• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമ്യൂണിസ്റ്റുകള്‍ ഭരിച്ച അഫ്ഗാൻ! ഇന്ന് ചിന്തിക്കാന്‍ ആകാത്ത കാലം; താലിബാൻ പിറന്നതും വളർന്നതും

Google Oneindia Malayalam News

ലോകത്ത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അവശേഷിക്കുന്നത് വിരലില്‍ എണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രമാണിന്ന്. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് അങ്ങനെ ആയിരുന്നില്ല. പലയിടത്തും കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തിലുണ്ടായിരുന്നു. ചിലയിടങ്ങളില്‍ തിരഞ്ഞെടുപ്പുകളിലൂടേയും ചിലയിടങ്ങളില്‍ സായുധന വിപ്ലവങ്ങളിലൂടേയും ആയിരുന്നു കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയത്.

തീവ്രവാദത്തിന്റെ കേന്ദ്രബിന്ദു എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്ന അഫ്ഗാനിസ്ഥാനും ഒരിക്കല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിച്ചതാണ്. ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍. എന്നാല്‍ ആ സര്‍ക്കാരിനും അതിനെ നയിച്ചവര്‍ക്കും നേരിടേണ്ടിവന്നത് വലിയ പ്രതിസന്ധികളും ദുരന്തങ്ങളും ആയിരുന്നു.

1

അഫ്ഗാനിസ്ഥാന്‍ ഭരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേര് പിഡിപിഎ എന്നായിരുന്നു- പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍. 1965 ല്‍ ആയിരുന്നു പിഡിപിഎ സ്ഥാപിതമായത്. മാക്‌സിസ്റ്റ്- ലെനിനിസ്റ്റ് ലൈന്‍ ആയിരുന്നു പിഡിപിഎ സ്വീകരിച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയ മുന്നേറ്റമായിരുന്നു പിഡിപിഎയുടേയും. പക്ഷേ, അഫ്ഗാനിസ്ഥാന്റെ ഭാവി ഇങ്ങനെ ആയിത്തീര്‍ന്നതില്‍ പിഡിപിഎ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും പങ്കുണ്ടെന്ന് പറയേണ്ടിവരും. എന്നാല്‍ അവരായിരുന്നില്ല അതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍.

2

സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ അട്ടിമറിയിലൂടെ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത കാലം. രാജകുടുംബാംഗമായിരുന്നു ദാവൂദ്. മുഹമ്മദ് സഹീര്‍ ഷായുടെ കാലത്ത് പത്ത് വര്‍ഷത്തോളം പ്രധാനമന്ത്രിയും. ഒടുവില്‍ സ്വന്തം ബന്ധുകൂടിയായ മുഹമ്മദ് സഹീര്‍ ഷായെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്റെ ആദ്യ പ്രസിഡന്റ് പദവിയില്‍ ദാവൂദ് ഖാന്‍ ഉപവിഷ്ടനായി. രാജഭരണത്തിന് അന്ത്യവും കുറിച്ചു. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായും സോവിയറ്റ് യൂണിയനുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ദാവൂദ് ഖാന്‍. എന്നാല്‍ പിന്നീട് കമ്യൂണിസ്റ്റുകളെ വേട്ടയാടുന്നതില്‍ മുന്‍പന്തിയിലും ആയി.

2

തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന പാര്‍ട്ടിയായിരുന്നു പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍. സ്ഥാപിതമായ വര്‍ഷം തന്നെ നല് സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സീറ്റുകള്‍ രണ്ടായി കുറഞ്ഞു. അതിന് ഒരു കാരണവും ഉണ്ടായിരുന്നു- അഫ്ഗാനിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയത ആയിരുന്നു കാരണം.

4

ഇന്ത്യയില്‍ സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു. ഉത്പതിഷ്ണുക്കളും, മിതവാദികളും. അതുപോലെ രണ്ട് വിഭാഗങ്ങളായിരുന്നു പിഡിപിഎയിലും ഉണ്ടായിരുന്നത്- ഖല്‍ക്കുകളും പര്‍ച്ചാമുകളും. ഖല്‍ക്കുകള്‍ തീവ്രനിലപാടുകളുള്‍ ഉള്ളവരും പര്‍ച്ചാമുകള്‍ മിതവാദികളും. പിഡിപിഎ നിലനിന്ന കാലത്തെല്ലാം ഈ വിഭാഗീയത അതില്‍ അന്തര്‍ലീനമായിരുന്നു.

5

ദാവൂദ് ഖാന്റെ ഭരണത്തിന്റെ തുടക്കത്തില്‍ മന്ത്രിസഭയില്‍ പോലും പിഡിപിഎ അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഏകാധിപത്യപരമായ നീക്കങ്ങളിലൂടെ അവരെ മിക്കവരേയും ദാവൂദ് ഖാന്‍ പുറത്താക്കി. കമ്യൂണിസ്റ്റുകള്‍ക്ക് നേര്‍ക്കുള്ള ഭരണകൂട അക്രമവും കൊടുമ്പിരിക്കൊണ്ടു. ഇതോടെയാണ് അഫ്ഗാനിസ്ഥാനില്‍ സുപ്രധാനമായ മാറ്റം സംഭവിക്കുന്നത്.

