വയനാടിന് കൈത്താങ്ങുമായി ഹാരിസണ്‍സ് മലയാളം, മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം
മേപ്പാടി: വയനാട് ഉരുള്‍പ്പൊട്ടലില്‍ എല്ലം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. കൈത്താങ്ങ് എന്ന പേരിലാണ് കമ്പനി വിവിധ സഹായങ്ങള്‍ നല്‍കുന്നത്. നേരത്തെ തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഭൂമി വിട്ടുകൊടുത്തിരുന്നു ഹാരിസണ്‍ മലയാളം. ഇത് വലിയ രീതിയില്‍ പ്രശംസ നേടിക്കൊടുത്തിരുന്നു.
പുത്തുമലയില്‍ 64 സെന്റ് സ്ഥലമാണ് ഹാരിസന്‍ മലയാളം വിട്ടുകൊടുത്തത്. അതേസമയം ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിച്ചിട്ടിട്ടുണ്ട്. തൊഴിലാളികളുടെ സേവനത്തിന്റെ കാലാവധി പരിഗണിച്ച് കൂടുതല്‍ തുക നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം വീട് നഷ്ടമായ 127 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയതായും കമ്പനി പറഞ്ഞു. ഉരുള്‍പ്പൊട്ടല്‍ ദുരന്തം കാര്യമായി ബാധിച്ച മുണ്ടക്കൈ സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റിലെ 41 തൊഴിലാളികളെയാണ് കമ്പനിക്ക് നഷ്ടമായത്. തൊഴിലാളികളുടെ 48 കുടുംബാംഗങ്ങളെയും നഷ്ടമായിരുന്നു.
അരപ്പറ്റ ചുണ്ടേല്‍, അച്ചൂര്‍ എന്നിവിടങ്ങളിലാണ് വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസം ഒരുക്കിയത്. പുതിയ താമസ സ്ഥലത്തിനോട് ചേര്‍ന്ന എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്നതിനുള്ള സൗകര്യവും നല്‍കും. ദുരന്തബാധിതരായ നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ഹാരിസണ്‍ മലയാളം ശ്രമിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് വര്‍ഷത്തേക്ക് സൗജന്യ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും.
അതേസമയം വയനാട് ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ വായ്പാ ബാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ബാങ്കേഴ്‌സ് സമിതിയുടെ സംസ്ഥാന തല യോഗം തിങ്കളാഴ്ച്ച ചേരുന്നുണ്ട്. ദുരിതബാധിതരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ഈ യോഗത്തില്‍ ചര്‍ച്ചയാവും.
ഉരുള്‍പ്പൊട്ടലിന്റെ ഇരയായി എല്ലാ നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകള്‍ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കേരള ബാങ്ക് വായ്പാ ബാധ്യതകള്‍ എഴുതി തള്ളുമെന്ന് നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications