വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിതൃമോക്ഷം തേടി ബലിതർപ്പണം; തിരുനെല്ലിയിലും പൊന്‍കുഴിയിലുമെത്തിയത് പതിനായിരങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കര്‍ക്കിടക വാവുബലിയില്‍ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തിയത് പതിനായിരങ്ങള്‍. ബലിതര്‍പ്പത്തിനെത്തുന്നവര്‍ക്കായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷേത്രാങ്കണത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നര മുതലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.

ക്ഷേത്രത്തിലെ പ്രസിദ്ധമായ പാപനാശിനിക്കരയില്‍ നടന്ന പിതൃതര്‍പ്പണ ചടങ്ങുകള്‍ രണ്ട് മണി വരെ നീണ്ടു. വന്‍തിരക്കാണ് ഈ വര്‍ഷവും അനുഭവപ്പെട്ടത്. പത്മതീര്‍ത്ഥക്കുളം മുതല്‍ പാപനാശിനിക്കര വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്. ബലിതര്‍പ്പണം പൂര്‍ത്തിയാക്കിയവരെ തിരക്കൊഴിവാക്കാന്‍ ഗുണ്ഡിക ശിവക്ഷേത്രം വഴിയാണ് തിരിച്ചുവിട്ടത്. നിലവിലുണ്ടായിരുന്ന കൗണ്ടറുകള്‍ക്ക് പുറമെ ബലിതര്‍പ്പണത്തിന് മാത്രമായി ഒമ്പത് കൗണ്ടറുകള്‍ വേറെയും പ്രവര്‍ത്തിച്ചു.

wayanad

സാധാരണയില്‍ നിന്നും വിഭിന്നമായി ഇത്തവണത്തെ കര്‍ക്കിടവാവിന് വയനാട്ടില്‍ മഴ തീരെ കുറവായിരുന്നു. ഇത് പിതൃതര്‍പ്പണം നടത്തി മടങ്ങുന്നവര്‍ക്ക് സൗകര്യമായി. പഞ്ചതീര്‍ഥ വിശ്രമമന്ദിരം, ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച പൊതുസൗകര്യ കേന്ദ്രം എന്നിവിടങ്ങളിലും സ്വകാര്യ ഹോം സ്റ്റേകളുമായിരുന്നു ക്ഷേത്രത്തില്‍ നേരത്തെയെത്തിയവര്‍ക്ക് താമസിക്കാനുള്ള സൗകര്യമായത്.

ക്ഷേത്രത്തിലെത്തിയ മുഴുവന്‍ പേര്‍ക്കും ചുക്കുകാപ്പി, ഭക്ഷണം എന്നിവയും ഒരുക്കിയിരുന്നു. ക്ഷേത്രത്തിലേക്ക് വന്ന ബസ് ഒഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയത് കാട്ടിക്കുളത്തായിരുന്നു. തിരക്കൊഴിവാക്കുന്നതിനായി ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസിലാണ് ഭക്തരെ തിരുനെ ല്ലിയിലെത്തിച്ചത്. സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും തിരുനെല്ലിയിലേക്ക് പ്രത്യേക ബസ് സര്‍വ്വീസും ഏര്‍പ്പെടുത്തിയിരുന്നു.

വയനാട് ജില്ലാ കളക്ടര്‍ ആര്‍ അജയകുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു, ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങി നിരവധി പ്രമുഖരും ഇത്തവണ തിരുനെല്ലിയിലെത്തി പിതൃതര്‍പ്പണം നടത്തി. വയനാട്ടിലെ മറ്റ് പ്രധാനക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിന് പ്രത്യേകം സൗകര്യങ്ങളൊരുക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരി കര്‍ണാടക അതിര്‍ത്തിപ്രദേശമായ പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിനെത്തിയത് പതിനായിരങ്ങളായിരുന്നു. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ പതിനൊന്ന് മണി വരെയായിരുന്നു ഇവിടെ ചടങ്ങുകള്‍. വൈത്തിരി വൈദ്യഗിരിയിലെ സുബ്രഹ്മണ്യക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് നിരവധി പേരാണെത്തിയത്. കര്‍ക്കിടക വാവുബലി പ്രമാണിച്ച് കുടുംബക്ഷേത്രങ്ങിലും വീടുകളിലും പ്രത്യേക പൂജകളും ഇതോടൊപ്പം നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ട് മണി വരെയാണ് ഇത്തവണ കര്‍ക്കിടക വാവ് സമയം.

Wayanad
English summary
Karkkidaka vavubali in Thirunelli temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X