6

കമ്യൂണിസ്റ്റുകളുടേയും സൈന്യത്തിന്റേയും സഹായത്തോടെ ആയിരുന്നു ദാവൂദ് ഖാന്‍ രാജഭരണത്തെ അട്ടിമറിച്ചത്. 1978 ല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍, അഫ്ഗാന്‍ ദേശീയ സൈന്യത്തിന്റെ പിന്തുണയോടെ ദാവൂദ് ഖാനെ പരാജയപ്പെടുത്തി. സൗര്‍ വിപ്ലവം എന്നായിരുന്നു ഈ അട്ടിമറി വിശേഷിപ്പിക്കപ്പെട്ടത്. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി അഫ്ഗാനിസ്ഥാനില്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറി. നൂര്‍ മുഹമ്മദ് തരാക്കിയുടെ നേതൃത്വത്തില്‍ വന്ന സര്‍ക്കാര്‍ അഫ്ഗാനിസ്ഥാന്റെ പേര് 'ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍' എന്നാക്കി.

7

വെറും പത്ത് ശതമാനം മാത്രം സാക്ഷരതയുള്ള ഒരു രാജ്യമായിരുന്നു അക്കാലത്ത് അഫ്ഗാനിസ്ഥാന്‍. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യം നടത്തിയ നീക്കങ്ങളില്‍ ഒന്ന് രാജ്യത്തെ ജനങ്ങളെ സാക്ഷരര്‍ ആക്കുന്നതിനായിട്ടായിരുന്നു. ഭരണവും മതസ്ഥാപനങ്ങളും അത്രയേറെ ഇഴകിചേര്‍ന്ന ഒരു വ്യവസ്ഥിതി ആയിരുന്നു അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നത്. പിഡിപിഎ അതും അവസാനിപ്പിച്ചു. രാജ്യത്തെ ആധുനികവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി.

8

സ്ത്രീകളുടെ ജീവിതം അന്നും അഫ്ഗാനിസ്ഥാനില്‍ ദുരിതമയം ആയിരുന്നു. ഇത് അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത് തരാക്കിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നു. ഇത് കൂടാതെ ആയിരുന്നു ഭൂപരിഷ്‌കരണ നടപടികളും ജന്മിത്തം അവസാനിപ്പിക്കാനുള്ള നടപടികളും. ശരിയത്ത് നിയമം രാജ്യത്ത് അവസാനിപ്പിച്ചു, പുരുഷന്‍മാര്‍ക്ക് താടിവെട്ടുന്നതിന് സ്വാതന്ത്ര്യവും ലഭിച്ചു.

9

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന നീക്കങ്ങള്‍ പുരോഗമനപരമായിരുന്നു. എന്നാല്‍ അഫ്ഗാനിലെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അതിലുപരി, ജനങ്ങളെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ തിരിക്കാന്‍ അഫ്ഗാനിലെ യുദ്ധപ്രഭുക്കള്‍ക്കും മതമൗലിക വാദികള്‍ക്കും സാധിക്കുകയും ചെയ്തു. പതിയെ പതിയെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയരാന്‍ തുടങ്ങി.

10

കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ അതിലും ഭീകരമായിരുന്നു. ഏകോദര സഹാദരങ്ങളെ പോലെ വിപ്ലവം നയിച്ച തരാക്കിയും ഹഫീസുള്ള അമീനും തമ്മില്‍ അധികാരത്തര്‍ക്കം തുടങ്ങി. ഒടുവില്‍ അത് തരാക്കിയില്‍ നിന്ന് അമീന്‍ അധികാരം പിടിച്ചെടുക്കുന്നതിലേയും തരാക്കിയെ വധിക്കുന്നതിലേക്കും വരെ എത്തി. സോവിയറ്റ് യൂണിയന്റെ സമ്പൂര്‍ണ പിന്തുണയുണ്ടെന്ന ധാരണയില്‍ ആയിരുന്നു അമീന്റെ ഈ നീക്കം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

