വടക്കുംനാഥന്റെ മണ്ണില്‍ കോണ്‍ഗ്രസ് വിജയിക്കും, മുരളി മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പ്രതാപന്‍
തൃശൂര്‍: വടക്കുംനാഥന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതനിരപേക്ഷയുടെ കൊടി ഉയര്‍ത്തുമെന്ന് ടിഎന്‍ പ്രതാപന്‍. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധീരനെ ആവേശത്തോടെ സ്വാഗതം ചെയ്തായിരുന്നു സിറ്റിംഗ് എംപി കൂടിയായ ടിഎന്‍ പ്രതാപന്റെ പരാമര്‍ശം. പെട്ടെന്നുള്ള സ്ഥാനാര്‍ത്ഥി മാറ്റത്തിലുള്ള അതൃപ്തിയെല്ലാം മാറ്റിവെച്ച് മുരളീധരന്റെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കായി അദ്ദേഹം എത്തുകയായിരുന്നു.
മുരളി തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കും. അതുവരെ പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ തൃശൂര്‍ പിടിക്കാന്‍ വരികയാണ്. എന്നേക്കാളും മികച്ച സ്ഥാനാര്‍ത്ഥി വേണമെന്ന് പാര്‍ട്ടി അതുകൊണ്ട് തീരുമാനിച്ചുവെന്നും പ്രതാപന്‍ പറഞ്ഞു.

യുഡിഎഫിന്റെ അഭിമാനം സംരക്ഷിക്കാന്‍ കരുത്തനായ ഒരാളെയാണ് ആവശ്യം. തൃശൂരിന്റെ പൈതൃകം സംരക്ഷിക്കാന്‍, യുഡിഎഫിന്റെ അഭിമാനത്തെ ഉയര്‍ത്തി പിടിക്കാന്‍ മുരളീധരനെ പോലെ കരുത്തനായ ഒരാളെയാണ് ആവശ്യം. ലീഡറുടെ വിശ്വാസ പ്രമാണങ്ങള്‍ നെഞ്ച് ചേര്‍ത്ത്, അവസാന ശ്വാസം വരെ മതേതരത്വത്തിനായി പോരാടുമെന്ന് പറഞ്ഞ കെ മുരളീധരനെ തന്നെയാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കുന്നത് വരെ നമുക്കിനി ഉറക്കമില്ല. ആ ദൗത്യം ഏറ്റെടുക്കുകയാണെന്ന് പ്രതാപന്‍ പറഞ്ഞു.അതേസമയം യുഡിഎഫിന്റെ ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ തൃശൂര്‍ ടൗണ്‍ ഹാളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയെ തുടച്ചുനീക്കം മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ഇടതുമുന്നണിയും ബിജെപിയും പരാജയം സമ്മതിച്ച് അവസ്ഥയാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ പറയുന്നത് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ്. സ്വന്തം പാര്‍ട്ടി എല്ലായിടത്തും തോല്‍ക്കുന്നമെന്നല്ലേ അതിനര്‍ത്ഥമെന്നും വിഡി സതീശന്‍ ചോദിച്ചു.
അതേസമയം കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയിലേക്ക് പോയപ്പോള്‍ നാറിയ പാര്‍ട്ടി എന്ന് വിളിച്ച മുഖ്യമന്ത്രി മറുപടി അതേ നാണയത്തില്‍ പറയാന്‍ അറിയാഞ്ഞിട്ടല്ല. അത് കോണ്‍ഗ്രസ് സംസ്‌കാരമല്ല. ബംഗാളിലും ത്രിപുരയിലും ഹോള്‍ സെയിലായി നേതാക്കളെും പ്രവര്‍ത്തകരെയും ബിജെപിക്ക് കൊടുത്ത സിപിഎമ്മാണ് മുഖ്യമന്ത്രി പറഞ്ഞ പേര് ചേരുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തൃശൂരിന്റെ മതേതര പാരമ്പര്യം ചിലരുടെ പാഴ്‌വാക്കായ ഗ്യാരന്റി തള്ളിക്കളയുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിനായി ടിഎന്‍ പ്രതാപന്‍ ചെയര്‍മാനായി 5001 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് തൃശൂര്‍ ടൗണില്‍ റോഡ് ഷോയും നടത്തി.












Click it and Unblock the Notifications