തൃശൂരിൽ വൻ എടിഎം കവർച്ച; മൂന്നിടത്തായി 65 ലക്ഷം രൂപയുടെ നഷ്‌ടം, ലക്ഷ്യമിട്ടത് എസ്ബിഐയെ മാത്രം
തൃശൂർ: ജില്ലയിലെ വിവിധ മേഖലകളിലായി വ്യാപക എടിഎം കവർച്ച. മൂന്ന് സ്ഥലങ്ങളിലായാണ് എടിഎം കൊള്ള അരങ്ങേറിയത്. ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം നടന്നത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് മോഷ്‌ടാക്കൾ തകർത്തത്. മൂന്നിടത്തുമായി ഏകദേശം 65 ലക്ഷത്തോളം രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾ വിശദപരിശോധനയ്ക്ക് ശേഷമേ ലഭ്യമാവൂ.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകൾ തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറയുന്നത്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണ സംഘങ്ങളെയാണ് പോലീസ് സംശയിക്കുന്നത്. വെള്ള കാറിലാണ് ഇവർ എത്തിയതെന്ന് പോലീസ് പറയുന്നു. മുഖംമൂടി ധരിച്ച സംഘമാണ് മോഷണം നടത്തിയത്.

മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്‌ടമായതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥർക്ക് വന്ന സന്ദേശത്തിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. ഇതിന് പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ എടിഎമ്മുകളിലെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് മനസിലാക്കിയതായാണ് വിവരം. സുരക്ഷാ സംവിധാനങ്ങളിൽ എന്തെങ്കിലും വീഴ്‌ച സംഭവിച്ചോ എന്നതുൾപ്പെടെ പരിശോധിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മോഷണ വിവരം അറിഞ്ഞതിനു പിന്നാലെ തൃശൂരിലെ അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികൾ എസ്ബിഐ എടിഎമ്മുകൾ മാത്രമാണ് ലക്ഷ്യം വച്ചത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതോടെയാണ് പ്രൊഫഷണൽ സംഘമാണ് മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സംശയം പോലീസ് പങ്കുവയ്ക്കുന്നത്. അടുത്തിടെ തമിഴ്‌നാട്ടിൽ സമാനമായ രീതിയിൽ എടിഎം കൊള്ളകൾ നടന്നിരുന്നു, ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താനാണ് പോലീസ് നീക്കം.
തൃശൂരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വൻ മോഷണമാണ് ഇത്. കഴിഞ്ഞ ദിവസം പട്ടാപ്പകൽ കുതിരാൻ ദേശീയ പാതയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണവും കാറുമായി മോഷ്‌ടാക്കൾ കടന്നു കളഞ്ഞിരുന്നു. രണ്ടര കിലോ സ്വർണമാണ് രണ്ട് യുവാക്കളെ അക്രമിച്ച് സംഘം തട്ടിയെടുത്തത്.
കോയമ്പത്തൂരിലെ ആഭരണ നിർമ്മാണ ശാലയിൽ നിന്ന് സ്വർണവുമായി തൃശൂരിലെ ജ്വല്ലറിയിലേക്ക് വരികയായിരുന്ന രണ്ട് പേരെയാണ് മോഷ്‌ടാക്കൾ ഉന്നം വച്ചത്. ദേശീയ പാതയിൽ വാഹനം തടഞ്ഞു നിർത്തിയാണ് കൃത്യം നടത്തിയത്. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മോഷണം നടത്തിയ ശേഷം എറണാകുളം ഭാഗത്തേക്കാണ് സംഘം മുങ്ങിയത്.












Click it and Unblock the Notifications