11

1979 ല്‍ തരാക്കിയുടെ കൊലപാതകത്തിന് ശേഷം ആണ് അഫ്ഗാന്റെ ഭാഗധേയം ശരിക്കും മാറാന്‍ തുടങ്ങിയത്. സോവിയറ്റ് യൂണിന്റെ പട്ടാളം അഫ്ഗാനിലെത്തി. സ്‌പെഷ്യല്‍ ഫോഴ്‌സ് ആയ സ്‌പെറ്റനാസ് പ്രസിഡന്റിന്റെ കൊട്ടരത്തിലേക്ക് ഇരച്ചുകയറി. ഹഫീസുള്ള അമീന്‍ കൊല്ലപ്പെട്ടു. അതിന് ശേഷം സോവിയറ്റ് യൂണിയന്‍ ഇടപെട്ട് ബാബ്രക് കര്‍മാലിനെ അഫ്ഗാന്‍ പ്രസിഡന്റ് ആയും പിഡിപിഎയുടെ സെക്രട്ടറി ജനലുമായി വാഴിച്ചു. കര്‍മാലിന് ശേഷമാണ് നജീബുള്ള പിഡിപിഎയുടെ ജനറല്‍ സെക്രട്ടറിയും അഫ്ഗാന്‍ പ്രസിഡന്റും ആകുന്നത്.

12

1986 ല്‍ ആയിരുന്നു നജീബുള്ള പ്രസിഡന്റ് ആകുന്നത്. അപ്പോഴേക്കും ആഭ്യന്തര സംഘര്‍ഷം അതീവരൂക്ഷമായിരുന്നു. റഷ്യന്‍ സേനയും അഫ്ഗാന്‍ സേനയും ഒന്നുചേര്‍ന്ന് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. എതിര്‍പക്ഷത്ത് അമേരിക്കയുടേയും പാകിസ്താന്റേയും പിന്തുണയോടെ അഫ്ഗാന്‍ മുജാഹിദ്ദീനുകള്‍ യുദ്ധം നയിച്ചു. ഇവര്‍ക്ക് സാമ്പത്തികവും സൈനികവും ആയ എല്ലാ സഹായങ്ങളും നല്‍കിപ്പോന്നിരുന്നത് പാകിസ്താന്‍ വഴി അമേരിക്കയായിരുന്നു. സംഘര്‍ഷം രൂക്ഷമാവുകയും അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറുകയും ചെയ്തതോടെ സോവിയറ്റ് യൂണിയന്‍ 1989 ല്‍ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു. എന്നിട്ടും സാമ്പത്തിക, സൈനിക സഹായങ്ങള്‍ നജീബുള്ളയുടെ സര്‍ക്കാരിന് നിര്‍ലോഭം നല്‍കിപ്പോന്നിരുന്നു.

13

1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും പ്രതിസന്ധിയിലായി. പിന്നീട് അധികനാള്‍ നജീബുള്ളയ്ക്കും കൂട്ടര്‍ക്കും പിടിച്ചുനില്‍ക്കാന്‍ ആയില്ല. ഒടുവില്‍ അധികാരമൊഴിയാന്‍ അദ്ദേഹം സന്നദ്ധനായി. അതിന് ശേഷം കാബൂളിലെ യുഎന്‍ ആസ്ഥാനത്ത് അഭയാര്‍ത്ഥിയായി നാല് വര്‍ഷം തുടര്‍ന്നു. ഒടുവില്‍ താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയപ്പോള്‍ നജീബുള്ളയ്ക്ക് നേരിടേണ്ടി വന്നത് കിരാതമായ കൊലപാതകത്തെ ആയിരുന്നു. 1996 സെപ്തംബര്‍ 26 ന് ആയിരുന്നു ഇത്.

cmsvideo
  താലിബാന്റെ സഹായത്തോടെ പ്രസിഡന്റും കുടുംബവും മുങ്ങി | Oneondia Malayalam
  14

  അഫ്ഗാനിലെ പിഡിപിഎ അവരുടെ പേരിനൊപ്പം ഒരിക്കലും 'കമ്യൂണിസ്റ്റ്' എന്ന് ചേര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. സോഷ്യലിസ്റ്റുകള്‍ എന്നും നാഷണല്‍ ഡെമോക്രാറ്റുകള്‍ എന്നുമായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. നജീബുള്ളയുടെ ഭരണത്തിന്റെ അവസാന കാലത്ത് അവര്‍ പാര്‍ട്ടിയുടെ പേര് 'ഹോം ലാന്‍ഡ് പാര്‍ട്ടി' എന്നാക്കി മാറ്റിയിരുന്നു. പാര്‍ട്ടിയുടെ കമ്യൂണിസ്റ്റ് ചിഹ്നങ്ങളും നയങ്ങളും വരെ ആ ഘട്ടത്തില്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. ഹോംലാന്‍ഡ് പാര്‍ട്ടിയായി മാറിയ പിഡിപിഎ 1992 ല്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ ഇല്ലാതാവുകയായിരുന്നു. ചിലര്‍ പുതിയ ഭരണത്തില്‍ പങ്കാളികളായി, മറ്റുചിലര്‍ സായുധ വിപ്ലവ സേനകളില്‍ ചേര്‍ന്നു, ചിലര്‍ രാജ്യം തന്നെ വിട്ടുപോയി.

  English summary
  The Communist Regime in Afghanistan- from Tarkari to Najibullah and the Soviet involvements
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X