• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഒരു കവിത വരുത്തിയ പൊല്ലാപ്പ്: ഇടത് അനുകൂല പൊതുപരിപാടികളില്‍ നിന്ന ശ്രീചിത്രനും ദീപയും പുറത്ത്!

  • By Desk

തൃശൂര്‍: കവിതാ മോഷണ വിവാദത്തോടെ ഇടത് അനുകൂല പൊതുപരിപാടികളില്‍ നിന്ന് എം. ശ്രീചിത്രനും ദീപാ നിശാന്തും പുറത്ത്. യുവകവി എസ്. കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധപ്പെടുത്തിയ പ്രശ്‌നത്തെത്തുടര്‍ന്നാണിത്. വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരെ പങ്കെടുപ്പിക്കുന്നത് പരിപാടിയെ ബാധിക്കുമെന്നു കരുതിയാണ് ഒഴിവാക്കല്‍. ഇടത് അനുകൂല സംഘടനകളും കൂട്ടായ്മകളും ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ നവോത്ഥാന പരിപാടികള്‍ തീരുമാനിച്ചിരുന്നു.

ബിജെപിയുടെ '25 കോടി'യുടെ ഓപ്പറേഷന്‍ താമര.. കോണ്‍ഗ്രസിനെ വെട്ടിലാക്കി നേതാവിന്‍റെ വെളിപ്പെടുത്തല്‍

 പരിപാടിയില്‍ നിന്ന് ഒഴിവാക്കി

പരിപാടിയില്‍ നിന്ന് ഒഴിവാക്കി

പരിപാടിയില്‍ ശ്രീചിത്രനും ദീപാ നിശാന്തും പങ്കെടുക്കുമെന്ന അറിയിപ്പും ഉണ്ടായിരുന്നു. ഈ പരിപാടികളില്‍ നിന്നാണ് ഇരുവരേയും ഒഴിവാക്കിയത്. പഴയ നോട്ടീസ് ഉപേക്ഷിച്ച് ദീപയുടെയും ശ്രീചിത്രന്റെയും പേര് നീക്കം ചെയ്ത പുതിയ നോട്ടീസുകളും ഇറക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തൃശൂരില്‍ നടന്ന ജനാഭിമാന സംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും ഇരുവരേയും പങ്കെടുപ്പിച്ചില്ല. ഈ പരിപാടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു ശ്രീചിത്രന്‍. സ്വാമി അഗ്‌നിവേശാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഒരിടയ്ക്ക് സി.പി.എമ്മുമായി അകന്നു നിന്ന സാഹിത്യകാരന്‍മാരേയും മറ്റ് പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

 പങ്കെടുക്കേണ്ടതില്ലെന്ന്

പങ്കെടുക്കേണ്ടതില്ലെന്ന്

ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രഭാഷണത്തിലാണ് ദീപാ നിശാന്ത് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. കൊടുങ്ങല്ലൂരില്‍ ഞായറാഴ്ച നടന്ന ഭരണഘടനാ സംഗമത്തില്‍ ശ്രീചിത്രനായിരുന്നു മുഖ്യ പ്രഭാഷകന്‍. പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിക്കുകയും ശ്രീചിത്രന്റെ പേര് ഒഴിവാക്കി പുതിയ നോട്ടീസ് അച്ചടിക്കുകയും ചെയ്തു. ഡിസംബര്‍ മധ്യത്തില്‍ പാലക്കാട് നടക്കുന്ന കെ.എസ്.ടി.എ. ജില്ലാ സമ്മേളനത്തില്‍ ഉദ്ഘാടകനായി ശ്രീചിത്രനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതും മാറ്റിയതായാണ് സൂചന.

ആരോപണം കവിതാ മോഷണത്തില്‍

ആരോപണം കവിതാ മോഷണത്തില്‍

കലേഷിന്റെ കവിത ദീപ മോഷ്ടിച്ചതാണെന്നായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ ശ്രീചിത്രനാണ് കവിത നല്‍കിയതെന്ന് ദീപാനിശാന്ത് വെളിപ്പെടുത്തിയിരുന്നു. ശ്രീചിത്രന്റെ അധ്യാപകനും എഴുത്തുകാരനുമായ വ്യക്തി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ശ്രീചിത്രന്‍ സ്ഥിരം മോഷ്ടാവാണെന്ന് ചൂണ്ടിക്കാട്ടിയതോടെ ശ്രീചിത്രനും തിരിച്ചടിയായി. ഇടത് ചിന്തകനായി ശ്രീചിത്രനെ ഉയര്‍ത്തിക്കൊണ്ടുവന്ന പാലക്കാട്ടെ ജനപ്രതിനിധികളടക്കം ഇപ്പോള്‍ കുത്തുവാക്കും കേള്‍ക്കുന്ന അവസ്ഥയിലാണ്. ഇതോടെയാണ് പരിപാടികളില്‍ നിന്നും ഇരുവരെയും ഒഴിവാക്കാന്‍ ആരംഭിച്ചത്. കുന്നംകുളം മണ്ഡലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥിയായി ദീപയും പരിഗണനയിലുണ്ടായിരുന്നു. കവിതാ മോഷണം തെളിഞ്ഞതോടെ ഇതിനുള്ള സാധ്യതയും കുറവായി.

