ഗണേശ ചതുര്‍ത്ഥി നിങ്ങള്‍ ആഘോഷിച്ചോളൂ, പക്ഷെ ഇത് കൂടി അറിഞ്ഞിരിക്കണം!!
ഗണപതി ഭഗവാന്റെ പിറന്നാളായ ഇന്ന് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുകയാണ് ഹിന്ദുമത വിശ്വാസികള്‍. പത്ത് ദിവസങ്ങളുടെ ആഘോഷങ്ങള്‍ക്കൊടുവില്‍ പൂജിച്ച ഗണപതി ഭഗവാന്റെ വിഗ്രഹം മേളവാദ്യങ്ങളുടെ അകമ്പടിയോടെ ആയിരക്കണത്തിന് ഭക്തന്മാര്‍ ചേര്‍ന്ന് കടലില്‍ ഒഴുക്കും. മനുഷ്യ വംശത്തിന്റെ സകല വിഗ്നങ്ങളും ഒഴിഞ്ഞു പോയി എന്ന് ഇതോടെ വിശ്വസിക്കും.
എന്താണ് ഗണേശ ചതുര്‍ത്ഥി ? എന്തിനാണ് ആഘോഷിക്കുന്നത് ?
വിഗ്നങ്ങള്‍ ഒഴുക്കി എന്ന വിശ്വാസത്തോടെ തിരിച്ച് വരുമ്പോള്‍ വിപത്തുകള്‍ വാരി കൂട്ടുകയല്ലേ നമ്മള്‍ ചെയ്യ്തത്. ഒരു വര്‍ഷത്തെ വിഗ്നങ്ങള്‍ വിഗ്രഹത്തിന്റെ രൂപത്തില്‍ ഒഴുക്കി കളഞ്ഞ് ഒരു നൂറ്റാണ്ടില്‍ മുഴുവന്‍ അനുഭവിക്കേണ്ട പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാണ് ഓരോരുത്തരും തിരിച്ച് പോകുന്നത്. നിങ്ങളറിഞ്ഞോ അറിയാതെയോ നിങ്ങളോട് തന്നെ ചെയ്യുന്നത് ഇതാണ്...

ആഘോഷങ്ങള്‍
ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി ആഘോഷിക്കുകയാണ് ഇന്ന്. പത്ത് ദിവസം മുന്‍പ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് അവസാനം കുറിയ്ക്കുകയാണ്. നാല് ഘട്ടങ്ങളിലാണ് ഗണപതി ഭവാന്റെ വിഗ്രഹത്തില്‍ പൂജ നടത്തി ഇന്ന് കടലില്‍ ഒഴുക്കും. മനുഷ്യകുലത്തിന്റെ പ്രാര്‍ത്ഥനകള്‍ ഏറ്റുവാങ്ങി ഗണപതി ഭഗവാനെ കടലില്‍ നിമജ്ജനം ചെയ്യും. താമരയും കറുകപ്പുല്ലും എന്നിങ്ങനെ എല്ലാം ചേര്‍ത്ത് അണിയിച്ചൊരുക്കിയാണ് ഘോഷയാത്ര നടത്തുന്നത്.

വിഗ്രഹങ്ങള്‍
മണ്ണ് അല്ലെങ്കില്‍ കളിമണ്ണ് എന്നിവ ഉപയോഗിച്ചാണ് വിഗ്രഹം നിര്‍മ്മിച്ചു കൊണ്ടിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു വിനായക ചതുര്‍ത്ഥി ആഘോഷിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ചും മഹാരാഷ്ട്രയിലാണ് ആഘോഷങ്ങള്‍ കൂടുതല്‍. പിന്നീട് അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കേരളത്തിലും ആഘോഷങ്ങള്‍ ഇപ്പോള്‍ പൊടിപൊടിയ്ക്കുകയാണ്. ഒരടിയില്‍ തുടങ്ങി പത്തും പതിനഞ്ചും അടിയുള്ള വിഗ്രഹങ്ങളാണ് ഇപ്പോള്‍ ആഘോഷങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത്.

കൂട്ടുകള്‍
പണ്ട് കളിമണ്ണ് ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന വിഗ്രഹങ്ങള്‍ കാലം മാറി തുടങ്ങിയപ്പോള്‍ കാഴ്ചഭംഗിയ്ക്കായി പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ചാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. മാത്രമല്ല വിവിധ വര്‍ണത്തിലുള്ള പെയിന്റുകള്‍ ഉപയോഗിച്ച് ഇവ നിറം പിടിപ്പിക്കുന്നു. വിഗ്രഹത്തിന് മുകളില്‍ ആടയാഭരണങ്ങളും വസ്ത്രങ്ങളും അണിയിക്കുന്നു. ആയിരക്കണക്കിന് നിറം പിടിപ്പിച്ച വിഗ്രഹങ്ങളാണ് ഇന്നേ ദിവസം കടലിലോ പുഴയിലോ ഒഴുക്കാന്‍ പോകുന്നത്.

