മമ്മൂട്ടി കുറുപ്പ് കണ്ടു, നഷ്ടം വന്നാലും തിയേറ്ററില്‍ ഇറക്കുമെന്ന് ദുല്‍ഖര്‍, മരക്കാറിനുള്ള മറുപടി?
കൊച്ചി: മരക്കാര്‍ ഒടിടി റിലീസിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ മറ്റൊരു ചിത്രവും ചര്‍ച്ചയായിരിക്കുകയാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍ ഈ ചിത്രത്തെ കുറിച്ച് പരാമര്‍ശം നടത്തി എന്ന തരത്തില്‍ പ്രചാരണവും നടന്നിരുന്നു. ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി കുറുപ്പ് എന്ന ചിത്രത്തിന്റെ നിര്‍മാതാവും ചിത്രത്തിലെ നായകനുമായ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇനി എന്തൊക്കെ നഷ്ടം സഹിച്ചിട്ടാണെങ്കിലും കുറുപ്പ് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. അതേസമയം നഷ്ടം സഹിച്ച് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനില്ലെന്ന് നേരത്തെ മരക്കാറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയാണോ ഇതെന്ന് ചോദിക്കുന്നവരുമുണ്ട്.

എന്ത് നഷ്ടം സംഭവിച്ചാലും കുറുപ്പ് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ മാധ്യമങ്ങളെ കണ്ട് ഇക്കാര്യം പറയുന്നത് ആദ്യമായിട്ടാണ്. നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തിയേറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം. ഒടിടിക്ക് വേണ്ടി വേറെ തരം സിനിമകള്‍ ഉണ്ടാകുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് കുറുപ്പ് തിയേറ്ററില്‍ എത്തിക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. പിടികിട്ടാപുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ വിവാദത്തിലായിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് ചിത്രം റിലീസിനെത്തുന്നത്.

രണ്ടാം തരംഗത്തിന് ശേഷം തിയേറ്റര്‍ തുറന്ന സമയത്ത് കുറുപ്പ് കേരളത്തിലെ ഗ്രാന്‍ഡ് റിലീസാണ്. ദുല്‍ഖറിന്റെ കരിയറിലെ വന്‍ ബജറ്റ് ചിത്രം കൂടിയാണിത്. 30 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. നേരത്തെ ഒടിടിക്ക് പോകുമെന്ന് കരുതിയ ചിത്രം അവസാന നിമിഷമാണ് തിയേറ്റര്‍ റിലീസിനെത്തിയത്. മമ്മൂട്ടിയും ദുല്‍ഖറും ഇടപെട്ടാണ് ഇത് തിയേറ്ററുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തന്നെ പറഞ്ഞിരുന്നു. മമ്മൂട്ടിക്കും ദുല്‍ഖറിനും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ നന്ദിയും പറഞ്ഞിരുന്നു. നേരത്തെ മമ്മൂട്ടി ഇടപെട്ടായിരുന്നു പ്രീസ്റ്റ് എന്ന ചിത്രവും തിയേറ്ററുകളിലേക്ക് എത്തിയത്.

കൊച്ചിയില്‍ ദുല്‍ഖര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ നിരവധി കാര്യങ്ങളാണ് താരം വെളിപ്പെടുത്തിയത്. കുറുപ്പ് ഇറങ്ങുന്നതിന് മുമ്പ് കണ്ട അപൂര്‍വം വ്യക്തികളിലൊരാള്‍ മമ്മൂട്ടിയാണ്. പൊതുവെ തന്റെ ചിത്രങ്ങല്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായങ്ങളൊന്നും പറയാറില്ല. എന്നാല്‍ ഇക്കുറി അത് പറഞ്ഞുവെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ പ്രേമികളില്‍ പലരും സുകുമാരക്കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ അതിന് ശ്രമിച്ചിട്ടില്ല. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യരുത് എന്നതായിരുന്നു ഞങ്ങള്‍ എല്ലാവരുടെയും പ്രധാന തീരുമാനം. അക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു.

ഒരുപാട് തവണ ചിത്രത്തിന്റെ എഡിറ്റിംഗ് ഒക്കെ നടത്തിയിരുന്നു. അതേസമയം തന്നെ ഇതൊരു വന്‍ ബജറ്റ് സിനിമയാണ്. ആളുകള്‍ക്ക് എന്റര്‍ടെയിനിംഗ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ സിനിമ കാണുമ്പോള്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തതായി തോന്നില്ല. ഒരു ബയോപിക് പോലെയുള്ള സിനിമയാണിത്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ത്ഥ പേരുകളൊന്നും ഉപയോഗിച്ചിട്ടില്ല. കുറുപ്പ് ഒരു സിനിമയായിട്ട് തന്നെ കാണണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. കുറുപ്പിന് വേണ്ടി ഞാന്‍ മറ്റ് സിനിമകളൊന്നും ഒരു വര്‍ഷത്തേക്ക് ചെയ്തിട്ടില്ല. ഒരു രീതിയിലും ഈ ചിത്രത്തിനായി കോംപ്രമൈസ് ചെയ്തിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

അതേസമയം മരക്കാറിന്റെ വിവാദത്തെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മാത്രമാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. വലിയ സിനിമകല്‍ ഒടിടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ല. പക്ഷേ രണ്ട് കൊല്ലത്തോളം ഹോള്‍ഡ് ചെയ്യുമ്പോള്‍, റിട്ടേണുകള്‍ ആ സമയത്ത് തീരെ ലഭിക്കാതെ വരുമ്പോള്‍ അവര്‍ എല്ലാ വഴികളും അന്വേഷിക്കും. വലിയ സിനിമകള്‍ ഒരു ചെറിയ സ്‌ക്രീനില്‍ ആസ്വദിക്കാന്‍ പറ്റുന്നതല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ മാസം 12നാണ് കുറുപ്പിന്റെ റിലീസ്. 450 സ്‌ക്രീനുകള്‍ ചിത്രത്തിനായി നല്‍കിയിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗില്‍ തന്നെ വന്‍ റെക്കോര്‍ഡാണ് ചിത്രത്തിനുള്ളത്. മികച്ച പ്രതികരണം അഡ്വാന്‍സിന് ലഭിച്ചിട്ടുണ്ട്.

ഇതിനിടെ കുറുപ്പിന് മമ്മൂട്ടിയുടെ പ്രമോഷനെ കുറിച്ചും ദുല്‍ഖര്‍ വെളിപ്പെടുത്തി. കുറുപ്പ് സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ഫോണ്‍ അടിച്ചുമാറ്റി താന്‍ തന്നെ ചെയ്തതാണെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തി. ട്രോളുകളെല്ലാം ഞാന്‍ കണ്ടിരുന്നു. വാപ്പച്ചി അറിയാതെ ഞാന്‍ തന്നെ ഫോണ്‍ അടിച്ചുമാറ്റി ചെയ്തതാണെന്നായിരുന്നു ട്രോല്‍. സാധാരണ എന്റെ സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ആരോടും പറയാറില്ല. സ്വയം ചെയ്യാറാണ് പതിവ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്. അതുകൊണ്ട് കൂടെയുള്ളവരോടെല്ലാം ട്രെയിലര്‍ ഷെയര്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. വാപ്പച്ചിയോട് പ്ലീസ് ഈ പടമെങ്കിലും എനിക്ക് വേണ്ടി എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ എടുക്കുവാണേ എന്ന് പറഞ്ഞ് ഷെയര്‍ ചെയ്തതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.












Click it and Unblock the Notifications