ഇടതു സ്ഥാനാര്‍ഥിത്വം നഷ്ടമായെന്ന വാര്‍ത്തയും

ഇടതു സ്ഥാനാര്‍ഥിത്വം നഷ്ടമായെന്ന വാര്‍ത്തയും

കവിതാമോഷണവിവാദം സമൂഹമാധ്യമങ്ങളില്‍ കത്തിയാളിയതിനിടെ ദീപാനിശാന്തിനു ഇടതു സ്ഥാനാര്‍ഥിത്വം നഷ്ടമായെന്ന വാര്‍ത്തയും. ചാലക്കുടി സീറ്റില്‍ ദീപയെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം. നേതൃത്വം ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

 ദീപക്കെതിരെ വിമര്‍ശനം

ദീപക്കെതിരെ വിമര്‍ശനം

അതേസമയം കവിതാമോഷണ വിവാദത്തില്‍ ദീപയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സാഹിത്യകാരിയും കോളജ് അധ്യാപികയുമായ റോസി തമ്പി കഴിഞ്ഞദിവസം ശ്രദ്ധേയ വിമര്‍ശനവുമായി രംഗത്തിറങ്ങി. തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ആര്‍.ബിന്ദു പരസ്യമായി ദീപയ്ക്ക് എതിരേ വിമര്‍ശനവുമായി രംഗത്തുവന്നു. കവി സി.രാവുണ്ണിയുടെ ദീപയോടുള്ള മൃദു നിലപാടുകളെ അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദ്യംചെയ്തു. ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യയാണ് കേരളവര്‍മ കോളജിലെ തന്നെ അധ്യാപികയായ ബിന്ദു.

 മോഷ്ടിച്ച് പേരെടുക്കേണ്ടതില്ല

മോഷ്ടിച്ച് പേരെടുക്കേണ്ടതില്ല

ദീപാ നിശാന്ത് മോഷ്ടാവല്ല. മികച്ച എഴുത്തുകാരിയാണെന്നും സംഘ പരിവാറിനെ കിടിലം കൊള്ളിക്കുന്ന എഴുത്തുകാരിയാണവര്‍ എന്നും ആദ്യം സി. രാവുണ്ണി കുറിപ്പ് എഴുതിയിരുന്നു.ആരുടെയെങ്കിലും കവിത മോഷ്ടിച്ച് അച്ചടിച്ച് പേരെടുക്കേണ്ട യാതൊരു കാര്യവും അവര്‍ക്കില്ല. കലേഷിനെപ്പോലെ മികച്ച ഒരു കവിയുടെ കവിത തിരിച്ചറിയാന്‍ പറ്റിയില്ല എന്ന വീഴ്ച ദീപക്ക് പറ്റരുതായിരുന്നു. എന്റെ കവിതയാണിത്, എന്റെ പേരില്‍ അയച്ചാല്‍ ആരും അച്ചടിക്കില്ല, ദീപയുടെ പേരില്‍ കൊടുത്തോളൂ എന്ന് സുഹൃത്ത് പറഞ്ഞത് ദീപ കണ്ണടച്ച് വിശ്വസിക്കരുതായിരുന്നു. ശ്രീചിത്രന്റെ കുറുമ്പ് ആയിട്ടേ ഞാനിതിനെ കാണുന്നള്ളു. തെറ്റു തന്നെയാണ് ചെയ്തത്.ഇരുവരും മാപ്പു ചോദിച്ചു. അവിടം കൊണ്ട് തീരേണ്ടതായിരുന്നു. ഒരു കവിതാ വിവാദം കൊണ്ട് റദ്ദ് ചെയ്യാവുന്നവയല്ല ദീപാ നിശാന്തിന്റെയും ശ്രീചിത്രന്റെയും സമരോത്സുക ജീവിതം എന്നും രാവുണ്ണി കുറിച്ചിട്ടു.