ചെയ്യുന്നത്
പത്ത് ദിവസത്തെ പൂജയ്ക്ക് ശേഷം വിശ്വാസത്തിന്റെ ഭാഗമായി വിഗ്രഹം കടലില്‍ ഒഴുക്കി പോരുന്നവര്‍ ചിന്തിയ്ക്കാത്ത അല്ലെങ്കില്‍ ചിന്തിക്കാന്‍ ശ്രമിക്കാത്ത ഒരു കാര്യമുണ്ട്. കടലിലേക്ക് തള്ളിവിടുന്ന മാരക വിഷം അല്ലെങ്കില്‍ മാലിന്യത്തിന്റെ കൂമ്പാരം മനുഷ്യരാശിയ്ക്ക് എത്രത്തോളം വിപത്ത് സൃഷ്ടിക്കുന്നു എന്ന്. വിശ്വാസത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികള്‍ എത്രത്തോളം വിപത്തുകള്‍ സൃഷ്ടിക്കുന്നു എന്ന് ബോധപ്പൂര്‍വ്വം മറച്ചു വെയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.

ദുരിതം
കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെ വാക്കുകളില്‍ നിന്നും മനുഷ്യരുടെ വിവരമില്ലായ്്മയെ അളക്കാന്‍ സാധിക്കും. വിനായക ചതുര്‍ത്ഥി ആഘോഷത്തിന് ശേഷം കടലില്‍ ഇറങ്ങുന്ന ഓരോ മുക്കുവന്മാര്‍ക്കും മനസ്സില്‍ ഭയമാണ്. ബോട്ടുകളില്‍ തട്ടുന്ന ഉയരത്തില്‍ കടലില്‍ അടിഞ്ഞു കിടക്കുന്ന വിഗ്രഹങ്ങളെക്കുറിച്ചോര്‍ത്ത്. വിഗ്രഹത്തിനൊപ്പം കടലില്‍ ചേര്‍ന്ന രാസവസ്തുക്കള്‍ മത്സ്യസമ്പത്ത് നശിപ്പിച്ച് കളയുന്നതോര്‍ത്ത്. അവരുടെ ജീവിത മാര്‍ഗം മാത്രമല്ല ആ ഭയത്തില്‍ ഒതുങ്ങി നില്‍ക്കുന്നത്, ഇതെല്ലാം ഭക്ഷിക്കുന്നത് നമ്മളോരുത്തരുമാണ്.

മാലിന്യ കൂമ്പാരം
വര്‍ഷത്തില്‍ ആഘോഷിക്കുന്ന വിനായക ചതുര്‍ത്ഥിയുടെ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിലൂടെ ഒരു നൂറ്റാണ്ടു കാലത്തേക്കുള്ള മാലിന്യമാണ് നമ്മള്‍ സൃഷ്ടിക്കുന്നത്. ഓരോ വര്‍ഷവും കടത്ത വരള്‍ച്ച അനുഭവപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ബാക്കിയുള്ള ജലത്തെ കൂടി അറിഞ്ഞു കൊണ്ട് മലിനപ്പെടുത്താതിരുന്നു കൂടെ...

നിങ്ങള്‍ ചെയ്യേണ്ടത്
മതവികാരത്തെ വ്രണപ്പെടുത്തുന്ന വിശ്വാസങ്ങള്‍ മാറ്റി വെയ്ക്കണം എന്നല്ല ഇതിനര്‍ത്ഥം. രാസവസ്തുക്കള്‍ ചേര്‍ന്ന പെയ്ന്റുകളും പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ കൂമ്പാരവും കടലില്‍ കലക്കാത്തെയുള്ള ആഘോഷങ്ങളിലേക്ക് തിരിച്ച് പൊയ്യ്ക്കൂടെ. ആചാരത്തിന്റെയും അനുഷ്ടാത്തിന്റെയും ഭാഗമായി ആയിരക്കണക്കിന് വിഗ്രഹങ്ങള്‍ ഒഴുക്കണോ... മനുഷ്യന്റെ നിലനില്‍പിന് ആധാരമായ ജലത്തെയും മത്സ്യ സമ്പത്തിനെയും നശിപ്പിക്കാതെ ആഘോഷങ്ങള്‍ നടത്തിയാല്‍ പോരെ...