Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട് മുന്നോട്ട് പോയെങ്കിലും ഒരുകൂട്ടര്‍ പുറകോട്ട് പോയി; ദൈവത്തിനുമുന്നില്‍ ഋതുവായ പെണ്ണിനെ മാറ്റിനിര്‍ത്തരുതെന്ന് എഴുത്തച്ഛന്‍ തന്റെ വരികളിലൂടെ ഉദ്ധരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തൃശൂര്‍: നാട് മുന്നോട്ട് പോയെങ്കിലും ഒരുകൂട്ടര്‍ എത്രമാത്രമാണ് പുറകോട്ട് പോയതെന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ആദ്യകാല കോണ്‍ഗ്രസ് നേതാക്കളെയും ഉദാഹരിച്ചായിരുന്നു ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകോദ്ഘാടന പ്രസംഗം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ സിസിടിവി ക്യാമറകളുടെ കൂടി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യ മന്ത്രി.

ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അക്ഷരാര്‍ത്ഥ പ്രയോഗങ്ങള്‍ കടന്നുവന്നത്. പുരോഗമനകരമായ ഒരു മാറ്റം സമൂഹത്തിലുണ്ടാക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന് പൊതു പ്രവര്‍ത്തകര്‍ ഒന്നിച്ച് ശ്രമിച്ച നാടാണ് കേരളമെന്ന് കെ. കേളപ്പനെയും മന്നത്ത് പത്മനാഭനെയും എ.കെ.ജിയെയും സുബ്രഹ്മണ്യന്‍ തിരുമുമ്പിനെയും ചൂണ്ടിക്കാട്ടി അദ്ദേഹം ഉദാഹരിച്ചു.

PInarayi Vijayan

ആദ്യകാലത്ത് ഗുരുവായൂര്‍ ക്ഷേത്രം നില നിന്നിരുന്ന പൊന്നാനി താലൂക്കില്‍ സഞ്ചരിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളായ കസ്തൂര്‍ബ ഗാന്ധിയെയും രാജഗോപാലാചാരിയുമൊക്കെ വലിയ പങ്കാണ് വഹിച്ചത്. പക്ഷേ ഇന്ന് ഇത് ആചാരമാണ്, ലംഘിക്കാന്‍ പാടില്ലാത്തതാണ്, വിശ്വാസത്തിന്റെ പ്രശ്‌നമാണ് എന്നൊക്കെ പറയുന്നു. ആചാരങ്ങള്‍ മാറ്റമില്ലാതെ നില നില്‍ക്കണം എന്ന് പറയുന്നവരുടെ അനുയായികള്‍ ശ്രദ്ധിക്കേണ്ടത് ആദ്യകാലത്ത് വഴികാട്ടിയവരുടെ പാത തങ്ങള്‍ പിന്തുടരുന്നുണ്ടോയെന്നു പരിശോധിക്കലാണ്.

കേളപ്പന്റെ വ്യക്തിജീവിതം ആരാധനകള്‍ക്ക് പ്രധാന്യം നല്‍കാത്തതായിരുന്നു. എന്നാല്‍ അദ്ദേഹം പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് ക്ഷേത്രം തകര്‍ക്കാനായിരുന്നില്ല. നാട്ടില്‍ മാറ്റം വരാനും എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവരസരത്തിനുമായിരുന്നു. അനാചാരം വകഞ്ഞുമാറ്റാന്‍ വിശ്വാസം അവിടെ ഊര്‍ജമാകുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ വിഭാഗത്തിലെ ദുരാചാരങ്ങള്‍ക്കെതിരേ പോരാടിയ ഇ.എം.എസിനെയും വി.ടി. ഭട്ടതിരിപ്പാടിനെയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

എഴുത്തച്ഛനെ കൂട്ടുപിടിച്ച് ഹരിനാമ കീര്‍ത്തനത്തിലൂടെയും അദ്ദേഹം കടന്നു പോയി. ദൈവത്തിനുമുന്നില്‍ ഋതുവായ പെണ്ണിനെ മാറ്റിനിര്‍ത്തരുതെന്ന് എഴുത്തച്ഛന്‍ തന്റെ വരികളിലൂടെ ഉദ്ധരിച്ചിട്ടുണ്ടെന്ന് ചൂട്ടിക്കാട്ടിയശേഷം ഇത് പിണറായി വിജയന്‍ പറഞ്ഞതല്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍ സദസ് ചിരിയിലമര്‍ന്നു. ബ്രാഹ്മണന് എത്രമാത്രം ദൈവം അവകാശപ്പെട്ടിട്ടുണ്ട് എന്നതുപോലെ സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശ തുല്യത നല്‍കാന്‍ എഴുത്തച്ഛനും ശ്രമിച്ചതായി അദ്ദേഹം ഉദാഹരിച്ചു.

ആശാന്റെ വാക്കുകള്‍ അധികരിച്ചായിരുന്നു മറ്റൊരു ഉദാഹരണമെത്തിയത്. 'ഇന്നലെ ചെയ്‌തോരബദ്ധം മര്‍ത്യര്‍ക്ക് ഇന്നത്തെയാചാരമാകാം. നാളത്തെ ശാസ്ത്രമതാകാം. അതില്‍ മൂളായ്ക സമ്മതം രാജന്‍' എന്നുദ്ധരിച്ച് അത് അന്നത്തെ ഭരണാധികാരികള്‍ക്ക് മാത്രമല്ല ഇന്നത്തെ ഭരണാധികാരികള്‍ക്കുമുള്ളതാണ് എന്നും പ്രയോഗിച്ചു. ഗുരുവായൂര്‍ സത്യഗ്രഹത്തെ നവോത്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണെന്നു പറഞ്ഞ പിണറായി അക്കാലത്ത് എതിര്‍പ്പ് പ്രകടമാക്കിയവരെ പേരെടുത്തുതന്നെ വിമര്‍ശിച്ചു.

സവര്‍ണരായിട്ടുള്ള ചിലര്‍ ഗുരുവായൂര്‍ സത്യഗ്രഹത്തിനെതിരേ അന്ന് വലിയ നീക്കമാണ് നടത്തിയത്. ആനകളെ പ്രകോപിപ്പിച്ച് സത്യഗ്രഹികള്‍ക്കെതിരേ ആക്രമിക്കാനും കൊല്ലിക്കാനും ശ്രമം നടന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്രം അടച്ചിടുകയുമുണ്ടായി. ചാതുര്‍വര്‍ണ്യം അതേപോലെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മാറ്റത്തിനെതിരേ അണിനിരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതെല്ലാം അനാചാരങ്ങളെ മാറ്റിയാണ് നവോത്ഥാന വെളിച്ചം ഇവിടെ എത്തിയത്. സാമൂഹിക മാറ്റത്തിലൂടെ അവര്‍ണരും ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ ഗുരുവായൂരപ്പന്റെ ചൈതന്യത്തില്‍ വല്ല കുറവും വന്നോയെന്ന് ചോദിച്ച അദ്ദേഹം ചൈതന്യം കൂടുതലായി എന്നാണ് വിശ്വാസികള്‍ പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

കിഴക്കേനടയിലെ സത്യഗ്രഹ സ്മാരക വേദിയില്‍ നടന്ന ചടങ്ങില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി, എം.എല്‍.എമാരായ മുരളി പെരുനെല്ലി, ഗീത ഗോപി, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+