മഴ: ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം, തീരത്തുള്ളവർ മാറണമെന്ന് മന്ത്രി
തൃശ്ശൂർ: ചാലക്കുടി പുഴയിൽ അതിശക്തമായ ഒഴുക്കുണ്ടാകുമെന്നും ജനങ്ങളെല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും റവന്യു മന്ത്രി കെ രാജൻ. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും നിലവിൽ വലിയ അളവിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Recommended Video
ഒഴുക്ക് കൂടിയത് ഗൗരവതരമാണ്. പുഴയുടെ സ്വഭാവം അനുസരിച്ച് മാറാമെന്ന് ആളുകൾ കരുതരുത്. എത്രയും പെട്ടെന്ന് മാറാൻ തയ്യാറെടുക്കണം. ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണം. അതേസമയം അനാവശ്യമായ ഭീതി ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാൻ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. രാത്രിയാകുന്നതിനു മുമ്പ് പരമാവധി ആളുകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്കു മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ

ചാലക്കുടി പുഴയുടെ ഭാഗങ്ങളിൽ ഇപ്പോഴും കാഴ്ചക്കാരായി പലരും നിൽക്കുന്നുണ്ട്. പുഴയിലൂടെ ഒഴുകിവരുന്ന സാധനങ്ങള്‍ പിടിക്കുക, വെള്ളം കാണാന്‍ പോവുക, പുഴയിലിറങ്ങുക, നീന്തിക്കടക്കുക, പാലങ്ങളില്‍ നില്‍ക്കുക, മീന്‍പിടിക്കുക, കുളിക്കുക ഇതൊന്നും ചെയ്യരുതത്.മഴ മുന്നറിയിപ്പ് എപ്പോള്‍ വേണമെങ്കിലും മാറാവുന്നതാണ്. തീരത്തുള്ളവരും ലയങ്ങളില്‍ താമസിക്കുന്നവരേയും ദുരന്തസാധ്യത കണക്കിലെടുത്ത് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.മലയോര മേഖലകളിൽ മഴ തുടർച്ചയായി പെയ്യുകയാണ്. ഇവിടങ്ങളിൽ മണ്ണ് നല്ല രീതിയിൽ കുതിർന്നിട്ടുണ്ട്. ഇതുവഴിയുള്ള യാത്രകൾ ജനങ്ങൾ പരാമവധി ഒഴിവാക്കണം.ഇവിടുന്ന് ആളുകളെ മാറ്റേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഉടൻ മാറ്റണം, മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവില്‍ 16000 ക്യുസെക്‌സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടുന്നിട്ടുണ്ട്. ഉച്ചയോടെ പെരിങ്ങൽകുത്ത് ഡാമിന്റെ നാലാനത്തെ സ്ലീയിസ് ഗേറ്റ് കൂടി തുറന്നിരുന്നു.

ഷോളയാറിലേക്കുളള ജലത്തിൻറെ ഒഴുക്ക് കൂടിയതിനാൽ കേരള ഷോളയാറിൻറെ മൂന്ന് ഷട്ടറുകൾ ഒരു അടി വീതം മൂന്ന് മണിക്കും നാലുമണിക്കും ഇടയിൽ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് 10 സെൻറീമീറ്റർ വരെ ഉയരുവാൻ സാധ്യതയുണ്ടെന്നും കളക്ടർ വ്യക്തമാക്കി. വേലിയേറ്റ സമയം ആയതിനാൽ കടലിൽ നിന്നുള്ള വെള്ളവും കൂടുതലായി എത്താനുള്ള സാധ്യത ഉണ്ടെന്നാണ് കരുതപ്പെടുന്ന്ത. പുഴയുടെ സമീപത്തുള്ളവരെ മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൂടുതൽ സുരക്ഷാ ബോട്ടുകൾ ചാലക്കുടി ഭാഗത്തേക്ക് എത്തിച്ചിട്ടുണ്ട്.

അതേസമയം മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും കളക്ടർ അറിയിച്ചു. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നാണ് കളക്ടറുടെ നിർദ്ദേശം.

ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട് .












Click it and Unblock the Notifications