 ബിന്ദുവിന്റെ വിമര്‍ശനം

ബിന്ദുവിന്റെ വിമര്‍ശനം

പകലു പോലുള്ള സത്യത്തെ കണ്ണടച്ച് ഇരുട്ടാക്കി അധാര്‍മികതയ്ക്ക് കുട പിടിച്ച നിങ്ങള്‍ കലേഷിന്റെ മുഖത്തേക്ക് കാറിത്തുപ്പിയിരിക്കുകയാണെന്നു ആര്‍.ബിന്ദു തിരിച്ചടിച്ചു. ദീപ ഒരു കവിതയും മോഷ്ടിച്ചിട്ടില്ല എന്നാണ് നിങ്ങള്‍ പറഞ്ഞതെന്നും ബിന്ദുവിന്റെ വിമര്‍ശനം. അതിനിടെ തന്റേതല്ലാത്ത കവിത സ്വന്തം പേരില്‍ അച്ചടിക്കുന്നത് തെറ്റാണെന്നും ആ തെറ്റുകൊണ്ട് അവര്‍ ചെയ്ത, എഴുതിയ, പറഞ്ഞ ശരികളൊക്കെ റദ്ദാവുകയില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു എന്നും വ്യക്തമാക്കി രാവുണ്ണി ഉറച്ച നിലപാടു മാറ്റുകയും ചെയ്തുു. 2015 നവംബറില്‍ ചെമ്പരത്തി എന്ന വനിതകളുടെ പ്രണയകവിതാ സമാഹാരത്തിലേക്ക് ദീപയോടു കവിത ആവശ്യപ്പെട്ടപ്പോള്‍ കവിതയെഴുതാറില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ധനേഷ്‌കൃഷ്ണയും ഫേസ്ബുക്കില്‍ കുറിച്ചു. ഇതും സമൂഹമാധ്യമത്തില്‍ വന്‍ ചര്‍ച്ചയായി.

തെറ്റ് ചെയ്തെന്ന്

തെറ്റ് ചെയ്തെന്ന്

ബിരുദ, ബിരുദാനന്തര തലത്തില്‍ മലയാളസാഹിത്യം പഠിപ്പിക്കുന്ന അധ്യാപികയായ ദീപ നിശാന്തിന് വിദ്യാര്‍ഥികള്‍ക്ക് എന്തു മൂല്യമാണ് പകര്‍ന്നു കൊടുക്കാനാകുക എന്ന ചോദ്യവുമായാണ് റോസിയുടെ കുറിപ്പ്. മറ്റൊരാള്‍ എഴുതി കൊടുത്ത കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ മാസികയ്ക്ക് അയച്ചുകൊടുക്കുകയും മാസികയുടെ എഡിറ്ററെയും വായനക്കാരേയും വഞ്ചിക്കുകയും ചെയ്ത വ്യക്തിയാണെന്നും പരിഹസിച്ചു. പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ഥിയെ പരിക്ഷ എഴുതുന്നതില്‍ നിന്ന് ഒഴിവാക്കും. അതിലും വലിയ തെറ്റാണ് അവനവനോടും സാഹിത്യത്തോടും ഈ അധ്യാപിക ചെയ്തത്. അല്ലെങ്കിലും പെണ്ണുങ്ങള്‍ എഴുതുന്നതെല്ലാം ആണുങ്ങള്‍ എഴുതിക്കൊടുക്കുന്നതാണ് എന്നൊരു പതം പറച്ചില്‍ ഉള്ളതാണ്. സെലിബ്രിറ്റി പരിവേഷമില്ലാതെ ജീവിക്കാന്‍ വേണ്ടി ജീവിതം കൊണ്ട് എഴുതുന്ന ഒരുപാട് സ്ത്രീ എഴുത്തുകാരുണ്ട്. അവരുടെ കൂടി മുഖത്താണ് പ്രശസ്തിയുടെ കൊടുമുടിയില്‍ ഇരുന്ന് ദീപ കാര്‍ക്കിച്ചു തുപ്പിയതെന്നും റോസിതമ്പി തുറന്നടിച്ചു.

 അധ്യാപകര്‍ക്ക് നാണക്കേട്

അധ്യാപകര്‍ക്ക് നാണക്കേട്

അവര്‍ ഇനിയും ആ തൊഴിലില്‍ യാതൊരു തടസ്സവും കൂടാതെ തുടരുന്നത് എഴുത്തുകാരായ എല്ലാ അധ്യാപക / അധ്യാപികമാര്‍ക്കും നാണക്കേടാണ്.നിയമ പരമായ നടപടിയാണ് കോളേജധികൃതര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ പൊതു സമൂഹത്തിനു മുമ്പില്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം അതു നാണക്കേടാണ്. ദീപ ,നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ പാര്‍ട്ടി കൂടെയുണ്ടാകും. അതു കൊണ്ടു നിങ്ങള്‍ക്കെതിരായി പറയാന്‍ ബുദ്ധിയുള്ള ആരും ശ്രമിക്കില്ല. മലയാള സാഹിത്യ രംഗത്ത് ഇന്നൊരാള്‍ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നെങ്കില്‍ അയാള്‍ക്ക് കൃത്യമായും ഇടതുപക്ഷ പിന്തുണ ആവശ്യമുണ്ട്. അതുകൊണ്ട് മൗനം പാലിക്കുകയാണ് നല്ലത് എന്ന് ബുദ്ധിയുള്ള ,അല്പം പ്രശസ്തരായ എല്ലാ എഴുത്തുകാര്‍ക്കും അറിയാം. അതു കൊണ്ട് അവര്‍ ഒന്നുകില്‍ മൗനം പാലിക്കും അല്ലെങ്കില്‍ എഴുതി തന്ന വ്യക്തിയെ ക്രൂശിക്കുമെന്നും റോസി ചൂണ്ടിക്കാട്ടി.

Thrissur

English summary
Sree chithran and Deepa nishant out from pro left programmes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X