വയനാട്ടിൽ ഫെബ്രുവരി 13ന് കർഷക സംഘടനകളുടെ ഹർത്താൽ; വന്യജീവി ആക്രമണത്തിൽ നടപടിയില്ലെന്ന് ആക്ഷേപം
കൽപ്പറ്റ: വയനാട്ടിൽ ഫെബ്രുവരി 13ന് ഹർത്താലിന് ആഹ്വാനം ചെയ്‌ത് കർഷക സംഘടനകൾ. ഫാർമേഴ്‌സ് റിലീഫ് ഫോറമാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ നടത്തുന്നത്.
കർഷക സംഘടനകൾ കഴിഞ്ഞ നാലു വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണെന്നും, എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ ആരോപിച്ചു.

ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികൾക്ക് എതിരെ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു. ചൊവ്വാഴ്‌ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ നടത്തുക. എന്നാൽ നിർബന്ധിച്ച് ആരെയും കട അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം ദുസഹമായി എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജെബി മേത്തർ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവിന് നിവേദനം നൽകിയ സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ജനങ്ങളുടെ സുരക്ഷക്കും, ഉപജീവനത്തിനും ഭയാനകമായ രീതിയിലാണ് വന്യമൃഗ ശല്യം ഭീഷണി ആകുന്നത്. കഴിഞ്ഞ ആഴ്‌ചകളിൽ പാലക്കാടും വയനാടും നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എംപി നിവേദനം അയച്ചത്. പാലക്കാട് കാട്ടുപന്നിയുടെ അക്രമണത്തിൽ സ്ത്രീ മരണപ്പെട്ട സംഭവവും കാട്ടാന ആക്രമങ്ങളും മനുഷ്യവാസ പ്രദേശങ്ങളിൽ പുലി ഇറങ്ങി മനുഷ്യർ മരണപ്പെട്ട സാഹചര്യങ്ങളും എംപി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വയനാടിനെ നടുക്കിയ സംഭവം നടന്നത്. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ട്രാക്‌ടർ ഡ്രൈവറായ പനച്ചിയിൽ അജി (42) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ 7.30ഓടെ മാനന്തവാടി ചാലിഗദ്ധിയിലാണ് കാട്ടാന ഇറങ്ങിയത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാട് കയറ്റിയ ആനയാണ് ജനവാസ മേഖലയിൽ ഇറങ്ങി ഒരാളുടെ ജീവനെടുത്തത്. ഇതിന് പിന്നാലെ ജില്ലയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.












Click it and Unblock the Notifications