സിദ്ധാര്‍ത്ഥിന്റെ മരണം; മുഖ്യപ്രതികള്‍ അറസ്റ്റില്‍; കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
മാനന്തവാടി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. സിന്‍ജോ ജോണ്‍സന്‍, കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്. സിന്‍ജോയുടെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയോടായിരുന്നു പോലീസ് നീക്കം.
അതേസമയം കാശിനാഥന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ മൊത്തം പതിമൂന്ന് പേര്‍ പിടിയിലായി. നേരത്തെ പോലീസ് നാല് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ സിന്‍ജോയും കാശിനാഥനുമെല്ലാം ഉള്‍പ്പെട്ടിരുന്നു. അതേസമയം പിടിയിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂക്കോട് സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായിരിക്കുകയാണ്. സര്‍വകലാശാലയുടെ പ്രവേശിക്കുന്നതിന് മുമ്പ് മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. ഇതോടെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ കൂട്ടമായി ബാരിക്കേഡിന് പുറത്ത് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. കുറച്ച് പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടി കടന്ന് ക്യാമ്പസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നേതാക്കള്‍ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെ ക്യാമ്പസിലെ ജീവനക്കാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചതും വാക്കേറ്റത്തിന് വഴിവെച്ചു.
അതേസമയം ചാണ്ടി ഉമ്മന്‍ എംഎല്‍എ പൂക്കോട് ഉപവാസ സമരം ആരംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മരിച്ചുപോയ സിദ്ധാര്‍ത്ഥനെ ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ച് കൊണ്ടിരിക്കുകയാണ. ഒരു പരാതി ഉണ്ടാക്കുക, അത് മരിച്ചതിന് ശേഷം കൊടുക്കുക.
പ്രതിയായ ആള്‍ തന്നെ കമ്മിറ്റിയില്‍ അംഗമായിരിക്കുക എന്നതൊക്കെയാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസില്‍ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. പത്ത് വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല.
പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. മര്‍ദനമേറ്റതായി മനസ്സിലായിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ പന്ത്രണ്ട് വിദ്യാര്‍ത്ഥികളെയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.
അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഹോസ്റ്റിലും ഈ ദിവസങ്ങള്‍ പ്രവേശിക്കാനാവില്ല. നേരത്തെ കേസിലെ 19 പേര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
സിദ്ധാര്‍ത്ഥിനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് എസ്എഫ്‌ഐയുടെ യൂണിറ്റ് ഭാരവാഹി കൂടിയായ സിന്‍ജോ ജോണ്‍സനാണെന്ന് നേരത്തെ പിതാവ് ആരോപിച്ചിരുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോടും ഇക്കാര്യം പിതാവ് പറഞ്ഞിരുന്നു. ആദ്യം പിടിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 31 പേര്‍ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആന്റി റാഗിങ് സ്‌ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications