പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട, പുതിയ തീരുമാനം
ദുബായ്: കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഇളവ് ഏര്‍പ്പെടുത്തി യു എ ഇ. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാനുള്ള തീരുമാനം യു എ ഇ കൈക്കൊണ്ടു. തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് യുഎഇയില്‍ ഓപ്ഷണലാക്കിയതായി നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (എന്‍ സി ഇ എം എ) വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

കൂടാതെ സാമ്പത്തിക, ടൂറിസം സൈറ്റുകളിലെ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, അടച്ച ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ ഫെബ്രുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യു എ ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡ് -19 രോഗികളുടെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരും ക്വാറന്റൈനില്‍ പോകേണ്ടതില്ല. പകരം, അവര്‍ അഞ്ച് ദിവസത്തെ ഇടവേളയില്‍ രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകണം, എന്‍ സി ഇ എം എ അറിയിച്ചു. അതേസമയം, രോഗബാധിതരായ വ്യക്തികള്‍ക്കുള്ള ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ മുമ്പ് പ്രഖ്യാപിച്ചത് പോലെ തുടരും.

മിക്ക എമിറേറ്റുകളിലും, കോവിഡ് -19 പോസിറ്റീവ് ആണെന്ന് പരിശോധിച്ച വ്യക്തികള്‍ സാധാരണയായി കുറഞ്ഞത് പത്ത് ദിവസത്തെ ഐസലേന് വിധേയരാകണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പൊതുജനാരോഗ്യവും വിവിധ സുപ്രധാന മേഖലകളും തമ്മില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും സുസ്ഥിരമായ വീണ്ടെടുക്കല്‍ കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇയുടെ തന്ത്രത്തിന് അനുസൃതമായാണ് വിപുലമായ പരിഷ്‌കാരങ്ങള്‍ വരുന്നതെന്ന് യു എ ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓരോ എമിറേറ്റിനും ക്വാറന്റൈന്‍ കാലയളവിന്റെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് എന്‍ സി ഇ എം എ പറഞ്ഞു, ശാരീരിക അകലം പാലിക്കുന്നതും എല്ലായ്പ്പോഴും മാസ്‌ക് ധരിക്കുന്നതും ഉള്‍പ്പെടുന്ന മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകത നിലനിര്‍ത്തിക്കൊണ്ട് ഈ നിയമങ്ങള്‍ പ്രയോഗിക്കാവുന്നതാണെന്ന് എന്‍ സി ഇ എം എ വ്യക്തമാക്കി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സൗദിയില്‍ രോഗവ്യാപനം കുത്തനെ കുറഞ്ഞു. പുതിയ രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 664 പേര്‍ക്കാണ് സൗദിയില്‍ രോഗം ബാധിച്ചത്. നിലവിലെ കൊവിഡ് രോഗികളില്‍ 1409 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.












Click it and Unblock the Notifications