കി സാറെ'; ചോദ്യം ചെയ്യലിനിടെ പ്രതികള്‍
തിരുവനന്തപുരം: കൊയ്ത്തൂര്‍ക്കോണം വെള്ളൂരില്‍ യുവാക്കളെ മര്‍ദിക്കുകയും കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മംഗലപുരം പി എച്ച് സിക്കു സമീപം എ എസ് ആര്‍ മന്‍സിലില്‍ കുട്ടന്‍ എന്ന ഷെഹിന്‍ (24), കാരമൂട് മുള്ളന്‍കോളനി ആലുനിന്നവിള വീട്ടില്‍ അഷ്‌റഫ് (26) എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
മംഗലപുരം പ്രിന്‍സിപ്പല്‍ എസ് ഐ ഡി ജെ സാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഏപ്രില്‍ 8 ന് രാത്രി ഏഴരയോടെയായിരുന്നു രണ്ടംഗ സംഘം യുവാക്കളെ ആക്രമിച്ചത്. ഒരു 16 വയസുകാരന്‍ വിളിച്ചു പറഞ്ഞത് അനുസരിച്ചാണ് തങ്ങള്‍ വെള്ളൂരിലെത്തി ആക്രമണം നടത്തിയത് എന്നാണ് പ്രതികള്‍ പറഞ്ഞത്.

പ്രതികളിലൊരായ അന്‍സാറുമായി അടുപ്പമുള്ളയാളാണ് 16 കാരന്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 16 കാരനെ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ ചോദ്യം ചെയ്യലിനിടെ പ്രതികളുടെ മറുപടി പൊലീസുകാര്‍ക്കിടയില്‍ ചിരി പടര്‍ത്തി. ആക്രമണത്തിനിടെ തങ്ങള്‍ ഗുണ്ടകളാണെന്ന് പോലും പരിഗണിക്കാതെ തങ്ങളെ ഇടിച്ചു എന്നാണ് പ്രതികള്‍ പറഞ്ഞത്.
ഗുണ്ടകളാണെന്ന് അവര്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നു. അടിയുടെ പെരുമഴയായിരുന്നു എന്നും കൈയ്യില്‍ കിട്ടിയ പട്ടിക കഷ്ണം കൊണ്ടൊക്കെയാണ് തങ്ങളെ തിരിച്ചടിച്ചത് എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. നിവൃത്തിയില്ലാതെ വന്നപ്പോള്‍ ആണ് തങ്ങള്‍ കത്തിയെടുത്തു കുത്തിയത് എന്നും തങ്ങളെ വിളിച്ച 16കാരന് തലേന്ന് ഇവരില്‍ നിന്നും തല്ല് കിട്ടിയിരുന്നു എന്നും പ്രതികള്‍ പറഞ്ഞു.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
സംഭവത്തിനു ശേഷം അഷ്‌റഫിന്റെ സഹോദരന്‍ അന്‍സര്‍ (22) ഒളിവില്‍ പോയിരുന്നു. പിന്നീട് ഇയാള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ എത്തി കീഴടങ്ങുകയായിരുന്നു. റിമാന്‍ഡിലായ അന്‍സാറിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ഒട്ടേറെ കേസുകളിലെ പ്രതികളാണ്. ആനതാഴ്ച്ചിറ നിസാം മന്‍സിലില്‍ നിസാമുദ്ദീന്‍ (19), വെള്ളൂര്‍ സ്വദേശി സജിന്‍ (19), ആനതാഴ്ച്ചിറ ലക്ഷംവീട് കോളനിയില്‍ സനീഷ് (21), നിഷാദ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ഓട്ടോറിക്ഷാ ഡ്രൈവര്‍ നെടുമങ്ങാട് പനവൂര്‍ സ്വദേശി സിദ്ദീഖിനെ മംഗലപുരത്ത് ഇടറോഡില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും കത്തികൊണ്ട് കാലില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലും അഷ്‌റഫും അന്‍സറും ഷെഹിനും പ്രതികളാണ്. ഓട്ടോറിക്ഷക്കാരനില്‍ നിന്ന് ഇവര്‍ മൊബൈല്‍ ഫോണും 3,000 രൂപയും തട്ടിയെടുക്കയും ചെയ്തിരുന്നു.












Click it and Unblock the Notifications